Thursday, October 13, 2016

ഒരു ഗസ്റ്റ് അധ്യാപകന്റെ ഗണിതയജ്ഞം


    ഒടയഞ്ചാലില്‍ നിന്നും ഓട്ടോറിക്ഷ കോടോത്തേക്കുള്ള കയറ്റം ഒച്ച വെച്ച് കയറുകയാണ്.ഓര്‍മ്മകള്‍ ചിലത് കാടുമൂടിയിട്ടുണ്ട്.ചിലത് ഉണങ്ങി വീണിട്ടുണ്ട്.ചിലത് കുന്നോടെ അപ്രത്യക്ഷമായിട്ടുണ്ട്.കോടോത്തെ ഓര്‍മ്മകള്‍ പതിനഞ്ചുവര്‍ഷം പിന്നിടുന്നു.

സ്ക്കൂള്‍ പ്രവേശനകവാടം
   2000ലാണ് കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹൈസ്ക്കൂള്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെടുന്നത്.വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫിന്റെ ആദ്യലിസ്റ്റില്‍ സ്ക്കൂളുണ്ടായിരുന്നില്ല.ലിസ്റ്റ് വിവാദമായി.പുതിയ ലിസ്റ്റിട്ടു.അതിലാണ് കോടോത്തിന് നറുക്ക് വീണത്.

   1999 ലാണ് കാസര്‍ഗോഡ് ഗവ.കോളേജില്‍ നിന്നും എന്റെ ഗണിതശാസ്ത്രം ബിരുദാനന്തരബിരുദം പൂര്‍ത്തിയാവുന്നത്.അധ്യാപകന്റെ വേഷം അതിനും വളരെ മുമ്പേ അണിയേണ്ടി വന്നിരിരുന്നു.നീലേശ്വരത്തെ പ്രതിഭാകോളേജ് പിളര്‍ന്നപ്പോള്‍ 'നീലേശ്വരം പ്രതിഭാ' എന്നൊരു സ്ഥാപനമുണ്ടായിരുന്നു.1996 ഡിസമ്പറില്‍ ബി.എഡ് പഠനം കഴിഞ്ഞ സമയം.ബി.എസ്.സി ഗണിതശാസ്ത്രത്തിലെ സബ്സിഡിയറി വിഷയമായ മാത്തമാറ്റിക്കല്‍ ഇക്കണോമിക്സിന് അധ്യാപകരെ കിട്ടാനില്ല.കിഴക്കന്‍ കൊഴുവലിലെ എന്‍.എസ്.എസ് ഓഡിറ്റോറിയം വാടകയ്ക്കെടുത്താണ് കോളേജ് നടത്തിയത്.മത്സരത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ കോളേജ് ഊര്‍ധ്വശ്വാസം വലിക്കുന്ന സമയം.കോളേജ് ആ വര്‍ഷം തന്നെ പൂട്ടി.പക്ഷെ എന്റെ യജ്ഞം തുടര്‍ന്നു.

    മധ്യവേനലില്‍ നീലേശ്വരം മന്ദംപുറത്ത് കാവിനടുത്തുള്ള വിവേകാനന്ദ കോളേജില്‍ ചേക്കേറി.ജൂലൈ മാസം അട്ടേങ്ങാനം ഗവ.ഹൈസ്ക്കൂളില്‍ എംപ്ലോയ്മെന്റ് നിയമനം.മൂന്നു മാസം കഴിഞ്ഞപ്പോള്‍ പി.എസ്.സി നിയമനം വന്നപ്പോള്‍ ജോലി തെറിച്ചു.കാസര്‍ഗോഡ് ഗവ.കോളേജില്‍ എം.എസ്.സി ക്ക് സീറ്റൊഴിവ് വന്നപ്പോള്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ വിദ്യാര്‍ഥി ജീവിതം.പഠനത്തിനിടയില്‍ കോളേജിനടുത്തുള്ള നാസന്റ് കോളേജില്‍ അധ്യാപകവേഷം.

    കോളേജ് പഠനം കഴിഞ്ഞപ്പോള്‍ യജ്ഞം 24 മണിക്കൂറുമായി.ഞായര്‍ മുതല്‍ ഞായര്‍ വരെ.നീലേശ്വരം ഗവ.ഹോമിയോ ആസ്പത്രിക്കടുത്തുള്ള പ്രതിഭാ കോളേജ്,തളിപ്പറമ്പിലെ നാഷണല്‍ കോളേജ്,കാസര്‍ഗോഡ് വിദ്യാനഗറിലുള്ള ടാഗോര്‍ കോളേജ്. ആഴ്ചയില്‍ രണ്ടുദിവസം ധര്‍മ്മശാലയിലുള്ള കണ്ണൂര്‍ ഗവ.എഞ്ചിനീയറീംഗ് കോളേജില്‍ പാര്‍ട് ടൈം ബി.ടെക്കിന് ഇവനിംഗ് ക്ലാസ്.ക്ലാസ് കഴിഞ്ഞ് സുഗന്ധി ബസില്‍ നീലേശ്വരം മാര്‍ക്കറ്റിലിറങ്ങിയിട്ട് തട്ടാച്ചേരി വീട്ടിലെത്തുമ്പോള്‍ പത്തര കഴിയും.പക്ഷെ വിശ്രമമില്ല.പിറ്റേന്നത്തെ പി.ജി.ക്ലാസിനുള്ള ടോപ്പോളജി പഠിക്കണം.ഗണിതയജ്ഞം തന്നെ.വയറ്റുപ്പിഴപ്പിന്.

     വരുമാനസാധ്യത കൂടുതല്‍ കണ്ട് ഹയര്‍ സെക്കന്ററി സ്ക്കൂളുകളിലെ ഗസ്റ്റ് അധ്യാപകജോലിക്ക് പിന്നീട് ശ്രമിച്ചു.തുടരന്‍ ഇന്റര്‍വ്യുകള്‍.കടുത്ത മത്സരം തന്നെ.യാത്രാസൌകര്യം കുറഞ്ഞ സ്ക്കൂളുകളില്‍ കുറച്ചു കൂടി സുരക്ഷിതമാണ് എന്ന കണക്കു കൂട്ടലില്‍ പടന്നക്കടപ്പുറത്തും കോടോത്തും നിലയുറപ്പിച്ചു.ഈരണ്ട് ദിവസം.ബാക്കിയുള്ള രണ്ട് ദിവസം പ്രതിഭാ കോളേജ്, നാഷണല്‍ കോളേജ്.കാസര്‍ഗോഡ് ഗവ.കോളേജില്‍ ഗസ്റ്റിനെ വിളിച്ചപ്പോള്‍ പടന്നക്കടപ്പുറം ഒഴിവാക്കി.കോടോത്ത് മാറാപ്പില്‍ തന്നെ തൂങ്ങി.
ഒടയഞ്ചാലില്‍ നിന്നും ജീപ്പിനാണ് കോടോത്തേക്ക് യാത്ര.പിറകിലെ ചവിട്ടു പടിയില്‍ തൂങ്ങിപ്പിടിച്ചാണ് യാത്ര.നല്ല ക്ലേശമുണ്ട്.എങ്കിലും കോടോത്തിന്റെ പിടി വിട്ടില്ല.

     വീട്ടില്‍ നിന്ന് മാറിത്താമസിച്ച് പഠിക്കണം എന്ന് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ആഗ്രഹമുണ്ടായിരുന്നു.വയനാട് കണിയാമ്പറ്റയാണ് ബി.എഡിന് ആദ്യം അഡ്മിഷന്‍ കിട്ടിയത്.പ്രായമായ അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി കാസര്‍കോട്ടെ അഡ്മിഷന്‍ വരുന്നത് വരെ കാത്തു നിന്നു. എന്നാല്‍ കോടോത്തെ 'സര്‍വ്വകലാശാല' താമസിച്ചു 'പഠിക്കാനുള്ള എന്ന ജീവിതാഭിലാഷം സാധിച്ചു തന്നു.

     പുതിയ ഭൂഖണ്ഡങ്ങള്‍ തേടിയുള്ള കപ്പല്‍ യാത്രയായിരുന്നു.കപ്പല്‍ കോടോത്ത് നങ്കൂരമിട്ടു.യാത്രക്കിടെ പല ഭൂഖണ്ഡങ്ങളില്‍ നിന്നും സംഘത്തിലെത്തിയവര്‍.ബാബു,അരവിന്ദാക്ഷന്‍,ഗോപിനാഥന്‍, 
ബിജുരാജ്,സദാശിവന്‍,സുമേഷ്,...

    സൌഹൃദത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും.

