Wednesday, November 30, 2016

രാജീവന്‍ കാഞ്ഞങ്ങാട്:കാരുണ്യം പെയ്ത കഥാകാരന്‍


     സാമൂഹ്യ സാഹചര്യങ്ങളും വ്യക്തിദുരന്തങ്ങളും നിമിത്തം ജീവിതത്തിന്റെ കയത്തില്‍ പെട്ടുപോയ മനുഷ്യാവസ്ഥകളുടെ സങ്കീര്‍ണതകളാണ് രാജീവന്‍ കാഞ്ഞങ്ങാടിന്റെ കഥകള്‍. പണവും പദവിയും കേന്ദ്രസ്ഥാനത്ത് നിലയുറപ്പിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയില്‍ അവഗണനയില്‍പ്പെട്ട് ചതഞ്ഞമര്‍ന്നു പോവുന്ന സാധാരണ മനുഷ്യരെയാണ് രാജീവന്‍ ചിത്രീകരിക്കുന്നത്. ജീവിതം നല്‍കുന്ന ചെറിയ ചെറിയ സന്തോഷങ്ങള്‍ ഭൂമിയില്‍ തന്നെ എല്ലാവര്‍ക്കും ഓഹരിയായി ലഭിക്കേണ്ടിയിരുന്നതാണ്. എന്നാല്‍ അധ:സ്ഥിതര്‍ക്ക് അതുപോലും നിഷേധിക്കപ്പെടുന്നു. ഈ സങ്കുചിതത്വത്തില്‍ രാജീവന്‍ വേദനിക്കുകയും രോഷം കൊള്ളുകയും ചെയ്യുന്നു. ജീവിതം സാക്ഷാത്കരിക്കുന്നതിനുള്ള ആകുലമായ യാത്രയില്‍ സാധരണക്കാര്‍ ഓരോരുത്തരും അപായപ്പെടുന്ന ദുരന്തം ഈ കഥകളില്‍ കാണാനാവും. ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും സാമൂഹ്യപദവികളുടേയും മിഥ്യയായ അഭിമാനം കൊണ്ടു നടക്കാന്‍ മനുഷ്യരെ പ്രേരിപ്പിച്ച് പരസ്പരം ഇടപഴകാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള കമ്പാര്‍ട്ടുമെന്റുകളില്‍ അവരെ പെടുത്തുന്ന സ്ഥിതിവിശേഷത്തെ രാജീവന്‍ വിമര്‍ശിക്കുന്നു. സമൂഹത്തെ മുന്നോട്ടു നയിക്കുന്ന പാളങ്ങളില്‍ ഈ കമ്പാര്‍ട്ടുമെന്റുകളെ കൂട്ടിയിണക്കാന്‍ ജീവിത ത്യാഗം ചെയ്യുന്നവരുടെ രക്തം ചിതറിത്തെറിക്കുന്നത് ഈ എഴുത്തുകാരന്‍ കാണുകയും ഞെട്ടലുണ്ടാക്കുംവിധം അവതരിപ്പിക്കുകയും ചെയ്യുന്നു. അധികാരത്തിനു വേണ്ടിയുള്ള പടയോട്ടങ്ങള്‍ക്കിടയില്‍ പെട്ട് കാലുകുത്താനുള്ള ഒരടി മണ്ണ് പോലും ഇല്ലാതാവുന്നവര്‍ ജീവിതനൗക തകര്‍ന്ന് കണ്ണീര്‍ക്കടലില്‍ ശ്വാസം കിട്ടാതെ മുങ്ങിമരിച്ച് കടല്‍ത്തീരത്തടിയുന്ന ദുരന്തചിത്രം 'നാവികന്‍' എന്ന നോവലില്‍ കാണാം. ഐലന്‍കുര്‍ദ്ദിയുടെ ചിത്രം ഈ അവസരത്തില്‍ ഓര്‍മ്മവരുന്നു .


