Monday, July 20, 2015

പ്രേമം: സിനിമാ വിമർശനം

ഈ പ്രേമം വ്യാജമാണ്

പുത്തന്‍തലമുറസിനിമകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന സിനിമകള്‍ പുതിയ തലമുറയെ ലഹരിയുടെ അടിമകളാക്കി സാംസ്കാരികവിനാശത്തിനുള്ള രഹസ്യപദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.ഈ അതിക്രമത്തെ അടിയന്തിരമായി പ്രതിരോധിക്കേണ്ടുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്.പ്രേമം എന്ന വ്യാജസിനിമ കണ്ടപ്പോഴാണ് ഇത് ശരിക്കും ബോധ്യം വന്നത്.ഇത് ഒരൊറ്റപ്പെട്ട സിനിമയല്ല.ചെറുപ്പക്കാരില്‍ മദ്യത്തിന്റെയും സിഗരറ്റിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും നിത്യോപയോഗം ശീലിപ്പിക്കുന്നതിനുള്ള ദൃശ്യപരമ്പരകള്‍ ബോധപുര്‍വ്വം സന്നിവേശിപ്പിച്ചിട്ടുള്ള മുതലാളിത്തത്തിന്റെ ചതിയാണ് ഈ സിനിമകളിലൂടെ പ്രയോഗവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നത്.ജീവിതപ്രയാസങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള മാര്‍ഗ്ഗമായാണ് മദ്യപാനത്തെ ഈ സിനിമകളില്‍ ചിത്രീകരിച്ചിട്ടുള്ളത്.സിനിമയുടെ പ്രമേയത്തിന് ഒട്ടും ആവശ്യമില്ലെങ്കിലും മദ്യപാനരംഗങ്ങള്‍ തുടര്‍ച്ചയായി 'പ്രേമം' എന്ന സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു.മദ്യമുതലാളിമാരുടെ കള്ളപ്പണം കൊണ്ടാണ് ഇത്തരം സിനിമകള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കപ്പെടുന്നതും എന്ന് ഈ രംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.കേരളത്തില്‍ സാമൂഹ്യ അപചയമുണ്ടാക്കുന്ന കാര്യത്തില്‍ ടെലിവിഷന്‍ സീരിയലുകളെപ്പോലും ഈ സിനിമകളില്‍ മറി കടക്കുന്നു എന്ന് പറയാതെ വയ്യ.ജീവിത്തെ സത്യസന്ധമായി പ്രേമിച്ചിരുന്ന മലയാളസിനിമകള്‍ കേരളത്തിന്റെ സാംസ്കാരികമുന്നേറ്റത്തിനു നല്‍കിയ സംഭാവനകള്‍ വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടില്ല.പുത്തന്‍തലമുറ ചിത്രങ്ങള്‍ വരുത്തി വെക്കുന്ന അപകടങ്ങള്‍ അതിനാലാവണം സാംസ്കാരികകേരളം ലാഘവത്തോടെ നോക്കിക്കാണുന്നത്.

1 comment:

  1. മെല്ലെമെല്ലെ വിഷം കുത്തിവയ്ക്കുന്ന സിനിമകള്‍

    ReplyDelete