Saturday, March 11, 2017

ഇംഗ്ലീഷ് മീഡിയം പൊതുവിദ്യാഭ്യാസത്തിന്റെ ശവക്കല്ലറ


      അധിനിവേശത്തിനെതിരെയുള്ള സമരം പ്രകടനങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോവുന്ന ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുകയാണ്. വാക്കുകളെ അതിന്റെ ജീവിത പരിസരത്ത് ജീവിക്കാൻ അനുവദിക്കാതിരിക്കുകയും ജീവനോടെ അതിനെ പിടികൂടി സ്റ്റഫ് ചെയ്ത് ചില്ലരമാരയിൽ സൂക്ഷിക്കുകയും ചെയ്യുന്ന കപട സമൂഹത്തിന് ഏറെക്കാലത്തേക്ക് നിലനിന്ന് മുന്നേറാൻ സാധിക്കില്ല. വാക്കുകൾ പോരാട്ടത്തിന്റെ ആയുധവും അടയാളവുമായി ഹൃദയത്തിൽ നിന്ന് വെളിച്ചം സ്വീകരിച്ച് ജീവിതത്തോടൊപ്പം സമർപ്പിക്കേണ്ടുന്നവയാണ്. വാക്കിന്റെ അർഥം തിരയുന്നത് സമരത്തിന് ആയുധം തിരയുന്നതിന് തുല്യം തന്നെയാണ്.ജീവിതായോധനത്തിന് ഭാഷ മാത്രമാണ് ആയുധം. അധിനിവേശത്തിനെതിരെയുള്ള സമരത്തിലും ഏറ്റവും കരുത്തറ്റ ആയുധം ഭാഷ തന്നെ .
      പൊതു വിദ്യാലയങ്ങൾ അവിടെ ജോലി ചെയ്യുന്ന അധ്യാപകരെ സംരക്ഷിക്കുന്നതിന് മാത്രമാണെന്ന് തെറ്റിദ്ധരിച്ച അധ്യാപകരും പൊതു സമൂഹവുമാണ് കേരളത്തിലുള്ളത്.പൊതു വിദ്യാഭ്യാസത്തിന്റെ തനിമയും ധർമ്മവും കരിയറിസത്തിന്റെ പ്രചരണ കോലാഹലങ്ങൾക്കിടയിൽ സൗകര്യപൂർവ്വം മാറ്റിവെക്കാൻ നാം വ്യഗ്രതപ്പെടുന്നു. ഭാഷയും സംസ്കാരവും ആർക്കും ആവശ്യമില്ലാത്ത ചരക്കാവുന്നു പണം കേന്ദ്രസ്ഥാനത്ത് നിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ.
     നമ്മുടെ ജീവിത പരിസരത്തു നിന്ന് ജീവിതായോധനത്തിനുള്ള ആയുധങ്ങൾ കണ്ടെത്തുന്നതിന് വ്യക്തികൾക്ക് നൽകുന്ന പരിശീലനമാണ് വിദ്യാഭ്യാസം. മാതൃഭാഷയില്ലാതെ ഒരു വ്യക്തിക്ക് എന്ത് വികാസം .എന്ത് ജീവിതം. അമ്മഭാഷയെ സംരക്ഷിക്കാത്തവരെ വൃദ്ധസദനങ്ങളാണ് കാത്തിരിക്കുന്നത്.
      പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതു തന്നെയാണ്. എന്നാൽ ഇംഗ്ലീഷ് മീഡിയമാണ് എന്ന പൊങ്ങച്ചം പറഞ്ഞ് കുട്ടികളെ ആകർഷിക്കാൻ നോക്കുന്നത് മുതലാളിത്തത്തിനുള്ള കൂട്ടിക്കൊടുക്കൽ മാത്രമാണ്.
" പൊൻപണത്തിന് മാനത്തെ വിറ്റ്
നിൻ വയർ നീ നിറയ്ക്കലോ ബാലേ "
എന്ന വൈലോപ്പിള്ളിയുടെ ചോദ്യം ഇവരോടു തന്നെയാണ്. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ആര് നടത്തിയാലും അതിന്റെ ലാഭം ആഗോള മുതലാളിത്തത്തിനാണ്. കച്ചവട വിദ്യാഭ്യാസം കുട്ടികളുടെ ക്രിയാത്മകതയെ വന്ധീകരിച്ച് അവരെ അടിമയന്ത്രങ്ങളാക്കി പരുവപ്പെടുത്തുകയും ചെയ്യുന്നു.
