Wednesday, March 29, 2023

ഓർമ്മകൾ കവിത മൂളുന്ന കാസർകോടൻ ദിനങ്ങൾ

 (ജി.വിശാഖ് വര്‍മ്മയെഴുതിയ കാസര്‍കോടന്‍ ദിനങ്ങള്‍ എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു)




 കേരളത്തിലെ തെക്കൻ അധികാരികൾ ഇന്നേവരെ കാസർകോടിനെ അഴിമതിക്കാരും ദുർനടപ്പുകാരുമായ ഉദ്യോഗസ്ഥരെ നാടുകടത്താനുള്ള ഇടമായാണ് നോക്കിക്കണ്ടിരുന്നത്.  സവിശേഷമായ സാംസ്കാരികത്തനിമയും ഭൂമിശാസ്ത്രവുമുള്ള ഈ നാടിനെ അതിന്റെ ആത്മാവറിഞ്ഞ്  ഇഷ്ടപ്പെടാനും സ്നേഹിക്കാനും കേരളത്തിന്റെ പൊതു മനസിന് കഴിഞ്ഞിട്ടില്ല. ഭാഷാവൈവിധ്യവും സാംസ്കാരികവൈവിധ്യവും ഭൂവൈവിധ്യവും കാരണം കാസർഗോഡ് ഇന്ത്യയുടെ രൂപകം തന്നെയാണ്.  ഉള്ളറിഞ്ഞ് കാസർഗോഡ് ജീവിച്ച കോളേജ് അധ്യാപകൻ ജി വിശാഖ് വർമ്മയുടെ ആഖ്യാനചാരുത നിറഞ്ഞ ഓർമ്മപ്പുസ്തകമാണ് കാസർകോടൻ ദിനങ്ങൾ.  കന്നട ഭാഷയുടെയും കർണാടക സംസ്ഥാനത്തിന്റെയും സാമീപ്യം  കാരണം കാസർകോടിന്റെ സംസ്കാരം  കേരളത്തിലെ മറ്റു പ്രദേശങ്ങളിലെ സംസ്കാരത്തിൽ നിന്നും ഏത് രീതിയിൽ വേറിട്ടു നിൽക്കുന്നു എന്ന് ഈ പുസ്തകം അടയാളപ്പെടുത്തുന്നു.


  ഗ്രന്ഥകർത്താവ് പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ഓരോ വ്യക്തികളെയും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുമ്പോൾ അവർ ഓരോരുത്തരും വായനക്കാരിലും അനുരണനങ്ങള്‍ ഉണ്ടാക്കുന്നു.  ഓരോരുത്തരും വായനക്കാരുടെ ഹൃദയത്തിലും ഇടം തേടുന്നു.  നിഷ്കളങ്കനായ ഒരു കുട്ടിയായും  ഹൃദയ വിശുദ്ധിയുള്ള ഒരു കാമുകനായും സത്യസന്ധനും കർമ്മ കുശലനുമായ ഒരു അധ്യാപകനായും  ഭ്രാന്തനായ ഒരു യാത്രികനായും  ഗ്രന്ഥകർത്താവ് വായനക്കാരെ ആകർഷിക്കുന്നു.


  സൂക്ഷ്മവും ആഴവും മിഴിവുമുള്ള ഓർമ്മകളുള്ള ഒരു കഥാകൃത്തിന്റെയും കവിയുടെയും കൃതഹസ്തത  ഈ കൃതിയെ സവിശേഷമാക്കുന്നു.  കേരളത്തിലെ സർക്കാർ കലാലയങ്ങളിൽ കാസർകോട് ഗവൺമെൻറ് കോളേജിനുള്ള പെരുമ വേറെ ആരും ഇന്നേവരെ ഇതുപോലെ എഴുതിയതായി അറിയില്ല.  കാസർകോട് ഗവൺമെൻറ് കോളേജിന്റെ ചരിത്രവും സംസ്കാരം ഈ കൃതി രേഖപ്പെടുത്തുന്നു.  കാസർകോട് കോളേജ് രൂപപ്പെടുത്തിയ ഈ പ്രദേശത്തിന്റെ പെരുമ മലയാള സാഹിത്യത്തിൽ ഈ കൃതി അടയാളപ്പെടുത്തുകയും ചെയ്യുന്നു.