      ആദ്യത്തെ രണ്ട് വര്‍ഷം അവിടെ ഹയര്‍ സെക്കന്റരിയില്‍ സ്ഥിരാധ്യാപകരാരും ഉണ്ടായിരുന്നില്ല.ഹെഡ്മാസ്റ്റര്‍ക്കാണ് പ്രിന്‍സിപ്പലിന്റെ ചാര്‍ജ്.പിന്നീട് മടിക്കൈ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നിന്നും സ്ഥലം മാറി തോമസ് മാഷ് വന്നു.പി.ടി.എ പ്രസിഡന്റ് ശങ്കരേട്ടന്‍ സ്ക്കൂളിന്റെ സ്വന്തമാണ്.സഹായികളായി സ്ക്കൂളിന് സമീപത്തെ പോസ്റ്റാഫീസിലെ മാധവേട്ടനും തമ്പാനേട്ടനും.
സ്ക്കൂളിന് താഴെ വയല്‍ക്കരയിലാണ് കോടോത്ത് ഭഗവതി ക്ഷേത്രം.അതിനും ഉയരങ്ങളില്‍ നാട്ടുകാര്‍ സ്ക്കൂളിനെ പണിതു.
കോടോത്തെ പ്രകൃതിദൃശ്യം.കോടോത്ത് ഭഗവതി ക്ഷേത്രം വയലിനോട് ചേര്‍ന്ന് കാണാം.



     അധ്യാപകര്‍ താമസിക്കാനായി ആശ്രിച്ചിരുന്നത് ശങ്കരേട്ടന്റെ വാടകവീടുകളായിരുന്നു.പഴക്കം ചെന്ന മൂന്ന് ചെറിയ വീടുകള്‍ മുട്ടിയുരുമ്മിയാണ് നില്പ്.നാമമാത്രമായ വാടക.ഹയര്‍ സെക്കന്ററി വന്നപ്പോള്‍ അവയിലൊന്ന് ഹയര്‍ സെക്കന്ററി ഗസ്റ്റ് അധ്യാപകരുടെതായി.സ്ക്കൂളില്‍ നിന്നും ഒന്നര കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായാണ് ഈ വീടുകള്‍.റെയിന്‍ബോ ക്ലബ്ബ്,കമ്യുണിറ്റി ഹാള്‍,ക്രിസ്റ്റ്യന്‍ പള്ളി എന്നിവ വാടകവീടിന് സമീപത്താണ്.അനുബന്ധമായി കുളം.പിന്നെ കണ്ണേട്ടന്റെ ചായപ്പീടിക.

     ജീവിതം പെരുങ്കളിയാട്ടമായി.കോടോത്ത് പ്രപഞ്ചത്തിന്റെ ഒത്ത കേന്ദ്രമായി.അസ്തമയമില്ലാത്ത ദിനങ്ങള്‍.

    ചിലദിവസങ്ങളില്‍ സ്ക്കൂള്‍ സ്റ്റാഫ് മുറിയില്‍ തന്നെ കിടന്നുറങ്ങും.നേരം വെളുക്കും വരെ നക്ഷത്രങ്ങള്‍ നോക്കിക്കിടക്കാന്‍ സ്റ്റാഫ് മുറിക്ക് മുന്നില്‍ മൈതാനം.മൈതാനത്തു നിന്ന് വടക്ക് ഭാഗത്ത് നോക്കിയാല്‍ കുറ്റിക്കോല്‍ മലനിര.കിഴക്കും മലനിരകളുടെ കാഴ്ച തന്നെ.നേരം വെളുക്കുമ്പോള്‍ കോട മഞ്ഞില്‍ മൂടിയിരിക്കും കോടോത്ത് സ്ക്കൂളും പരിസരവും .
പ്രഭാതത്തില്‍ കോടമഞ്ഞ് പുതച്ചു നില്‍ക്കുന്ന കോടോത്ത്


      രാത്രിയായാല്‍ നക്ഷത്രങ്ങള്‍ മിന്നുന്നത് പോലെ കുന്നിന്‍ പുറത്ത് ബള്‍ബുകള്‍ മിന്നും.ഇത്തിരിവെട്ടങ്ങള്‍ ഈ പ്രപഞ്ചത്തില്‍ ആരും തനിച്ചല്ലെന്ന് പഠിപ്പിച്ച് തരുന്നു.

