Saturday, March 11, 2017

ഇംഗ്ലീഷ് മീഡിയം പൊതുവിദ്യാഭ്യാസത്തിന്റെ ശവക്കല്ലറ


      അധിനിവേശത്തിനെതിരെയുള്ള സമരം പ്രകടനങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോവുന്ന ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുകയാണ്. വാക്കുകളെ അതിന്റെ ജീവിത പരിസരത്ത് ജീവിക്കാൻ അനുവദിക്കാതിരിക്കുകയും ജീവനോടെ അതിനെ പിടികൂടി സ്റ്റഫ് ചെയ്ത് ചില്ലരമാരയിൽ സൂക്ഷിക്കുകയും ചെയ്യുന്ന കപട സമൂഹത്തിന് ഏറെക്കാലത്തേക്ക് നിലനിന്ന് മുന്നേറാൻ സാധിക്കില്ല. വാക്കുകൾ പോരാട്ടത്തിന്റെ ആയുധവും അടയാളവുമായി ഹൃദയത്തിൽ നിന്ന് വെളിച്ചം സ്വീകരിച്ച് ജീവിതത്തോടൊപ്പം സമർപ്പിക്കേണ്ടുന്നവയാണ്. വാക്കിന്റെ അർഥം തിരയുന്നത് സമരത്തിന് ആയുധം തിരയുന്നതിന് തുല്യം തന്നെയാണ്.ജീവിതായോധനത്തിന് ഭാഷ മാത്രമാണ് ആയുധം. അധിനിവേശത്തിനെതിരെയുള്ള സമരത്തിലും ഏറ്റവും കരുത്തറ്റ ആയുധം ഭാഷ തന്നെ .
      പൊതു വിദ്യാലയങ്ങൾ അവിടെ ജോലി ചെയ്യുന്ന അധ്യാപകരെ സംരക്ഷിക്കുന്നതിന് മാത്രമാണെന്ന് തെറ്റിദ്ധരിച്ച അധ്യാപകരും പൊതു സമൂഹവുമാണ് കേരളത്തിലുള്ളത്.പൊതു വിദ്യാഭ്യാസത്തിന്റെ തനിമയും ധർമ്മവും കരിയറിസത്തിന്റെ പ്രചരണ കോലാഹലങ്ങൾക്കിടയിൽ സൗകര്യപൂർവ്വം മാറ്റിവെക്കാൻ നാം വ്യഗ്രതപ്പെടുന്നു. ഭാഷയും സംസ്കാരവും ആർക്കും ആവശ്യമില്ലാത്ത ചരക്കാവുന്നു പണം കേന്ദ്രസ്ഥാനത്ത് നിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ.
     നമ്മുടെ ജീവിത പരിസരത്തു നിന്ന് ജീവിതായോധനത്തിനുള്ള ആയുധങ്ങൾ കണ്ടെത്തുന്നതിന് വ്യക്തികൾക്ക് നൽകുന്ന പരിശീലനമാണ് വിദ്യാഭ്യാസം. മാതൃഭാഷയില്ലാതെ ഒരു വ്യക്തിക്ക് എന്ത് വികാസം .എന്ത് ജീവിതം. അമ്മഭാഷയെ സംരക്ഷിക്കാത്തവരെ വൃദ്ധസദനങ്ങളാണ് കാത്തിരിക്കുന്നത്.
      പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതു തന്നെയാണ്. എന്നാൽ ഇംഗ്ലീഷ് മീഡിയമാണ് എന്ന പൊങ്ങച്ചം പറഞ്ഞ് കുട്ടികളെ ആകർഷിക്കാൻ നോക്കുന്നത് മുതലാളിത്തത്തിനുള്ള കൂട്ടിക്കൊടുക്കൽ മാത്രമാണ്.
" പൊൻപണത്തിന് മാനത്തെ വിറ്റ്
നിൻ വയർ നീ നിറയ്ക്കലോ ബാലേ "
എന്ന വൈലോപ്പിള്ളിയുടെ ചോദ്യം ഇവരോടു തന്നെയാണ്. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ആര് നടത്തിയാലും അതിന്റെ ലാഭം ആഗോള മുതലാളിത്തത്തിനാണ്. കച്ചവട വിദ്യാഭ്യാസം കുട്ടികളുടെ ക്രിയാത്മകതയെ വന്ധീകരിച്ച് അവരെ അടിമയന്ത്രങ്ങളാക്കി പരുവപ്പെടുത്തുകയും ചെയ്യുന്നു.
     പൊതുവിദ്യാഭ്യാസം മാനവ മോചനത്തിന്റെ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമാണ്. സ്വാതന്ത്ര്യ സമരത്തിന് ആയുധം തിരഞ്ഞ ഗാന്ധിജി മനുഷ്യന്റെ മോചനം ലക്ഷ്യം വെക്കുന്ന വിദ്യാഭ്യാസത്തിൽ പഠന മാധ്യമം നിർബന്ധമായും മാതൃഭാഷയായിരിക്കണം എന്ന് നിഷ്കർഷിച്ചത് അതു കൊണ്ട് കൂടിയാണ്.
     മുദ്രാവാക്യങ്ങൾ സൂത്രവാക്യങ്ങളാക്കി ജീവിത കരകൗശലത്തിന് ഉപയോഗപ്പെടുത്തുന്ന സമൂഹമാണ് മലയാളിയുടേത്.പൊതു വിദ്യാഭ്യാസ സംരക്ഷണം അവനവന് വേണ്ടുന്ന തടി മാത്രം സംരക്ഷിക്കുന്ന സൂത്രപ്പണിയായി മാറുന്നുണ്ട്. മാതൃഭാഷയെന്ന പച്ചപ്പിന്റെ വിത്ത് സൂക്ഷിപ്പോടെ വിതയ്ക്കുന്ന പരിസ്ഥിതി പ്രവർത്തനം കൂടിയാണ് പൊതുവിദ്യാഭ്യാസസംരക്ഷണം. സാംസ്കാരികപരിസരത്തിന്റെ ജൈവസത്ത സൂക്ഷിക്കുന്ന ഭാഷയില്ലാത്ത പൊതു വിദ്യാഭ്യാസം ശവക്കല്ലറയ്ക്ക് പുറത്ത് കലാപരമായി കൊത്തിവെച്ച വെറും എഴുത്താണ്.

No comments:

Post a Comment