Tuesday, July 19, 2011

ഒരു മഴത്തുള്ളിയുടെ ഹൃദയപ്രപഞ്ചം വെളിച്ചപ്പെടുന്നു



 
  അജ്ഞാതമായ മനസ്സിലേക്ക് അലഞ്ഞ് തിരിഞ്ഞ് മേഞ്ഞിരുന്ന കാലത്തെന്നോ ഞാന്‍ പെയ്തിറങ്ങിയിരുന്നു. കാലം തീരുവോളം ശരീരം മാറി മാറി എന്നെ പെയ്യാന്‍ ഒരു മനസ്സ്.ചൂടും തണുപ്പും മാറി മാറി എന്റെ ശരീരത്തെ പുതപ്പിക്കുന്നു.
     ചില്ലുജനാലേ നിന്റെ ശരീരം എന്റെ മനസ്സിന്റെ അതേ നിറത്തിലാണല്ലോ. നിന്നെക്കാണുമ്പോള്‍ എന്നില്‍ ഞാന്‍ നിറഞ്ഞു മഴയുന്നുവല്ലോ.
     ഘടികാരമേ എന്റെ ഹൃദയത്തിന്റെ പ്രപഞ്ചതാളം നിനക്കാരാണ് സമ്മാനിച്ചത്. നിന്റെ സങ്കടങ്ങള്‍ക്ക് സംഗീതം നല്‍കി എനിക്കു മതിയാവുന്നീലല്ലോ.
     കുഞ്ഞാലിലേ ഏതു പ്രളയത്തിലും എന്റെ പ്രതീക്ഷയുടെ കുഞ്ഞുങ്ങള്‍ക്ക് നീ തൊട്ടിലും നിന്റെ താരാട്ടും. പ്രളയങ്ങളായ പ്രളയങ്ങള്‍ക്കെല്ലാം ഗര്‍ഭം ധരിക്കാന്‍ എന്റെയുള്ളം.എന്റെ ഹൃദയത്തിനുള്ളില്‍ കാലം പിറക്കാനുള്ള ഊഴം കാത്ത് കഴിയുകയാണല്ലോ. എത്ര വളര്‍ന്നിട്ടും പ്രപഞ്ചത്തിന് എന്റെ തോട് പൊളിച്ച്പുറത്തിറങ്ങാന്‍ കഴിയുന്നീലല്ലോ.
     പറഞ്ഞു തീരാത്ത വാക്ക് എന്റെ ശരീരത്തിലാണൂറിക്കൂടി ശരീരമെടുക്കുന്നത്. അവ്യക്തമായ വേദനകള്‍ എന്നെ കെട്ടിപ്പിടിച്ചാണ് കരയുന്നത്.
     കരയാന്‍ പോലും നേരമില്ലാതെ ദുരിതം പേറുന്നവന് ഞാന്‍ പെയ്തു തന്നെ കുട പിടിക്കുന്നു.
     നല്ല കാലത്തിനായി കുരിശില്‍ കിടന്നു കരഞ്ഞവനേ നിന്റെ സ്വപ്നങ്ങള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ എനിക്കിതു വരെയുമായില്ലല്ലോ.
ആയിരങ്ങളുടെ കിനാവുകളിലേക്ക് തീമഴയായി പെയ്തിട്ടും ആ കണ്ണീരിന്റെ ആവി തണുക്കുന്നില്ലല്ലോ. അവന്റെ കണ്ണീര്‍ ദൈവത്തിന്റെ കിനാവു കാണുന്ന കണ്ണും പൊട്ടിച്ചുവല്ലോ.
     മയിലേ, ജീവന്റെ ഉണ്മ ഹര്‍ഷം ചൂടി എത്ര കാലമായി നീ ഉന്മാദിനിയാവുന്നു.നിന്റെ നൃത്തത്തിന് ഉടുപ്പണിഞ്ഞ പീലികള്‍ പ്രണയിനികളുടെ ഹൃദയപുസ്തകത്തില്‍ ആകാശം കാണ്‍കെ ആയിരമായി പെരുകുന്നുവല്ലോ. ഓരോ പീലിയുടെയും കണ്ണ് എന്റെ നേര്‍ക്കെന്ന് ഞാനറിയുന്നുവല്ലോ.
     കല്‍പ്പടവേ, കരേറുന്നവന്റെ ചവിട്ടേല്‍ക്കിലും നീയവന്റെ വിയര്‍പ്പുപാദം മുത്തുമ്പോള്‍ ആദിയായ ഓരോ കാലൊച്ചയും ജീവസംഗീതമായി എന്നിലൂറുന്നു.
     പിറവിക്ക് പ്രാര്‍ത്ഥിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണീര്‍ ഞാന്‍.വന്ധ്യമേഘങ്ങളുടെ കാറ്റിനോടുള്ള പ്രാര്‍ത്ഥനയിലെ ദൈവം ഞാന്‍.
     കാണാതായവരെ കാത്ത് കാലത്തിന്റെ അങ്ങേ വിദൂരം നോക്കി നോക്കിയിരിക്കുന്നവരുടെ കണ്ണില്‍ പൊടിഞ്ഞ രക്തം ഞാന്‍.
ഇരുട്ടിന്റെ കുപ്പായമിട്ടു വരുന്ന തിരിച്ചറിവില്ലാത്ത ഒച്ചകളെ വിരുന്നൂട്ടി കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന ഭ്രാന്തന്റെ നിലവിളി ഞാന്‍.