     ശമ്പളമില്ലാതെ രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടു.പ്രശ്നം പരിഹരിക്കാന്‍ അസോസിയേഷന്‍ പ്രവര്‍ത്തനം.പണിമുടക്ക് സമരം.2001 ഒക്ടോബര്‍ മാസത്തിലായിരുന്നു സമരം.ഒരാഴ്ച നീണ്ടു.സമരം പരിഹാരമല്ലെന്ന് ബോധ്യം വന്നപ്പോള്‍ പിന്‍വലിക്കുകയായിരുന്നു.

     2002 ഫെബ്രുവരിയില്‍ ശമ്പളത്തിനുള്ള ഉത്തരവിറങ്ങി.ഏപ്രില്‍ മാസത്തിലാണ് ശമ്പളത്തിനുള്ള ഓഫിസ് രേഖകളില്‍ ഹെഡ്മിസ്ട്രസ് ലൂസി ടീച്ചറുടെ ഒപ്പു വാങ്ങാന്‍ എടപ്പാളില്‍ അവരുടെ വീട്ടീലേക്ക് പോകേണ്ടി വന്നിരുന്നു.രാത്രി മലാബാര്‍ എക്സ്പ്രസിലായിരുന്നു യാത്ര.ബാബു,രഘു എന്നിവര്‍ക്കൊപ്പം.കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനു സമീപത്തെ ലോഡ്ജിലായിരുന്നു രാത്രി തങ്ങിയത്.ഒട്ടേറെ യാത്രകള്‍ക്ക് അത് നാന്ദിയായി.

    ഓണാവധിക്കാലത്ത് നെല്ലിയാമ്പതിയിലേക്ക് ചോയ്ച് ചോയ്ച് നടത്തിയ യാത്ര.രാമചന്ദ്രന്‍ മാഷ് തന്റെ പുതിയ അംബാസിഡര്‍ കാര്‍ 'അമ്മ' യാത്രയ്ക്കായി വിട്ടു തന്നു.സാരഥി അജയനെയും.ബാബു,ബിജു,ഗോപി,സുമേഷ്,സദാശിവന്‍ എന്നിവര്‍ക്കൊപ്പം കാനന്‍ കാമറയുടെ കണ്ണുമായി ഞാനും.തലശ്ശേരി കോട്ട,ലോകനാര്‍ കാവ്,തച്ചോളി ഒതേനന്‍ അമ്പലം,തുഞ്ചന്‍ പറമ്പ്,കിള്ളിക്കുറിശ്ശി,തിരുവില്വാമല,തിരുന്നാവായ.കുത്തന്നൂരിലെ പ്രഭാത് ടാക്കീസിലായിരുന്നു രാത്രിവാസം.പ്രഭാത് ടാക്കീസിലെത്തുമ്പോള്‍ രാത്രി ഷോ നടക്കുകയായിരുന്നു.ഷോ കഴിയുന്നതു വരെ കാത്തു നിന്നു.ശേഷം പുലരും വരെ വെള്ളിത്തിരയ്ക്കു താഴെ മലയാളത്തിലെ നിത്യഹരിതഗാനങ്ങളുടെ ദൃശ്യാവിഷ്കാരം.
സുരേന്ദ്രന്‍ കുത്തന്നൂരിന്റെ വീടായ 'അനാമിക'യില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ചതിനു ശേഷം നെല്ലിയാമ്പതിയിലേക്ക് യാത്ര തിരിച്ചു.സീതാര്‍കുണ്ട് മുനമ്പു വരെ 'അമ്മ'യും മക്കളും പാഞ്ഞു.

   റാണിപുരത്തെ നിലാവുത്സവമാണ് അടുത്തത്.ഉത്സവത്തിന് പശ്ചാത്തലസംഗീതമായി ആനയുടെ ചിന്നംവിളി.പച്ച ഒറ്റനിറമല്ല എന്ന് കാട് പാടി.നൃത്തമാടി.