     പൊതുവിദ്യാഭ്യാസം മാനവ മോചനത്തിന്റെ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമാണ്. സ്വാതന്ത്ര്യ സമരത്തിന് ആയുധം തിരഞ്ഞ ഗാന്ധിജി മനുഷ്യന്റെ മോചനം ലക്ഷ്യം വെക്കുന്ന വിദ്യാഭ്യാസത്തിൽ പഠന മാധ്യമം നിർബന്ധമായും മാതൃഭാഷയായിരിക്കണം എന്ന് നിഷ്കർഷിച്ചത് അതു കൊണ്ട് കൂടിയാണ്.
     മുദ്രാവാക്യങ്ങൾ സൂത്രവാക്യങ്ങളാക്കി ജീവിത കരകൗശലത്തിന് ഉപയോഗപ്പെടുത്തുന്ന സമൂഹമാണ് മലയാളിയുടേത്.പൊതു വിദ്യാഭ്യാസ സംരക്ഷണം അവനവന് വേണ്ടുന്ന തടി മാത്രം സംരക്ഷിക്കുന്ന സൂത്രപ്പണിയായി മാറുന്നുണ്ട്. മാതൃഭാഷയെന്ന പച്ചപ്പിന്റെ വിത്ത് സൂക്ഷിപ്പോടെ വിതയ്ക്കുന്ന പരിസ്ഥിതി പ്രവർത്തനം കൂടിയാണ് പൊതുവിദ്യാഭ്യാസസംരക്ഷണം. സാംസ്കാരികപരിസരത്തിന്റെ ജൈവസത്ത സൂക്ഷിക്കുന്ന ഭാഷയില്ലാത്ത പൊതു വിദ്യാഭ്യാസം ശവക്കല്ലറയ്ക്ക് പുറത്ത് കലാപരമായി കൊത്തിവെച്ച വെറും എഴുത്താണ്.

Friday, March 10, 2017

മാതൃഭാഷയുടെ രാഷ്ട്രീയം


മാതൃഭാഷയും വിദ്യാഭ്യാസവും

     വിദ്യാഭ്യാസത്തിന് വന്ന ഏറ്റവും വലിയ പത്ത് അതിന്റെ കച്ചവടവൽക്കരണമാണ് .വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണത്തിനെതിരെ സമരങ്ങൾ നടക്കുന്നുണ്ടെങ്കിലും കക്ഷി രാഷട്രീയ താൽപര്യങ്ങൾ കാരണം അതിന് മുനയില്ലാത്ത അവസ്ഥയാണ്. വിദ്യാലയങ്ങളെയും വിദ്യാർഥികളെയും അറിവിൽ നിന്നും അന്യവൽക്കരിച്ച് കമ്പോളമെന്ന അറവുശാലയിലേക്ക് വരിവരിയായി നടത്തിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ വിമർശനമുന്നയിക്കാനും സമരം നടത്താനും ആര് തയ്യാറുണ്ട് എന്നത് പ്രസക്തമായ ചോദ്യമാണ്.

     വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം ഒതുങ്ങുന്നു എന്ന് വിശ്വസിക്കരുത്. വാണിജ്യവൽക്കരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെ അനുകരിക്കാൻ മത്സരിക്കുന്ന പൊതു വിദ്യാലയങ്ങളെ വിമർശന വിധേയമാക്കേണ്ടതുണ്ട്.പൊതു വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ വ്യാപകമാവുന്നത് വാണിജ്യവൽക്കരണ രോഗത്തിന്റെ ലക്ഷണങ്ങളിൽ പെടും. പൊതുവിദ്യാലങ്ങളെ ആകർഷകമാക്കി വിദ്യാർഥി പ്രവേശനം കൂട്ടാം എന്നാണ് ബാലിശമായ വാദം. മരുന്നു കുപ്പിയെ ഉപയോഗയോഗ്യമാക്കുന്നത് പുറത്തെഴുതിയ മരുന്നിന്റെ ആകർഷകമായ എഴുത്തല്ലെന്നും കുപ്പിയിലുള്ള മരുന്നാണെന്നും പറയേണ്ട കാര്യമില്ലല്ലോ.
