Tuesday, August 2, 2011


"ആണവോര്‍ജ്ജപദ്ധതികള്‍ ഉപേക്ഷിക്കുക,
ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ റദ്ദു ചെയ്യുക"

യുവകലാസാഹിതിയുടെ
ആഭിമുഖ്യത്തില്‍
ആണവവിരുദ്ധസമ്മേളനം

2011 ആഗസ്ത് 6 ശനി(ഹിരോഷിമ ദിനം)
വൈകുന്നേരം 3മണി
നീലേശ്വരം ബസ് സ്റ്റാന്റ് പരിസരം


പ്രിയരെ,
മനുഷ്യനും ജീവരാശിക്കും അപായമുണ്ടാക്കാത്ത ഊര്‍ജ്ജോത്പാദനത്തിലേക്ക് ശ്രദ്ധയൂന്നണം എന്നാണ് ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തം വിളിച്ചു പറയുന്നത്. എന്നാല്‍ ജനസുരക്ഷയും ജനനന്മയും ലക്ഷ്യം വെച്ചു കൊണ്ടുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കാതെ സാമ്രാജ്യത്വത്തിന്റെ പണക്കൊതിക്ക് അടിമപ്പണി ചെയ്യുകയാണ് ഇന്ത്യന്‍ ഭരണാധികാരികള്‍.
ഇത്തരം പദ്ധതികള്‍ക്കെതിരെയുള്ള ചെറുത്തുനില്പുളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് യുവകലാസാഹിതി.
സംഹാരാത്മക ആണവപദ്ധതികള്‍ക്കും, ഇന്ത്യന്‍ ഭരണാധികാരികള്‍ അമേരിക്കയുമായി ഒപ്പുവെച്ച ആണവക്കരാറിനുമെതിരെ, യുവകലാസാഹിതി സംസ്ഥാനവ്യാപകമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രചരണപരിപാടികള്‍ നടത്തുകയാണ്.അതിന്റെ ഭാഗമായി നീലേശ്വരത്ത് ആണവവിരുദ്ധസമ്മേളനം നടത്തുന്നു.പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പങ്കടുത്തും ഈ പ്രചരണങ്ങളോടൊപ്പം നിന്നും സഹകരിക്കുമല്ലോ.
അഭിവാദനങ്ങളോടെ
വല്‍സന്‍ പിലിക്കോട്, ജയന്‍ നീലേശ്വരം,
പ്രസിഡന്റ് സെക്രട്ടറി
യുവകലാസാഹിതി
കാസര്‍കോട് ജില്ലാ കമ്മറ്റി


കാര്യപരിപാടി
സ്വാഗതം:സെക്രട്ടറി
അധ്യക്ഷന്‍:പ്രസിഡന്റ്
ഉദ്ഘാടനം:കെ.രാമചന്ദ്രന്‍
ലഘുലേഖ പ്രകാശനം:രാധാകൃഷ്ണന്‍ പെരുമ്പള
പ്രസംഗം:എന്‍.സുബ്രഹ്മണ്യന്‍

നന്ദി:രാജീവന്‍ കാഞ്ഞങ്ങാട്






Tuesday, June 28, 2011

കാടോടികള്‍



"അമ്മാ... ധര്‍മ്മം തരണേ..."
ഒച്ച കേട്ട് ഞാന്‍ സുഖനിദ്രയില്‍ നിന്നും ഉണര്‍ന്നു.
ഞാന്‍ എണീറ്റ് വാതില്‍ തുറന്ന് മുറ്റത്തേക്ക് നോക്കി.ആരെയും കാണുന്നില്ല.അപ്പോള്‍ കളത്തിനു പുറത്ത് വീണ്ടും ഒച്ച.എനിക്കു വിശ്വസിക്കാനായില്ല.രണ്ടു മയിലുകള്‍. ഒരാണ്‍മയിലും ഒരു പെണ്‍മയിലും.
എനിക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
ഏറെ നേരം അവ കാത്തു നിന്നു.ശേഷം അവ രണ്ടും തിരിച്ചുനടന്നു.
വരള്‍ച്ചയെന്നും വെള്ളപ്പൊക്കമെന്നും പറഞ്ഞ് ധര്‍മ്മത്തിന് വരാറുണ്ട് . നാടോടികള്‍. എവിടെ നിന്നും അവര്‍ക്ക് ധര്‍മ്മം കിട്ടാറില്ല.
കാടോടികള്‍ക്കും അതേ ഗതി.