     പച്ച പിന്നെയും വിളിച്ചു.കാട്ടിലേക്ക് തന്നെ വീണ്ടും യാത്ര.
റാണിപുരം


     ഹയര്‍ സെക്കന്ററിയുടെ ആദ്യ പഠനയാത്ര വയനാട്ടിലേക്കായിരുന്നു.തോമസ് മാഷും മന്മഥന്‍ മാഷുമായിരുന്നു നേതാക്കള്‍.ശിഷ്യരായി എന്നോടൊപ്പം ബാബു,ഗോപി,ബിജുരാജ്,ലതമോള്‍,അനിത,ഷീന എന്നിവരും.സുരേന്ദ്രന്‍ കുത്തന്നൂരിന്റെ സുഹൃത്തായ പുല്പള്ളിയിലെ എം.ഗംഗാധരന്‍ മാഷായിരുന്നു യാത്രയിലെ വഴികാട്ടി.യാത്രയുടെ രൂപരേഖ തയ്യാറാക്കാന്‍ ഗംഗാധരന്‍ മാഷ് സഹായിച്ചു.തിരുനെല്ലി ഗസ്റ്റ് ഹൌസിലായിരുന്നു ഒന്നാം ദിവസം രാത്രിതാമസം.പുല്പള്ളി ഡയറ്റില്‍ രണ്ടാംദിവസവും.
മാനന്തവാടി പുഴയോരത്തേക്ക് ബസ്സിറിക്കിയതിനു ശേഷം തിരിച്ച് റോഡിലേക്ക് കയറുമ്പോള്‍ ബസ്സിന്റെ ടയര്‍ മണ്ണില്‍ പൂഴ്ന്നു പോയി.മുഴുവന്‍ കുട്ടികളും അധ്യാപകരും ഒന്നിച്ച് കൈ കോര്‍ത്ത് ബസ്സിനെ കരയ്ക്കെത്തിക്കുകയായിരുന്നു.മാനന്തവാടി പഴശ്ശിസ്മാരകം,ഇടയ്ക്കല്‍ ഗുഹ,പുല്പള്ളി ജൈനക്ഷേത്രം എന്നീ സ്ഥലങ്ങള്‍ ഒന്നാം ദിവസം സന്ദര്‍ശിച്ചു.കുറുവ ദ്വീപ്,പൂക്കോട് തടാകം എന്നീ സ്ഥലങ്ങള്‍ രണ്ടാം ദിവസവും.ഓര്‍മ്മയില്‍ തണുപ്പ് മാറാതെ കുറുവാദ്വീപിലെ പുഴയിലെ നീന്തിക്കുളി.താമരശ്ശേരി ചുരത്തില്‍ കൂടി സന്ധ്യാനേരത്താണ് മടങ്ങിയത്.

     ഓര്‍മ്മയുടെ വെളിച്ചവും മറവിയുടെ ഇരുളും ഇണചേര്‍ന്ന് സഞ്ചരിച്ചവഴികളില്‍ കൂടി വീണ്ടും നടത്തുന്നു ഈ എഴുത്ത്.ഏകാന്തയാത്രകള്‍.സൌഹൃദത്തിന്റെ ചക്രം.

     വയനാടന്‍ പഠനയാത്രയ്ക്ക് ഒരനുബന്ധമുണ്ട്.കോടോത്തിനോട് വിട പറഞ്ഞതിനു ശേഷം 2004 ഏപ്രില്‍ മാസം ബാബു,ഗോപി,ബിജുരാജ്,സദാശിവന്‍,അരവിന്ദാക്ഷന്‍ എന്നിവരോടൊപ്പം വീണ്ടും വയനാട് പോയി.പനമരത്തുള്ള 'കനവ്' സന്ദര്‍ശിച്ചത് ഈ വരവിലാണ്.

      2003 മാര്‍ച്ചിലെ കുടജാദ്രിയാത്ര കൂടി കുറിച്ചാലേ കാടിന്റെ വിളി പൂര്‍ണ്ണമാവുന്നുള്ളൂ.കൊല്ലൂരില്‍ നിന്നു തന്നെ കുടജാദ്രി തലയുയര്‍ത്തി നില്‍ക്കുന്നത് കാണാന്‍ കഴിയും.താഴ്വാരത്തില്‍ നിന്നും നടന്നു തീര്‍ക്കേണ്ട ദൂരവും ഉയരവും കാണാന്‍ കഴിയും.ചെറിയ ചെറിയ കാല്‍വെയ്പുകള്‍ വലിയ ഉയരങ്ങളിലേക്ക് നമ്മെ കൊണ്ടാക്കുന്നു.ഉയരങ്ങളില്‍ നില്‍ക്കുമ്പോള്‍ പ്രശാന്തമാവുന്നു മനസ്സ്.സര്‍വജ്ഞപീഠത്തിലിരിക്കുന്നു.