     ഉപേക്ഷിക്കപ്പെട്ടവന്റെ അനാഥത്വത്തിന് ആകാശം മേല്‍ക്കൂര കെട്ടുമ്പോള്‍ അവന്റെ നിസ്സഹായതയ്ക്ക് താരാട്ട് കൂടിയവന്‍ ഞാന്‍.
     തിരസ്കൃതന്റെ കുനിഞ്ഞശിരസ്സ് പാതാളമോക്ഷത്തിന് പാദം കാക്കുമ്പോള്‍ അവന് ഹൃദയാകാശം കണ്ണാടി കാട്ടിയവന്‍ ഞാന്‍.
പറയാതെ വിങ്ങുന്ന വാക്കുകളുടെ ആവി ഞാന്‍. പെയ്യാന്‍ മേഘത്തിന്റെ ചിറകു കിട്ടാതെ അലയുന്ന ആത്മാവ്.
    അനാദിയില്‍ പിറവി കൊണ്ട ജീവകണത്തിന്റെ അനന്തമായ കരച്ചില്‍ ഞാന്‍.
     സങ്കടക്കടലേ, കാലം തീരുവോളം ജീവന്റെ പെയ്ത്തു് തുടരണെ എന്ന കൈയുയര്‍ത്തിയുള്ള നിന്റെ പ്രാര്‍ത്ഥന എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട്.
     നിന്റെ പ്രാര്‍ത്ഥന തീര്‍ത്ത മനസ്സ് ഞാന്‍.
     മോഹാകാശമേ, എന്റെ സങ്കല്പങ്ങള്‍ക്ക് ചായം തേയ്ക്കാന്‍ ഒഴിച്ചിട്ട തിരശ്ശീല നീ.കാലവര്‍ഷത്തിന്റെ ഗര്‍ഭപ്പുര.എന്റെ കിനാവുകള്‍ക്ക് ശയ്യ.
ഞാന്‍ അനാദിയില്‍ വെളിച്ചപ്പെട്ട ശബ്ദം.യുഗാന്തരങ്ങളിലെ ജീവന്റെ സംഗീതസ്വരം.
     ജീവനാമം വരച്ചിട്ട ഓരോ മണല്‍ത്തരിയെയും എനിക്കോര്‍മ്മയാവുമ്പോള്‍ ഘടികാരമുനയില്‍ കാലം ഒരു നിമിഷം പോലെ ചെറുതായി ഹൃദരത്തില്‍ തറയ്ക്കുന്നു.ദൈവം ഒരു ജീവകണമായി ഹൃദയത്തില്‍ വിലയിക്കുന്നു.
     പൊരുള്‍ തേടുന്നവന്റെ അറ്റമില്ലാത്ത പാത ഞാന്‍.

2004