   2004ല്‍ പ്രസിദ്ധീകരിച്ച 'അസ്ഥികൂടങ്ങളും പച്ചിലകളും' എന്ന കഥാസമാഹാരമാണ് രാജീവന്‍ കാഞ്ഞങ്ങാടിന്റെ ആദ്യപുസ്തകം. ''ആര്‍ദ്രതയുടെ അരുവികള്‍ അനുനിമിഷം വറ്റിക്കൊണ്ടിരിക്കുന്ന ആസുരകാലത്ത് മാനവികതയുടെ നക്ഷത്രശോഭ പ്രസരിപ്പിക്കാന്‍ ഈ കഥകള്‍ക്ക് സാധിക്കുന്നുവെന്ന്'' അവതാരികയില്‍ വാസുചേറോട് അഭിപ്രായപ്പെടുന്നു. 2006ല്‍ പ്രസിദ്ധീകരിച്ച നാവികന്‍' എന്ന നോവല്‍ അഭയാര്‍ത്ഥികളുടെ കദനമാണ് പറയുന്നത്. ''ഉപദേശീയതയുടെ ജനാധിപത്യവല്‍ക്കരണത്തെപ്പറ്റി ശക്തമായി ആവിഷ്‌കരിക്കപ്പെട്ട കൃതിയാണ് ഇതെന്ന്'' അവതാരികയെഴുതിയ എം.. റഹ്മാന്‍ പറയുന്നു. 2010ല്‍ പ്രസിദ്ധീകരിച്ച 'മൂന്ന് വ്യത്യസ്ത കമ്പാര്‍ട്ടുമെന്റുകള്‍' എന്ന കഥാസമാഹാരം അധിനിവേശത്തിന്റെ കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ ജീവിതങ്ങളെ അനാവരണം ചെയ്യുന്നു. ''മനുഷ്യപ്പറ്റുള്ള കഥകള്‍'' എന്ന് അവതാരികയില്‍ വത്സന്‍ പിലിക്കോട്. എഴുതി പൂര്‍ത്തിയാക്കിയ ഒരു നോവലും ഒട്ടേറെ ചെറുകഥകളും ഇനിയും വെളിച്ചം കണ്ടിട്ടില്ല. കാഞ്ഞങ്ങാടാണ് രാജീവന്‍ എന്ന സാംസ്‌കാരിക പ്രവര്‍ത്തകന്റെ തട്ടകം. മാതൃകാപരമായിരുന്നു രാജീവന്റെ പ്രവര്‍ത്തനങ്ങള്‍. ജനകീയമായി ലളിതഗാനം നിര്‍മ്മിച്ച് വിതരണം ചെയ്ത 'ഗാനമയൂഖം' എന്ന സംരംഭത്തിന്റെ പ്രധാന സംഘാടകനായിരുന്നു രാജീവന്‍. ഇതിലെ മൂന്ന് ഗാനങ്ങള്‍ക്ക് രാജീവന്‍ രചന നിര്‍വഹിച്ചു.

     അനാഥത്വം ചൊരിഞ്ഞ ചോര ഓരോ മണ്‍തരിയിലും മണക്കുന്ന കഥകളാണ് 'അസ്ഥികൂടങ്ങളും പച്ചിലകളും' എന്ന സമാഹാരത്തില്‍. സാമൂഹ്യവ്യവസ്ഥിതി നിഴല്‍പ്പരുവത്തിലാക്കിയ യന്ത്രമനുഷ്യരെ ഈ കഥകളില്‍ അവതരിപ്പിക്കുന്നു. ജീവിതം പച്ചപിടിപ്പിക്കുന്നതിനായി മറുനാട്ടിലെത്തുന്നവരുടെ മനുഷ്യജീവിതം മരുപ്പറമ്പായി മാറുന്ന വൈപരീത്യം 'കസ്തൂരിമാന്‍' എന്ന കഥയില്‍ കണ്ടറിയുന്നു. അവരുടെ ഭൂമിയിലേക്ക് ആകാശത്തു നിന്നും നിലാവിറങ്ങാന്‍ മടിച്ചു നില്‍ക്കുന്നു. ആഴവും പരപ്പുമുള്ള ഇവരുടെ ജീവിതത്തിലെ കടലുകളും മരുഭൂമികളും ചുരുക്കം വാക്കുകള്‍ കൊണ്ട് അനുഭവിപ്പിക്കാനുള്ള കഥാകാരന്റെ മിടുക്ക് വിസ്മയാവഹമാണ്. മകളെ നഷ്ടപ്പെട്ട അച്ഛന്റെ അനേ്വഷണങ്ങളാണ് 'അസ്ഥികൂടങ്ങളും പച്ചിലകളും' എന്ന കഥയില്‍. സത്യത്തിന്റെ കാണാത്ത പുറങ്ങളിലുള്ള മണ്ണിലിറ്റുവീണ രക്തത്തുള്ളികളെ കഥാകൃത്ത് കണ്ടെടുക്കുന്നു. ലാഭനഷ്ടങ്ങളെക്കുറിച്ചുള്ള അറിവുകള്‍ ചെറിയതാണെന്ന് വിശ്വസിക്കുന്നവരുടെ സര്‍ഗ്ഗാത്മകത വിപണി സംസ്‌കാരത്തില്‍പ്പെട്ട് വിലയറിയാതെ പോവുന്ന വേദനയാണ് 'ഒരു പഴയ ചിത്രം എന്ന കഥയില്‍. മനുഷ്യദുരിതങ്ങളെ അകേ്വറിയം നോക്കുന്ന കൗതുകത്തോടെ മാത്രം നോക്കുന്ന സമൂഹത്തിന്റെ കാഴ്ചരോഗം ഈ കഥയില്‍ വിവരിക്കുന്നു. അനാഥ ജീവിതങ്ങളോട് മനുഷ്യത്വമില്ലാത്ത സമൂഹത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന ഒരെഴുത്തുകാരനെ ഇവിടെ കാണാം. 'വഴിമാറുന്ന വാക്കുകള്‍' എന്ന കഥയില്‍ ധാര്‍മ്മികതയുടെ ട്രാക്ക് തെറ്റിച്ച് വിജയപീഠത്തിചെത്തുന്നവര്‍ പെരുകുന്ന മത്സരത്തിന്റെ ലോകം വിപണി സംസ്‌കാരമുണ്ടാക്കിയതാണെന്ന് തിരിച്ചറിയുന്നു. സത്യം വിളിച്ചു പറയുന്ന എഴുത്തുകാരുടെ ജീവിത ദുഃസ്വപ്നസമാനമായിത്തീരുന്ന വര്‍ത്തമാന ദുരന്തം 'അവസാനലക്കം' എന്ന കഥ മുന്‍കൂട്ടി കാണുന്നു. കഥാകൃത്തിന്റെ ഹൃദയത്തില്‍ നിന്ന് അക്ഷരങ്ങളോടൊപ്പം കണ്ണീര് അടര്‍ന്നുവീണ് പുസ്തകത്താളില്‍ പടരുന്നത് ശ്രദ്ധാപൂര്‍വ്വം ഈ കഥകളെ പിന്തുടര്‍ന്നാല്‍ തിരിച്ചറിയും.
   
വ്യക്തിദുരന്തങ്ങള്‍ക്ക് കാരണമായ സാമൂഹ്യപശ്ചാത്തലം അനേ്വഷിക്കുന്ന എഴുത്തുകാരനെയാണ് 'മൂന്നു വ്യത്യസ്ത കമ്പാര്‍ട്ടുമെന്റുകള്‍' എന്ന സമാഹാരത്തില്‍ കാണുന്നത്. സാമ്പത്തികമായ ഏറ്റക്കുറച്ചിലുകള്‍ ബന്ധങ്ങളിലെ മാനുഷികത ചോര്‍ത്തിയെടുക്കുകയും ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്യുന്ന അധഃസ്ഥികര്‍ക്ക് ജീവിതം അപായകരമായിത്തീരുകയും ചെയ്യുന്നു. 'മൂന്നു വ്യത്യസ്ത കമ്പാര്‍ട്ടുമെന്റുകള്‍' എന്ന കഥ ഈ സ്ഥിതിവിശേഷത്തെ അവതരിപ്പിക്കുന്നു. സമ്പത്ത് ഓരോ മനുഷ്യനെയും ഓരോരോ കമ്പാട്ടുമെന്റുകളില്‍ ഒതുക്കിത്തീര്‍ക്കുന്നു. ശീതികരിച്ച കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്നവര്‍ പാളത്തില്‍ ചിതറിത്തെറിക്കുന്ന സഹോദരങ്ങളുടെ ചോരത്തുള്ളികള്‍ എത്തിനോക്കാന്‍ പോലും മടിക്കുന്നു. 