Friday, July 20, 2012

കെട്ട്



വനനശീകരണവും
പൂഴിവാരലുമൊന്നുമല്ല
കനിവുണങ്ങിയ
കണ്ണീര്‍പ്പാടായി
എന്നെ മാറ്റിത്തീര്‍ത്തത്

കെട്ടിയുയര്‍ത്തിയ
തടയണകള്‍
സ്വാര്‍ഥം മാത്രം
നട്ടുനനയ്ക്കാന്‍
എന്നെയൂറ്റിയതുകൊണ്ടാണ്

ഒഴുകിയെത്തേണ്ടിയിരുന്ന
തീരങ്ങളുടെ
തളിര്‍ക്കനവ്
നനവെത്താതെ
മുരടിച്ചു

പെയ്തുകുതിക്കാത്ത
കിനാമുകിലുകള്‍ക്ക്
പക്ഷെ
ചരിത്രപുസ്തകത്തിലിടമില്ല

നനയെത്താതെ
കൂമ്പടഞ്ഞ വിത്തും,
വിടരും മുന്‍പേ
ഇറുക്കപ്പെട്ട
പൂമൊട്ടും,
സഫലമാവും മുന്‍പേ
കാറ്റത്തടര്‍ന്ന
കണ്ണിമാങ്ങയും,
അതില്‍
ആമുഖമോ
അനുബന്ധമോ
ആവുന്നില്ല

പുഴയുടെ വഴി
ജീവിതത്തിന്റെ
ഗതിയായതിനാല്‍
ഒഴുകുംപുഴയെഴുതിയത്
മാത്രം ചരിത്രം

കെട്ടിയപുഴ
കെട്ട് കെട്ട്
ചവറ്റുകൊട്ടയില്‍
അഴിയുന്നു