      2002 അധ്യയനവര്‍ഷം ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.ഹയര്‍ സെക്കന്ററിയില്‍ കൂട്ടായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേകയോഗം ചേര്‍ന്നു.സ്ക്കൂളില്‍ സാഹിത്യവേദി തുടങ്ങി.അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു.നന്ദു നാരായണനായിരുന്നു സ്റ്റുഡന്റ് കണ്‍വീനര്‍.ഇന്ന് കോടോത്ത് സ്ക്കൂളിലെ അധ്യാപകനായ മണികണ്ഠപ്രസാദ് സജീവപ്രവര്‍ത്തകനായിരുന്നു.
സാഹിത്യവേദി ഉദ്ഘാടനം നടന്ന ഓഡിറ്റോറിയം



  
സാഹിത്യവേദി ഉദ്ഘാടനം
  
സദസ്സ്
    സാഹിത്യവേദി സ്ക്കൂളില്‍ വായനാമുറി തുറന്നു.അതിനായി ഉപയോഗശൂന്യമായി നിന്നിരുന്ന ചെറിയ മുറി വൃത്തിയാക്കിയെടുത്തു.ആഴ്ചതോറും 'സോപാനം'എന്ന പേരില്‍ ചുമര്‍മാസിക പ്രസിദ്ധീകരിച്ചു.വിദ്യാര്‍ഥികള്‍ക്ക് നിരന്തരം സാഹിത്യമത്സരങ്ങള്‍ നടത്തി.ഒഡേസ സത്യേട്ടന്റെ സഹായത്തോടെ സ്ക്കൂളില്‍ ചാര്‍ലി ചാപ്ലിന്റെ 'സര്‍ക്കസ്' പ്രദര്‍ശിപ്പിച്ചു.വീഡിയോ പ്രൊജക്ടര്‍ ഉപയോഗിച്ചാണ് സിനിമാപ്രദര്‍ശനം നടത്തിയത്.ഹാളില്‍ വെളിച്ചം അരിച്ചു കയറുന്നത് ഒഴിവാക്കാന്‍ മേല്‍ക്കൂര ഭാഗത്ത് സാഹസപ്പെട്ട് ചാക്ക് തിരുകി വെക്കേണ്ടി വന്നു.കവി അയ്യപ്പനെക്കുറിച്ച് ഒഡേസ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വിദ്യാര്‍ഥികളില്‍ നിന്നും സംഭാവന പിരിച്ചു കൊടുത്തു.അമ്പലത്തറ കുഞ്ഞിക്കൃഷ്ണേട്ടന്‍ മുഖേനയാണ് സത്യേട്ടനെ പരിചയപ്പെടുന്നത്.
     വിദ്യാര്‍ഥികളില്‍ നിന്ന് പ്രതിമാസം ഒരു രൂപയും ഗസ്റ്റ് അധ്യാപകരില്‍ നിന്ന് പ്രതിമാസം 20 രൂപയും സംഭാവന പിരിച്ചാണ് സാഹിത്യവേദി പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.’സോപാന'ത്തിന്റെ നോട്ടീസ് ബോര്‍ഡ് നിര്‍മ്മിച്ചു നല്‍കിയത് പവിത്രനാണ്.പവിത്രന്‍ അന്ന് പത്താം ക്ലാസിലാണ്.ഒന്നു മുതല്‍ പത്തു വരെയുള്ള വിദ്യാര്‍ഥികളുടെ രചനകള്‍ സോപാനത്തില്‍ വന്നു.

