Sunday, March 23, 2025

ഒരു മഴത്തുള്ളിയുടെ ഹൃദയപ്രപഞ്ചം വെളിച്ചപ്പെടുന്നു



 
  അജ്ഞാതമായ മനസ്സിലേക്ക് അലഞ്ഞ് തിരിഞ്ഞ് മേഞ്ഞിരുന്ന കാലത്തെന്നോ ഞാന്‍ പെയ്തിറങ്ങിയിരുന്നു. കാലം തീരുവോളം ശരീരം മാറി മാറി എന്നെ പെയ്യാന്‍ ഒരു മനസ്സ്.ചൂടും തണുപ്പും മാറി മാറി എന്റെ ശരീരത്തെ പുതപ്പിക്കുന്നു.
     ചില്ലുജനാലേ നിന്റെ ശരീരം എന്റെ മനസ്സിന്റെ അതേ നിറത്തിലാണല്ലോ. നിന്നെക്കാണുമ്പോള്‍ എന്നില്‍ ഞാന്‍ നിറഞ്ഞു മഴയുന്നുവല്ലോ.
     ഘടികാരമേ എന്റെ ഹൃദയത്തിന്റെ പ്രപഞ്ചതാളം നിനക്കാരാണ് സമ്മാനിച്ചത്. നിന്റെ സങ്കടങ്ങള്‍ക്ക് സംഗീതം നല്‍കി എനിക്കു മതിയാവുന്നീലല്ലോ.
     കുഞ്ഞാലിലേ ഏതു പ്രളയത്തിലും എന്റെ പ്രതീക്ഷയുടെ കുഞ്ഞുങ്ങള്‍ക്ക് നീ തൊട്ടിലും നിന്റെ താരാട്ടും. പ്രളയങ്ങളായ പ്രളയങ്ങള്‍ക്കെല്ലാം ഗര്‍ഭം ധരിക്കാന്‍ എന്റെയുള്ളം.എന്റെ ഹൃദയത്തിനുള്ളില്‍ കാലം പിറക്കാനുള്ള ഊഴം കാത്ത് കഴിയുകയാണല്ലോ. എത്ര വളര്‍ന്നിട്ടും പ്രപഞ്ചത്തിന് എന്റെ തോട് പൊളിച്ച്പുറത്തിറങ്ങാന്‍ കഴിയുന്നീലല്ലോ.
     പറഞ്ഞു തീരാത്ത വാക്ക് എന്റെ ശരീരത്തിലാണൂറിക്കൂടി ശരീരമെടുക്കുന്നത്. അവ്യക്തമായ വേദനകള്‍ എന്നെ കെട്ടിപ്പിടിച്ചാണ് കരയുന്നത്.
     കരയാന്‍ പോലും നേരമില്ലാതെ ദുരിതം പേറുന്നവന് ഞാന്‍ പെയ്തു തന്നെ കുട പിടിക്കുന്നു.
     നല്ല കാലത്തിനായി കുരിശില്‍ കിടന്നു കരഞ്ഞവനേ നിന്റെ സ്വപ്നങ്ങള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ എനിക്കിതു വരെയുമായില്ലല്ലോ.
ആയിരങ്ങളുടെ കിനാവുകളിലേക്ക് തീമഴയായി പെയ്തിട്ടും ആ കണ്ണീരിന്റെ ആവി തണുക്കുന്നില്ലല്ലോ. അവന്റെ കണ്ണീര്‍ ദൈവത്തിന്റെ കിനാവു കാണുന്ന കണ്ണും പൊട്ടിച്ചുവല്ലോ.
     മയിലേ, ജീവന്റെ ഉണ്മ ഹര്‍ഷം ചൂടി എത്ര കാലമായി നീ ഉന്മാദിനിയാവുന്നു.നിന്റെ നൃത്തത്തിന് ഉടുപ്പണിഞ്ഞ പീലികള്‍ പ്രണയിനികളുടെ ഹൃദയപുസ്തകത്തില്‍ ആകാശം കാണ്‍കെ ആയിരമായി പെരുകുന്നുവല്ലോ. ഓരോ പീലിയുടെയും കണ്ണ് എന്റെ നേര്‍ക്കെന്ന് ഞാനറിയുന്നുവല്ലോ.
     കല്‍പ്പടവേ, കരേറുന്നവന്റെ ചവിട്ടേല്‍ക്കിലും നീയവന്റെ വിയര്‍പ്പുപാദം മുത്തുമ്പോള്‍ ആദിയായ ഓരോ കാലൊച്ചയും ജീവസംഗീതമായി എന്നിലൂറുന്നു.
     പിറവിക്ക് പ്രാര്‍ത്ഥിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണീര്‍ ഞാന്‍.വന്ധ്യമേഘങ്ങളുടെ കാറ്റിനോടുള്ള പ്രാര്‍ത്ഥനയിലെ ദൈവം ഞാന്‍.
     കാണാതായവരെ കാത്ത് കാലത്തിന്റെ അങ്ങേ വിദൂരം നോക്കി നോക്കിയിരിക്കുന്നവരുടെ കണ്ണില്‍ പൊടിഞ്ഞ രക്തം ഞാന്‍.
ഇരുട്ടിന്റെ കുപ്പായമിട്ടു വരുന്ന തിരിച്ചറിവില്ലാത്ത ഒച്ചകളെ വിരുന്നൂട്ടി കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന ഭ്രാന്തന്റെ നിലവിളി ഞാന്‍.