'വിചാരണയ്ക്ക് മുന്‍പെ' എന്ന കഥ പ്രവാസികളുടെ ജീവിതമാണ്. ആകാശത്തിലെ വിമാനം നഴ്‌സറി വിദ്യാര്‍ത്ഥികള്‍ നോക്കി കൗതുകം കൊള്ളുന്നതുപോലെ അകലെ നിന്നു മാത്രം നാം അവരുടെ ജീവിതം നോക്കുന്നു. മധ്യവര്‍ഗ്ഗത്തിന്റെ ആര്‍ത്തിപിടിച്ച ജീവിതം ഇതില്‍ കാണാം. കാത്തിരിപ്പിന് ക്ഷമയില്ലാതെ വലിയ വലിയ വാഹനങ്ങളില്‍ മലയാളി സഞ്ചരിക്കാന്‍ വെമ്പുന്ന കാഴ്ച ഇവിടെ അവതരിപ്പിക്കുന്നു. പാതയുടെ അരികു ചേര്‍ന്ന് നടക്കുന്നവരെ പാതാളങ്ങളിലേക്ക് പറഞ്ഞയക്കുന്നു. ഈ പാതയരികത്ത് സ്ഥാപിച്ച കൂറ്റന്‍ പരസ്യപലകയ്ക്കു മുന്നില്‍ മനുഷ്യന്‍ എത്ര ചെറുതായി പോവുന്നു എന്ന് കഥാകൃത്ത് വിമര്‍ശിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്വാഭാവിക ചേര്‍ച്ച അവസാനിക്കുകയും പുതിയ പുതിയ ജാതിമതങ്ങള്‍ മനുഷ്യര്‍ തമ്മിലുള്ള ചേര്‍ച്ച തീരുമാനിക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥയും ഇവിടെ വിമര്‍ശനവിധേയമാക്കുന്നുണ്ട്.
പ്രകൃതി എല്ലാവര്‍ക്കുമായി കനിഞ്ഞു നല്‍കിയ സൗഭാഗ്യങ്ങള്‍ നിലവിലെ സാമൂഹ്യവ്യവസ്ഥയില്‍ അധീശവര്‍ഗ്ഗം അധഃസ്ഥികര്‍ക്ക് നിഷേധിക്കുന്ന ചിത്രം 'ഹദീസുമാല' എന്ന കഥയില്‍ വരച്ചു കാട്ടുന്നു. ജീവിക്കുന്നതിനായി മനഃസ്സാക്ഷിയെ പൂട്ടിയിട്ട മനുഷ്യരുടെ ദുരവസ്ഥ 'കന്യാകുമാരി' എന്ന കഥയില്‍ കാണുന്നു. വിലതകര്‍ന്ന കര്‍ഷകസമൂഹത്തിന്റെ കഥയാണ് 'മലപ്പട്ടത്ത് ഒരു തോമ'. കര്‍ഷകരുടെ ജീവിതം മുളപൊട്ടാതെ പാഴായിപ്പോകുന്ന വിത്തുകള്‍ പോലെയാണ്. നമ്മുടെ  കണക്കെടുപ്പുകളിലൊന്നും അ്വരുടെ ജീവിതം വരുന്നില്ല. ആത്മഹത്യയുടെ മുനമ്പില്‍ നില്‍ക്കുന്ന അവരെ എളുപ്പത്തില്‍ കണക്കെടുക്കുന്നതിന് വേണ്ടിയാവാം മരണത്തിലേക്ക് തള്ളിവീഴ്ത്തുന്നത്.
പുരുഷസമൂഹം തെരുവു പട്ടികളെപ്പോലെ മാംസദാഹികളായി മാറിക്കൊണ്ടിരിക്കുന്ന ഭീതിജനകമായ സമൂഹത്തിലാണ് നമ്മുടെ പെണ്‍കുട്ടികള്‍ വഴി നടക്കുന്നത്. ഈ പെണ്‍കുട്ടികള്‍  നമ്മുടെ കുട്ടികളാണ് എന്ന് ഓര്‍മ്മപ്പെടുത്തലാണ് 'പിന്നിലേക്ക് തിരിയുന്ന പൂവ്' എന്ന കഥ.