     ഹയര്‍ സെക്കന്ററി വിഭാഗം ലൈബ്രറി തുടങ്ങിയതും ഇതേ വര്‍ഷം തന്നെയായിരുന്നു.
രസകരമായ ഒരു സംഭവമുണ്ട്.ശമ്പളം കിട്ടാന്‍ വൈകിയതു കൊണ്ട് 2 വര്‍ഷത്തെയും ശമ്പളം ഒരുമിച്ചാണ് കിട്ടിയത്.ശമ്പളം കിട്ടിയയുടന്‍ ഗോപിമാഷ് ലൈബ്രറിക്ക് അലമാര വാങ്ങാനുള്ള തുക സംഭാവന ചെയ്തു.അലമാര നിര്‍മ്മാണം ബാബുവാണ് ഏറ്റെടുത്തത്.നിര്‍മ്മാണം വൈകി.ബാബുവിനും ഗോപിക്കുമിടയില്‍ അത് പ്രശ്മമുണ്ടാക്കി.അലമാര നിര്‍മ്മാണത്തിന് ബാബുവിനെ വെള്ളരിക്കുണ്ടിലെ ഒരു വെല്‍ഡിംഗ് പണിക്കാരന്‍ തെറ്റിദ്ധരിപ്പിച്ച് പണി ഏറ്റെടുക്കുകയായിരുന്നു.അയാള്‍ക്ക് അലമാര നിര്‍മ്മിച്ച് പരിപയമുണ്ടായിരുന്നില്ല.പണി തീരുമ്പോള്‍ ഏല്‍പ്പിച്ച പണം തികയാതായി.അധ്യാപകര്‍ വീണ്ടും പിരിവെടുത്ത് അലമാര സ്ക്കൂളിലെത്തിക്കുകയായിരുന്നു.

      ഗസ്റ്റ് അധ്യാപകസംഘത്തിന്റെ ഒരു പ്രത്യേകത എല്ലാവരും ബാച്ചിലര്‍മാരായിരുന്നു എന്നതാണ്.ചെറുപ്പക്കാര്‍ക്കിടയില്‍ കട്ടുറുമ്പാകേണ്ട എന്നു കരുതിയാവും തോമസ് മാഷ് അത്യാവശ്യകാര്യങ്ങള്‍ പറയാന്‍ മാത്രമേ ഹയര്‍ സെക്കന്ററി സ്റ്റാഫ് മുറിയിലേക്ക് വരാറുള്ളൂ.ഗസ്റ്റ് ഹൌസ് എന്ന് സ്റ്റാഫ് മുറി അറിയപ്പെട്ടു.ഇരുപത്തിനാലു മണിക്കൂറൂം അത് പ്രവര്‍ത്തിച്ചു.

      ഗാന്ധിജി,നെഹ്റു,അംബേദ്കര്‍,ടാഗോര്‍,രാജേന്ദ്രപ്രസാദ്,നാരായണഗുരു എന്നിവരുടെ ഫോട്ടോ ഗസ്റ്റ് ഹൌസില്‍ തൂക്കി.കലണ്ടര്‍ സൈസിലുള്ള ഫോട്ടോ വാങ്ങി തെര്‍മോകോളില്‍ ഒട്ടിച്ച് ട്രാന്‍പറന്റ് പോളിത്തീന്‍ പേപ്പര്‍ കൊണ്ട് ഫ്രെയിം ചെയ്താണ് ഫോട്ടോ തയ്യാറാക്കിയത്.സ്ക്കൂളിന്റെ മൈതാനത്തിന് കിഴക്ക് ഭാഗത്തുള്ള ഓടിട്ട ചെറിയ മുറിയാണ് സ്റ്റാഫ് മുറിക്കനുവദിച്ചത്.ഇതിനോട് ചേര്‍ന്നുള്ള വളരെ ചെറിയ മുറി വായനാമുറിയാക്കി.ഗസ്റ്റ് ഹൌസിനോട് ചേര്‍ന്നുള്ള ഒറ്റമുറിയിലാണ് ആദ്യരണ്ടു വര്‍ഷം ഫിസിക്സ്,കെമിസ്ട്രി ലാബുകള്‍ പ്രവര്‍ത്തിച്ചത്.
ഗസ്റ്റ് ഹൌസ്


      ഹയര്‍ സെക്കന്ററി വന്നതിനു ശേഷമാണ് സ്ക്കൂള്‍ ഓഫീസിനും ഗസ്റ്റ് ഹൌസിനും ഇടയിലുള്ള സ്ഥലത്തെ മൂത്രപ്പുര പൊളിച്ചു മാറ്റി സ്ഥലം നിരപ്പാക്കിയും മണ്ണിട്ടു നികത്തിയുമാണ് സ്ക്കൂളിന് മൈതാനം നിര്‍മ്മിച്ചത്.മൈതാനത്തിന് വടക്കു ഭാഗത്ത് താഴത്തെ തട്ടിലാണ് പി.ടി.എ യുടെ സ്വന്തം പരിശ്രമത്തില്‍ 30x20 .അടി വിസ്തീര്‍ണ്ണമുള്ള മൂന്ന് ക്ലാസ് മുറികള്‍ നിര്‍മ്മിച്ചത്.ഈ കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രൈമറിക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്.ഈ കെട്ടിടത്തിന് സമാന്തരമായി തെക്കുഭാഗത്തായിട്ടാണ് മലബാര്‍ പാക്കേജില്‍ നിര്‍മ്മിച്ച ഇന്നത്തെ ഹയര്‍ സെക്കന്ററി ബ്ലോക്ക് നില്ക്കുന്നത്.
ഇന്നത്തെ ഹയര്‍ സെക്കന്ററി ബ്ലോക്ക്