     ഇംഗ്ലീഷ് മീഡിയത്തിന് അനുകൂലമായ വാദങ്ങൾ ഇതൊക്കെയാണ്.
1. ഇംഗ്ലീഷ് ലോകഭാഷയാണ്. ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടാൻ കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ പഠിക്കണം. പഠനശേഷം ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു.
2. ഉപരിപഠനം എളുപ്പത്തിലാവാൻ ഇംഗ്ലീഷ് മീഡിയമാണ് നല്ലത്.
     പഠന മാധ്യമമെന്തായിരിക്കണം എന്നത് സംബന്ധിച്ച വസ്തുതകൾ എന്തൊക്കെയാണെന്ന് പരിശോധിച്ചു നോക്കാം.
     ഔപചാരിക പ്രാഥമിക വിദ്യാഭ്യാസം ജനനം തൊട്ടേ ആരംഭിക്കുന്ന പ്രകൃതി വിദ്യാഭ്യാഭ്യാസത്തിന്റെ തുടർച്ചയാണ്. അതിനാൽ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം കുട്ടിയെ അവന്റെ സ്വാഭാവിക പ്രകൃതത്തോട് ചേർത്തു നിർത്തുന്നു.വിദ്യാലയ പരിസരത്തോട് കുട്ടിയുടെ പ്രതികരണങ്ങൾ സ്വാഭാവികമായിത്തീരുന്നു.
     ഭാഷയാണ് ഒരു സമൂഹത്തിന്റെ സംസ്കാരവും ജീവിതവും അടയാളപ്പെടുത്തുന്നത്. ഒരു വ്യക്തിയുടെ സാമൂഹ്യ ജീവിതം വളർത്തിക്കൊണ്ടു വരുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. സാമൂഹ്യ ജീവിതത്തോട് അന്യം നിൽക്കുന്ന ഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ ജീവിയായ ഒരു വ്യക്തിയെ നല്ല രീതിയിൽ വളർത്തിക്കൊണ്ടു വരാനാവില്ല.
     അറിവന്വേഷണത്തിന്റെ ജൈവസത്ത നിലനിർത്തുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി.ഔപചാരിക വിദ്യാഭ്യാസത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെ. അന്യഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിൽ അറിവന്വേഷണം എന്നത് അപ്രസക്തമാവുന്നു.
     സ്വത്വ നിർമ്മിതിയെ തടസ്സപ്പെടുത്തുന്നു എന്നതാണ് ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിന്റെ വലിയ ദോഷമായി ചൂണ്ടിക്കാട്ടുന്നത്. ഭാഷയും സംസ്കാരവും സ്വത്വ നിർമ്മിതിയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നതിനാൽ അന്യഭാഷയുടെ തടസ്സം സ്വത്വാന്വേഷണത്തിനും തടസ്സമായി വരുന്നു.
     ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാൻ ഇംഗ്ലീഷ് മീഡിയം അനിവാര്യമാണ് എന്ന വാദത്തിലെ സാംഗത്വമെന്താണെന്ന് നോക്കാം. ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്ക് ആദ്യം നഷ്ടപ്പെടുന്നത് മാതൃഭാഷയിൽ പ്രാവീണ്യം നേടാനുള്ള അവസരമാണ്.വീട്ടു ചോറില്ലാത്തവന് വിരുന്നു ചോറുമില്ല എന്ന് പറഞ്ഞതുപോലെ മാതൃഭാഷയറിയാത്തവന് അന്യഭാഷയും നഷ്ടപ്പെടുന്നു.
     ഒരു വ്യക്തിയുടെ ബുദ്ധിയുടെയും ഭാഷയുടെയും പ്രവർത്തനം ഒന്നിച്ചാണ് നടക്കുന്നത്. ഇംഗ്ലീഷ് മീഡിയത്തിൽ ഭാഷ പ്രവർത്തനക്ഷമമല്ലാത്തതിനാൽ ബുദ്ധിയും പ്രവർത്തക്ഷമമാവുന്നില്ല. ഗണിതം, ശാസ്ത്രം എന്നീ മേഖലകളിൽ പ്രതിഭകളെ വളർത്തിക്കൊണ്ടുവരാൻ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിനേ കഴിയൂ എന്ന് ഇത് അടിവരയിടുന്നു.
     കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തിന് നിർണ്ണായക സ്വാധീനമുണ്ട്. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിൽ സാധാരണക്കാരായ രക്ഷിതാക്കൾക്ക് വെറും കാഴ്ചക്കാരായി മാറി നിൽക്കാൻ മാത്രമേ കഴിയൂ. നേരെ മറിച്ച് രക്ഷിതാവിന്റെ ഭാഷയിൽ കൂടിയുള്ള വിദ്യാഭ്യാസത്തിൽ രക്ഷിതാക്കൾക്ക് തന്റെ കുട്ടിയുമായും അധ്യാപകനുമായും നല്ല രീതിയിലുള്ള ആശയവിനിമയം സാധ്യമാവുന്നു. സാർവ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം വെച്ചു കൊണ്ട് സർക്കാരുകൾ പ്രവർത്തിക്കുമ്പോൾ രക്ഷിതാക്കളുടെ പങ്കാളിത്തം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് അനിവാര്യമാകുന്നു. വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം സാർവ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിന് വലിയ തടസ്സമായി മാറുന്നു.
     ഇനി കുട്ടിയുടെ സമഗ്രമായ വ്യക്തി വികാസത്തിന് ഏതു രീതിയിലാണ് മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം സഹായിക്കുന്നു എന്ന് പരിശോധിക്കാം.കുട്ടിയുടെ സംസാരഭാഷയും എഴുത്ത ഭാഷയും തമ്മിലും അർഥവും എഴുത്തും തമ്മിലുള്ള വിനിമയത്തിന്റെ വേഗത ഭാഷാ പഠനത്തിൽ പ്രധാനമാണ്. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ കൂടി നിർവഹിക്കുമ്പോൾ മാത്രമേ വിനിമയം ഫലപ്രദമായി നിറവേറുന്നുള്ളൂ.
     മാതൃഭാഷയിലൂടെയുള്ള പഠനത്തിൽ പുതിയ ആശയങ്ങളുടെ ഗ്രഹണം അപ്പപ്പോൾത്തന്നെ സാധ്യമാകുമ്പോൾ ഇംഗ്ലീഷ് മീഡിയം പഠനത്തിൽ ഭാഷയുടെ പഠനത്തിനായി ആശയഗ്രഹണം മാറ്റിവെക്കപ്പെടുന്നു. ആശയഗ്രഹണം മാറ്റിവെക്കപ്പെടുന്നതിനാൽ കാണാപ്പാഠം ഉരുവിടൽ മാത്രമാവുന്നു പഠനം. മാതൃഭാഷയിലൂടെ പഠിക്കുമ്പോൾ അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള വിനിമയം സ്വാഭാവികമായി നടക്കുന്നതിനാൽ കുട്ടികളുടെ ചിന്താശേഷിയുടെ വളർച്ച അനുസ്യൂതം നടക്കുന്നു. കുട്ടിയുടെ ഭാഷാ ശേഷി വികാസത്തിനും ഇത് സഹായകമാവുന്നു. കുട്ടിയുടെ മാതൃഭാഷയിലെ പ്രാവീണ്യമാണ് രണ്ടാമതൊരു ഭാഷയിൽ മികവുണ്ടാക്കുന്നതിന് കുട്ടിയെ സഹായിക്കുന്നത്.
     അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുന്നതു കൊണ്ടുള്ള പ്രയോജനം അധ്യാപകനുമുണ്ട്. വിദ്യാർഥികളുടെ നിരന്തര മൂല്യനിർണ്ണയനം ഇത് എളുപ്പമാക്കുന്നു. അതിലൂടെ വിദ്യാർഥിയുടെ പഠന തടസ്സങ്ങൾ തിരിച്ചറിയാൻ കഴിയുന്നു.ഇത് അധ്യയനം സുഗമമാക്കുന്നു. ഇംഗ്ലീഷ് മീഡിയം ക്ലാസുകളിൽ ഇത്തരത്തിലുള്ള നിരന്തര മൂല്യനിർണ്ണയം അസാധ്യമാണ്.