     കഷ്ടപ്പെടുന്നവരെ മനസ്സിലാക്കാത്ത പ്രദേശം മനുഷ്യരില്ലാത്ത പ്രദേശമാണ് എന്ന് 'നോ മാന്‍സ് ലാന്റ്' എന്ന കഥയില്‍ വിമര്‍ശിക്കുന്നു. കച്ചവടത്തിന്റെ കത്തി കയ്യിലേന്തിയ ആതുരാലയങ്ങളാണ് 'ഉസിലാംപെട്ടി പെണ്‍കുട്ടി' എന്ന കഥയില്‍.
ആഗോളവല്‍ക്കരണ ഫലമായി ജീവിതം യാതനാപൂര്‍ണ്ണമായത് ഓരോ കഥകളിലും നിറഞ്ഞു നില്‍ക്കുന്നു. വിപണിയുടെ പ്രത്യയശാസ്ത്രം സമൂഹമനസ്സിലെ ആര്‍ദ്രത ഇല്ലാതാക്കുന്നതിലുള്ള ഉത്കണ്ഠയാണ് രാജീവനെക്കൊണ്ട് കഥയെഴുതിച്ചത്.
    
കാസര്‍കോടന്‍ പ്രദേശത്തിന്റെ സാംസ്‌കാരിക വൈവിധ്യം അനേ്വഷിക്കുന്ന ഒരെഴുത്തുകാരനെ 'നാവികന്‍ എന്ന നോവലില്‍ കാണാന്‍ കഴിയും. സപ്തഭാഷാ സംഗമഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ദേശത്തോടുള്ള രാജീവന്റെ അഭിനിവേശം ഈ നോവലില്‍ വായിച്ചെടുക്കാം. യക്ഷഗാനം, ഹരികഥാകാലക്ഷേപം, ഇശല്‍, സബീനാപാട്ട്, ബയലാട്ടം, ദഫ്മുട്ട്, അരവണമുട്ട്, നവരാത്രി വേഷം, അലാമിക്കളി, പുലിവേഷം, തുടങ്ങിയ കാസര്‍ഗോഡിന്റെ സാംസ്‌കാരിക മുദ്രകള്‍ നോവലിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. ഈ നോവലിന്റെ ഭൂമികയായ ഗംഗാവാറിലെ നാട്യകലാസദനം അതിരുകളില്ലാത്ത മനസ്സുമായി മനുഷ്യര്‍ മനുഷ്യരായി ഇടപഴകുന്ന ആദര്‍ശ ദേശമാണ്. അധിനിവേശം അതിലെ അന്തേവാസികളെ അഭയാര്‍ത്ഥികളാക്കി നടുക്കടലിലെത്തിക്കുന്നു. നങ്കൂമിടാനാവാതെ നാവികരോരോന്നും മുങ്ങിത്താഴുന്നു.