      2003 ലെ ഓണാവധിക്ക് അച്ഛന്‍ കാല്‍തെറ്റി വീണ് തുടയെല്ല് പൊട്ടി ഓപ്പറേഷന്‍ കഴിഞ്ഞ് കാഞ്ഞങ്ങാട്ടെ കൃഷ്ണ നഴ്സിങ് ഹോമില്‍ ചികിത്സയില്‍ കഴിയുന്ന സമയത്താണ് കേന്ദ്രസര്‍വ്വീസിലേക്കുള്ള നിയമനവിവരം കിട്ടുന്നത്.നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്‍സില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ മത്സരപരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു.നവമ്പര്‍ മാസത്തിലാണ് നിയമന ഉത്തരവ് കിട്ടുന്നത്.കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ നിയമനം.അതേ സമയത്താണ് ഹയര്‍ സെക്കന്ററി അധ്യാപകനിയമനത്തിനുള്ള പി.എസ്.സി പരീക്ഷ നടക്കുന്നത്.പരീക്ഷാകേന്ദ്രം കോഴിക്കോട് തന്നെ.പരീക്ഷാതീയ്യതി നവംബര്‍ 18.സമയം രാവിലെ 8 മണി മുതല്‍ 9.15 വരെ .പരീക്ഷ കഴിഞ്ഞ് നേരെ ചക്കോരത്തുകുളത്ത് സ്ഥിതി ചെയ്യുന്ന NSSO ഓഫീസില്‍ ചെന്ന് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഒരു ജന്മം അവസാനിക്കുകയായിരുന്നു.


അനുബന്ധം:
കവിത

1.ആകാശവും തൂവലും

ഒരേ തുവല്‍പ്പറവകള്‍
ഒരുമിച്ചു പറക്കുന്നു എന്നല്ല
ഒരുമിച്ചു പറക്കുന്ന ചിറകുകള്‍ക്ക്
ഒരേ തൂവലുകള്‍ എന്ന്

ആകാശത്തിലെ പറവകള്‍
വിതയ്ക്കുന്നില്ല എന്നല്ല
വിതയ്ക്കാന്‍ വെച്ച വിത്തുകളെന്ന്

മഴയത്തു പറക്കുന്ന പറവകള്‍
വെയിലത്തും പറക്കുന്നില്ല എന്നല്ല
മഴ പെയ്തു പറക്കുന്നു എന്ന്

കൂടൊഴിയുന്ന പറവകള്‍
കൂട്ടിലേക്കു മടങ്ങുന്നില്ല എന്നല്ല
കൂടുമായി പറക്കുന്നു എന്ന്

ആകാശത്തിലെ പറവകള്‍
ആകാശത്തിന്റെ പറവകള്‍ എന്നല്ല
ആകാശത്തിന്റെ തൂവലുകള്‍ എന്ന്


2.ചക്രം

യാത്രികനും
യാത്രയയക്കുന്നവനും
യാത്ര
രണ്ടു വണ്ടികളില്‍

ഒരിക്കലും 
തമ്മില്‍ മുട്ടാതെ
രണ്ടു പാളങ്ങള്‍

യാത്രികനും
യാത്രയയക്കുന്നവനും
യാത്ര
രണ്ടു മുറികളില്‍

ഒരിക്കലും
തമ്മില്‍ മുട്ടാതെ
രണ്ട് ഇരിപ്പിടങ്ങള്‍

യാത്രികനും
യാത്രയയക്കുന്നവനും
യാത്ര
ഒരേ ചക്രത്തില്‍

ഏതു നേരവും
യാത്രികരെയും
ഞാത്രയയക്കുന്നവരെയും
വഹിച്ച്
യാത്രയുടെ
ചക്രം.