     പരിചിതമായ ഭാഷയിലൂടെയുള്ള അധ്യയനം എല്ലാ വിഭാഗം കുട്ടികളിലും ആത്മവിശ്വാസം വളർത്തിക്കൊണ്ടു വരുന്നതിന് സഹായിക്കുന്നു. ആത്മവിശ്വാസമുള്ള കുട്ടികളിൽ പഠനത്തിലുള്ള താൽപര്യം, സർഗാത്മകത, ചിന്താശേഷി, ഭാവനാ ശേഷി എന്നിവ വികസിക്കുന്നതിന് സഹചര്യമുണ്ടാക്കും.കുട്ടികളിൽ നേതൃപാടവവും വളരും.
     ഇംഗ്ലീഷ് മീഡിയം ക്ലാസുകളിൽ ആശയ വിനിമയ ശേഷി കുറവായതിനാൽ കുട്ടികൾ അവിടെ നിശ്ശബ്ദരായി 'അച്ചടക്കത്തോടെ ' ഇരിക്കുന്നു. അറിവിന്റെ ശവപ്പറമ്പുകളായി ക്ലാസ് മുറികൾ മാറുന്നു. കാണാപ്പാഠത്തിന്റെ ഉരുവിടൽ അറിവിന്റെ അന്യവൽക്കരണത്തിനിടയാക്കുന്നു.
     നിലവിലെ പാഠ്യപദ്ധതിക്ക് ആധാരമായിട്ടുള്ള വിദ്യാഭ്യാസ ദർശനങ്ങൾ മാതൃഭാഷയിൽ ഊന്നി നിന്നുള്ള ക്ലാസ് മുറികളെ വിഭാവനം ചെയ്യുന്നു.
     ശിശു കേന്ദ്രിത വിദ്യാഭ്യാസത്തിന്റെ വക്താവായ പെസ്റ്റലോസി, ക്ലാസ് മുറിയിലെ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്ന ജോൺ ഡ്യുയി, ജ്ഞാന നിർമ്മിതിവാദത്തിന്റെ ഉപജ്ഞാതാവായ ജീൻ പി യാഷെ, സഹവർത്തിത പഠനം വികസിപ്പിച്ച വിഗോട്സ്കി, കണ്ടെത്തൽ പഠനം അവതരിപ്പിച്ച എസ്.ബ്രൂണർ, ബുദ്ധിയുടെ ബഹുമുഖം എന്ന സിദ്ധാന്തം അവതരിപ്പിച്ച ഗാർഡ് നർ തുടങ്ങിയ വിദ്യാഭ്യാസ ചിന്തകരുടെയെല്ലാം സിദ്ധാന്തങ്ങളും ദർശനങ്ങളും വിരൽ ചൂണ്ടുന്നത് മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തെയാണ്.
     ഭാവി പൗരന്മാരെ വളർത്തിയെടുക്കാനുള്ള പ്രക്രിയ എന്ന നിലയിൽ വിദ്യാഭ്യാസ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്.ഇന്ത്യൻ ഭാഷകളുടെ പ്രചരണം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയർത്തിക്കൊണ്ടുവരാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചത് പ്രാദേശിക ഭാഷകളുടെ അധിനിവേശത്തിനെതിരായുള്ള ആയുധശേഷി തിരിച്ചറിഞ്ഞത് കൊണ്ടാണ്. വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തെ പ്രതിരോധിക്കുന്നതിന് മാതൃഭാഷ അധ്യയന മാധ്യമമായുള്ള വിദ്യാഭ്യാസത്തിന്റെ പ്രചരണത്തിലൂടെയും പ്രയോഗത്തിലൂടെയും സാധ്യമാണ്. അതിനാൽ ഇംഗ്ലീഷ് മീഡിയത്തിനെതിരായ പോരാട്ടം അധിനിവേശത്തിനെതിരെയുള്ള പോരാട്ടമാണ്.
സഹായം
1. Background paper prepared for the Education for all Global Monitoring Report 2005