 പുറം നാടുകളിൽ നിന്ന് ഈ കലാലയത്തിലേക്ക് എത്തിച്ചേർന്ന് ഈ നാടിന്റെ സവിശേഷതകൾ ഇഷ്ടപ്പെട്ട് ദീർഘകാലം ഇവിടെ ജോലി ചെയ്ത ഒട്ടേറെ പ്രഗൽഭരായ അധ്യാപകരെ ഈ കോളേജ് സംഭാവന ചെയ്തിട്ടുണ്ട്.  കാസർകോടൻ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന അവരില്‍  ഒരാളാണ് പ്രൊഫസർ ശേഷാദ്രി. ശേഷാദ്രി മാഷെക്കുറിച്ച് വാചാലമാവാത്ത ഒരു പുൽക്കൊടിത്തുമ്പ് പോലും കാസർകോട് പരിസരത്ത് ഉണ്ടാവില്ല.  മഹാഗുരുക്കന്മാര്‍ക്ക് വാക്കുകൾ കൊണ്ട് സ്മാരകം നിർമ്മിക്കുന്നു ഈ കൃതി.


 കുഞ്ഞുമാവ് കട്ട  എന്നും കുഞ്ഞിമാവിന്റടി എന്നും അറിയപ്പെട്ടിരുന്ന ഈ പ്രദേശം ഗവൺമെൻറ് കോളേജ് സ്ഥാപിതമായതിനുശേഷം പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി ആണ് വിദ്യാനഗർ എന്ന് നാമകരണം ചെയ്യുന്നത്.  മാവുകളും പ്ലാവുകളും തേക്ക് മരങ്ങളും തുടങ്ങിയ മഹാമരങ്ങൾ കോളേജിന്റെ മുറ്റത്തെയും ക്യാമ്പസിനെയും സമ്പന്നമാക്കുന്നുണ്ട്.  കോളേജ് കാമ്പസിലെ ഓരോ ഇടവും ഒരു മഹാമരത്തിന്റെ ചില്ലകൾ ആയി ഈ പുസ്തകത്തിലൂടെ തണൽ വിരിക്കുന്നു.


ഈ പുസ്തകം കാസർകോടിനെ കുറച്ചു മാത്രമുള്ള പുസ്തകമല്ല.  കാസർകോടിനോട് ചേർന്നു നിൽക്കുന്ന കർണാടകത്തെയും കന്നടഭാഷയെയും പ്രണയിച്ച ഒരു കാമുകന്റെ ഡയറിക്കുറിപ്പുകൾ കൂടിയാണ്.  ഒഴിവു കിട്ടുന്ന നേരത്തെല്ലാം ഭ്രാന്തമായ ആവേശത്തോടെ മാംഗ്ലൂരേക്കും കർണാടകഗ്രാമങ്ങളിലേക്കും എഴുത്തുകാരൻ സഞ്ചരിക്കുന്നു.  മംഗലാപുരത്തേക്കുള്ള പാസഞ്ചർ തീവണ്ടികളോടുള്ള  ഗ്രന്ഥകാരന്റെ ഹൃദയബന്ധം കവിതയായി ഇതിൽ വായിക്കാവുന്നു. കാസര്‍കോട്ടേക്കുള്ള ഏകതീവണ്ടിയായിരുന്ന മലബാര്‍ എക്സ്പ്രസിനെക്കുറിച്ചും കാവ്യാത്മകമായ വിവരണങ്ങള്‍ ഇതിലുണ്ട്.


  വിദ്യാർത്ഥിയായും അധ്യാപകനായും  കലാലയ അനുഭവങ്ങളിലൂടെ കടന്നുപോയവർക്കും ആ അനുഭവത്തിന് ഭാഗ്യം ലഭിക്കാത്തവർക്കും ഗൃഹാതുരതയുണ്ടാക്കുന്ന( കാസർകോടൻ ഭാഷയിൽ പൊഞ്ഞേറ്) സവിശേഷകൃതിയാണ് കാസർകോടൻ ദിനങ്ങൾ.


 പ്രസാധകർ: ചെമ്പരത്തി പ്രസാധനം,  കാഞ്ഞങ്ങാട്.