Thursday, September 30, 2010

ചക്രം


യാത്രക്കാരനും
യാത്രയയക്കുന്നവനും
യാത്ര
രണ്ടു വണ്ടികളില്‍

ഒരിക്കലും
തമ്മില്‍ മുട്ടാതെ
രണ്ടു പാളങ്ങള്‍

യാത്രക്കാരനും
യാത്രയയക്കുന്നവനും
യാത്ര
രണ്ടു മുറികളില്‍

ഒരിക്കലും
തമ്മില്‍ കാണാതെ
രണ്ടു ഇരിപ്പിടങ്ങള്‍

യാത്രക്കാരനും
യാത്രയയക്കുന്നവനും
യാത്ര
ഒരേ ചക്രത്തില്‍

ഏതുനേരവും
യാത്രക്കാരെയും
യാത്രയയക്കുന്നവരെയും
വഹിച്ച്
യാത്രയുടെ
ചക്രം

Friday, September 17, 2010

മാന്ത്രികന്‍








മൂഞ്ചിക്കുടിച്ച മാമ്പഴത്തിന്റ
അണ്ടി കൊണ്ട്
നീ തീര്‍ത്ത
മഹാമാന്ത്രികവിദ്യയില്‍
കണ്കെട്ടിയിരിക്കുന്നു
ഞാന്‍

വിത്ത് കിളിര്‍ത്ത
നിന്റെ ചോട്
എനിക്ക്
മുഖം കാണാനുള്ള
കണ്ണാടി

നീ നിന്റെ
മന്ത്രവടി
ചുഴറ്റുന്നു

അമ്മമാവിന്റെ അതേ
രൂപഭംഗിയില്‍
നിറയെ കായ്ച്ചു നീ
എന്റെ കണ്മുന്നില്‍

കുട്ടികള്‍
ഈമ്പിക്കളിക്കുന്നു
നിന്റെ മാമ്പഴം

നീ നിന്റെ മന്ത്രവടി
വീണ്ടും ചുഴറ്റുന്നു

മുത്തശിമാവു
കുഞ്ഞുങ്ങള്‍ക്
ജീവിതം പാടിക്കൊടുക്കുന്ന
കാഴ്ച
നിവരുന്നു