Friday, February 4, 2011

ഒഴിഞ്ഞ ജീവിതം


ഒഴിഞ്ഞഗ്ലാസ്
ഒഴിച്ച് വെച്ച്
കരുണാരേട്ടന്‍ പോയി

പുല്ലിനും
പുല്‍ച്ചാടിക്കും
കാക്കയ്ക്കും
പൂച്ചയ്ക്കും
പച്ചയായ ജീവിതം
ഒഴിച്ച് പകര്‍ന്ന്
ഒഴിഞ്ഞകീശ
യാനപാത്രമാക്കി
അക്കരെ പറ്റി
കരുണാരേട്ടന്‍

നേര്‍ക്കുനേര്‍
പോരടിച്ചു നിന്ന
ജീവിതത്തെ
അവസാനത്തെ
ഒറ്റശ്വാസം കൊണ്ട്
മലര്‍ത്തിയടിച്ചു കളഞ്ഞു
കരുണാരേട്ടന്‍

മരിച്ചുവീണ
വാടകവീട്ടിന്റെ തിണ്ണ
കലഹിച്ചു നിന്ന
പ്രത്യയശാസ്ത്രങ്ങള്‍ക്ക്
മറുത്തു നില്‍ക്കാനാവാത്ത
ഉത്തരമായി

ചുണ്ടുകളിലേക്ക് പകര്‍ന്ന
സന്ദേഹങ്ങളുടെ തീ
ഒടുവില്‍
ചിത മാത്രം
ഏറ്റെടുത്തു.

Monday, January 17, 2011

ശവപ്പെട്ടി


കാലത്തിന്റെ
കൂട്ടില്‍ക്കിടന്ന്
ഇടയ്ക്കിടെ
അലറുന്നുണ്ടവന്‍

ചില്ലലമാരയില്‍
സൂക്ഷിക്കാന്‍
ക്യാമറ
വേണ്ടും വിധം
ഒപ്പിയെടുക്കുന്നുമുണ്ട്

ആകാശത്തിന്റെ
ഓര്‍മ്മകള്‍
കൂട്ടിലാക്കിയ
കാടിന്റെ മേഘങ്ങള്‍
ഫ്രെയിമിനകത്ത്
വിങ്ങി നിന്നു

അഴിമുഖത്തിന്റെ
ചില്ലിട്ട ചിത്രം
ആഴിയെ
സങ്കടം കൊണ്ട്
വറ്റിച്ചു കളഞ്ഞു

Tuesday, January 4, 2011

പ്ലാച്ചിമടയിലെ തവളകള്‍




കുപ്പായമിട്ട കുയ്യാനകള്‍
പിന്നാക്കം കുയ്ച്ച് കുയ്ച്ച്
പ്ലാച്ചിമട

ശ്വസനത്തിനും
സ്വാതന്ത്രമുള്ള കിണറ്റില്‍
കുയ്യാനകള്‍ക്കു്
തവളയുടെ കുപ്പായവും

അവയ്ക്ക്
ചൊറിയും ചുണങ്ങും
തൊലിപ്പുറത്തെ
കാലാവസ്ഥ

നോക്കി നോക്കിയിരിക്കെ
നാടിന് കിണറിന്റെയും
കിണറിന്
കുപ്പിയുടെയും
ആകൃതി സംഭവിക്കുന്നതു്
കാഴ്ചയുടെ രോഗം കൊണ്ട്

വാലു കാണാതായി
പ്രായം പൂര്‍ത്തിയാവുന്ന
മാക്രികള്‍ക്കും
കിണറ്റില്‍
വണ്ണം വെക്കല്‍
പൊക്കം വെക്കല്‍
ഇങ്ങനെ രണ്ടുപക്ഷങ്ങളില്‍
വികസനം