     ഉപേക്ഷിക്കപ്പെട്ടവന്റെ അനാഥത്വത്തിന് ആകാശം മേല്‍ക്കൂര കെട്ടുമ്പോള്‍ അവന്റെ നിസ്സഹായതയ്ക്ക് താരാട്ട് കൂടിയവന്‍ ഞാന്‍.
     തിരസ്കൃതന്റെ കുനിഞ്ഞശിരസ്സ് പാതാളമോക്ഷത്തിന് പാദം കാക്കുമ്പോള്‍ അവന് ഹൃദയാകാശം കണ്ണാടി കാട്ടിയവന്‍ ഞാന്‍.
പറയാതെ വിങ്ങുന്ന വാക്കുകളുടെ ആവി ഞാന്‍. പെയ്യാന്‍ മേഘത്തിന്റെ ചിറകു കിട്ടാതെ അലയുന്ന ആത്മാവ്.
    അനാദിയില്‍ പിറവി കൊണ്ട ജീവകണത്തിന്റെ അനന്തമായ കരച്ചില്‍ ഞാന്‍.
     സങ്കടക്കടലേ, കാലം തീരുവോളം ജീവന്റെ പെയ്ത്തു് തുടരണെ എന്ന കൈയുയര്‍ത്തിയുള്ള നിന്റെ പ്രാര്‍ത്ഥന എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട്.
     നിന്റെ പ്രാര്‍ത്ഥന തീര്‍ത്ത മനസ്സ് ഞാന്‍.
     മോഹാകാശമേ, എന്റെ സങ്കല്പങ്ങള്‍ക്ക് ചായം തേയ്ക്കാന്‍ ഒഴിച്ചിട്ട തിരശ്ശീല നീ.കാലവര്‍ഷത്തിന്റെ ഗര്‍ഭപ്പുര.എന്റെ കിനാവുകള്‍ക്ക് ശയ്യ.
ഞാന്‍ അനാദിയില്‍ വെളിച്ചപ്പെട്ട ശബ്ദം.യുഗാന്തരങ്ങളിലെ ജീവന്റെ സംഗീതസ്വരം.
     ജീവനാമം വരച്ചിട്ട ഓരോ മണല്‍ത്തരിയെയും എനിക്കോര്‍മ്മയാവുമ്പോള്‍ ഘടികാരമുനയില്‍ കാലം ഒരു നിമിഷം പോലെ ചെറുതായി ഹൃദരത്തില്‍ തറയ്ക്കുന്നു.ദൈവം ഒരു ജീവകണമായി ഹൃദയത്തില്‍ വിലയിക്കുന്നു.
     പൊരുള്‍ തേടുന്നവന്റെ അറ്റമില്ലാത്ത പാത ഞാന്‍.