     'നാവികന്റെ കഥാശം ഈ വിധമാണ്. ഇന്ത്യാവിഭജന സമയത്ത് പാക്കിസ്ഥാനില്‍ നിന്നും നവ്ഖാലിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിച്ചേരുന്ന ബ്യാരി ഗുല്‍മുഹമ്മദ് എന്ന സൂഫിഗായകന്‍ അവിടെ നിന്നും കാസര്‍കോടന്‍ ഗ്രാമമായ ഗംഗാവാറില്‍ എത്തിച്ചേരുന്നു. ഗംഗാവാറിലെ നാട്യകലാസദനം എന്ന കലാമന്ദിരത്തിലെ അന്തേവാസിയായിത്തീരുന്നു. കാലാന്തരത്തില്‍ ശേഷപ്പ ഭണ്ഡാരി എന്ന ഹിന്ദുവര്‍ഗീയവാദി നാട്യകലാസദനത്തിന്റെ അവകാശത്തിനായി ഗുല്‍മുഹമ്മദുമായി നിയമയുദ്ധം നടത്തുന്നു. ഗുല്‍മുഹമ്മദിനെയും കുടുംബത്തെയും പാക്കിസ്ഥാന്‍ ചാരന്മാരായി മുദ്രകുത്തുന്നു. നിയമയുദ്ധത്തില്‍ ശേഷപ്പ ഭണ്ഡാരി ജയിക്കുകയും ഗുല്‍മുഹമ്മദിനും കുടുംബത്തിനും അഭയസ്ഥാനം നഷ്ടപ്പെടുകയും ചെയ്യുന്നു. കപ്പല്‍ക്കാരനായ ചെറുമകന്‍ വഹാബ് കപ്പല്‍ യാത്രയില്‍ വെച്ചാണ് തന്റെ കുടുംബത്തിന്റെ ദുരന്തം അറിയുന്നത്. വഹാബ് തന്റെ മെക്‌സിക്കോകാരന്‍ സുഹൃത്ത് ഡെല്ലാസിന്റെ കള്ളപാസ്‌പോര്‍ട്ടില്‍ ആള്‍മാറാട്ടം നടത്തി വളരെക്കാലങ്ങള്‍ക്ക് ശേഷം തന്റെ വേരുകള്‍ അനേ്വഷിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നു. ഗംഗാവാറില്‍ സ്വന്തക്കാരാരുമില്ലെന്ന് തിരിച്ചറിഞ്ഞ വഹാബ്തന്റെ ജന്മനാടിനോട് യാത്ര പറയുന്നു. അഭയാര്‍ത്ഥികളെല്ലാം മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപില്‍ ഒരേ ദേശക്കാരാണെന്ന് അയാള്‍ മനസ്സിലാക്കുന്നു. ഗംഗാവാര്‍ എന്ന   ഇരഗ്രാമം എല്ലാ ഇരഗ്രാമങ്ങളുടെയും തുടര്‍ച്ചയായി ചരിത്രത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
    
     ''ഈശ്വരന്‍ അതിരുകള്‍ വരച്ചു തന്നില്ല. ഭൂമിയുടെ വാത്സല്യത്തിനും അതിരുകളുണ്ടായിട്ടില്ല. പക്ഷെ ഭൂമിക്ക് അവകാശികളായി വന്നവര്‍ വിഭജനരേഖകള്‍ ചമച്ചു. അവരുടെ പ്രമാണങ്ങള്‍ക്ക് ചരിത്രത്തിന്റെ സാധുതയും വേദങ്ങളുടെ സാക്ഷ്യപത്രങ്ങളുമുണ്ടായിരുന്നു
     സൂക്ഷ്മമായ വായന ആവശ്യപ്പെടുന്ന രചനകളാണ് രാജീവന്റേത്. ആദ്യവായനയില്‍ ഒരു പക്ഷെ അത് ആകര്‍ഷകമായി തോന്നണമെന്നില്ല. കവിത പോലെ കുറുകി നില്‍ക്കുന്ന സ്വഭാവമാണ് അതിനുള്ളത്. അമ്പരപ്പിക്കുന്ന കാവ്യബിംബങ്ങള്‍ അതില്‍ ധാരാളമായി കാണാന്‍ സാധിക്കുന്നു. വാചാലത ഒട്ടുമില്ലാതെ രാജീവനെഴുതുന്നു. ആര്‍ദ്രവും സാന്ദ്രവുമായ ഭാഷയില്‍. അതിലെ ആറാത്ത കണ്ണീര്‍ വായനക്കാരന്റെ ഹൃദയത്തെ പൊള്ളിക്കുന്നു.
     ഗൗരവപൂര്‍ണമായ പഠനവും ചര്‍ച്ചകളും രാജീവന്റെ രചനകള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. കാലത്തെ അതിജീവിക്കാനുള്ള അങ്കുരശേഷിയുള്ള അക്ഷരങ്ങള്‍ മലയാള സാഹിത്യത്തിന് സമ്മാനിച്ചതിനു ശേഷമാണ് രാജീവന്‍ കാഞ്ഞങ്ങാട് കടന്നുപോയത്.


No comments:

Post a Comment