ഒള്ളയുടെ തൊള്ളയിലും
ഇവയ്ക്ക് തൊണ്ടയില്‍
രാമശങ്കരമന്ത്രം

അടുത്തജന്മത്തിലും
കുപ്പിയുടെ വയറ്റില്‍ത്തന്നെ
വേണേന്ന്

Monday, January 3, 2011

വികല്പം



മുന്നറിവില്ലാത്ത വികല്പചോദ്യത്തിനുത്തരം
എത്തിപ്പിടിക്കുന്നേരം
ഉതിരുന്ന കിനാവ്

തെറ്റിനും ശരിക്കുമിടയില്‍
തിരിച്ചെഴുതാനാവാതെ
തിരിച്ചൊഴുകാനാവാതെ
വഴിയറ്റ് വറ്റിപ്പോയ
എഴുതിപ്പോയതുത്തരം
എന്ന് പരതിയെഴുതാന്‍
ഒറ്റജന്മത്തിന്റെ
സങ്കടം

നിഴല്‍




പുഴ നീയൊഴുകുമ്പോള്‍
പുഴ നീയൊളിയുന്നു
എന്‍ നിഴലൊളിയുന്നു
ഞാന്‍ കുളിരറിയുന്നു

പുഴ നീയൊഴുകുമ്പോള്‍
ഇന്നലെയൊളിയുന്നു
ഇന്നലെയലിയുന്നു
ഇന്നലെയൊഴുകുന്നു
ഇന്നായൊഴുകുന്നു
ഇന്നാണൊഴുകുന്നു

പുഴ നീയൊഴുകുമ്പോള്‍
കണ്ണുകള്‍ നീന്തുന്നു
പരലുകള്‍ നീന്തുന്നു
പലതായ് നീന്തുന്നു

പുഴയില്‍ മുങ്ങുമ്പോള്‍
ഉടല്‍ ഞാന്‍ മുങ്ങുന്നു
ഉടല്‍ ഞാനറിയുന്നു
ഉടല്‍ ഞാനലിയുന്നു
പുഴയാണലിയുന്നു
മഴയാണലിയുന്നു
മുകിലാണലിയുന്നു
മലയാണലിയുന്നു
മരമാണലിയുന്നു
പുഴയാണലിയുന്നു
പുഴ ഞാനലിയുന്നു
പുഴ ഞാനറിയുന്നു

പുഴയെന്നറിയുമ്പോള്‍
നിഴല്‍ ഞാനറിയുന്നു
നിഴലെന്നറിയുമ്പോള്‍
നിഴല്‍ ഞാനലിയുന്നു
പുഴയായൊഴുകുന്നു
പുഴയാണൊഴുകുന്നു
പുഴ ഞാന്‍ ഒഴുകുന്നു
പുഴഞാനൊഴുകുന്നു

ആകാശവും തൂവലും



ഒരേതൂവല്‍പറവകള്‍
ഒരുമിച്ചു പറക്കുന്നു എന്നല്ല
ഒരുമിച്ചു പറക്കുന്ന
ചിറകുകള്‍ക്ക്
ഒരേ തൂവലുകള്‍ എന്ന്

ആകാശത്തിലെ പറവകള്‍
വിതയ്ക്കുന്നില്ല എന്നല്ല
വിതയ്ക്കാന്‍ വെച്ച
വിത്തുകളെന്ന്

മഴയത്തു പറക്കുന്ന പറവകള്‍
വെയിലത്തും പറക്കുന്നില്ല
എന്നല്ല
മഴപെയ്തു് പറക്കുന്നു എന്ന്

കൂടൊഴിയുന്ന പറവകള്‍
കൂട്ടിലേക്ക് മടങ്ങുന്നില്ല
എന്നല്ല
കൂടുമായി പറക്കുന്നു എന്ന്

ആകാശത്തിലെ പറവകള്‍
ആകാശത്തിന്റെ പറവകള്‍
എന്നല്ല
ആകാശത്തിന്റെ തൂവലുകള്‍ എന്ന്