2004


Sunday, July 7, 2024

രാജീവന്‍ കാഞ്ഞങ്ങാട്:കാരുണ്യം പെയ്ത കഥാകാരന്‍


     സാമൂഹ്യ സാഹചര്യങ്ങളും വ്യക്തിദുരന്തങ്ങളും നിമിത്തം ജീവിതത്തിന്റെ കയത്തില്‍ പെട്ടുപോയ മനുഷ്യാവസ്ഥകളുടെ സങ്കീര്‍ണതകളാണ് രാജീവന്‍ കാഞ്ഞങ്ങാടിന്റെ കഥകള്‍. പണവും പദവിയും കേന്ദ്രസ്ഥാനത്ത് നിലയുറപ്പിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയില്‍ അവഗണനയില്‍പ്പെട്ട് ചതഞ്ഞമര്‍ന്നു പോവുന്ന സാധാരണ മനുഷ്യരെയാണ് രാജീവന്‍ ചിത്രീകരിക്കുന്നത്. ജീവിതം നല്‍കുന്ന ചെറിയ ചെറിയ സന്തോഷങ്ങള്‍ ഭൂമിയില്‍ തന്നെ എല്ലാവര്‍ക്കും ഓഹരിയായി ലഭിക്കേണ്ടിയിരുന്നതാണ്. എന്നാല്‍ അധ:സ്ഥിതര്‍ക്ക് അതുപോലും നിഷേധിക്കപ്പെടുന്നു. ഈ സങ്കുചിതത്വത്തില്‍ രാജീവന്‍ വേദനിക്കുകയും രോഷം കൊള്ളുകയും ചെയ്യുന്നു. ജീവിതം സാക്ഷാത്കരിക്കുന്നതിനുള്ള ആകുലമായ യാത്രയില്‍ സാധരണക്കാര്‍ ഓരോരുത്തരും അപായപ്പെടുന്ന ദുരന്തം ഈ കഥകളില്‍ കാണാനാവും. ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും സാമൂഹ്യപദവികളുടേയും മിഥ്യയായ അഭിമാനം കൊണ്ടു നടക്കാന്‍ മനുഷ്യരെ പ്രേരിപ്പിച്ച് പരസ്പരം ഇടപഴകാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള കമ്പാര്‍ട്ടുമെന്റുകളില്‍ അവരെ പെടുത്തുന്ന സ്ഥിതിവിശേഷത്തെ രാജീവന്‍ വിമര്‍ശിക്കുന്നു. സമൂഹത്തെ മുന്നോട്ടു നയിക്കുന്ന പാളങ്ങളില്‍ ഈ കമ്പാര്‍ട്ടുമെന്റുകളെ കൂട്ടിയിണക്കാന്‍ ജീവിത ത്യാഗം ചെയ്യുന്നവരുടെ രക്തം ചിതറിത്തെറിക്കുന്നത് ഈ എഴുത്തുകാരന്‍ കാണുകയും ഞെട്ടലുണ്ടാക്കുംവിധം അവതരിപ്പിക്കുകയും ചെയ്യുന്നു. അധികാരത്തിനു വേണ്ടിയുള്ള പടയോട്ടങ്ങള്‍ക്കിടയില്‍ പെട്ട് കാലുകുത്താനുള്ള ഒരടി മണ്ണ് പോലും ഇല്ലാതാവുന്നവര്‍ ജീവിതനൗക തകര്‍ന്ന് കണ്ണീര്‍ക്കടലില്‍ ശ്വാസം കിട്ടാതെ മുങ്ങിമരിച്ച് കടല്‍ത്തീരത്തടിയുന്ന ദുരന്തചിത്രം 'നാവികന്‍' എന്ന നോവലില്‍ കാണാം. ഐലന്‍കുര്‍ദ്ദിയുടെ ചിത്രം ഈ അവസരത്തില്‍ ഓര്‍മ്മവരുന്നു .


   2004ല്‍ പ്രസിദ്ധീകരിച്ച 'അസ്ഥികൂടങ്ങളും പച്ചിലകളും' എന്ന കഥാസമാഹാരമാണ് രാജീവന്‍ കാഞ്ഞങ്ങാടിന്റെ ആദ്യപുസ്തകം. ''ആര്‍ദ്രതയുടെ അരുവികള്‍ അനുനിമിഷം വറ്റിക്കൊണ്ടിരിക്കുന്ന ആസുരകാലത്ത് മാനവികതയുടെ നക്ഷത്രശോഭ പ്രസരിപ്പിക്കാന്‍ ഈ കഥകള്‍ക്ക് സാധിക്കുന്നുവെന്ന്'' അവതാരികയില്‍ വാസുചേറോട് അഭിപ്രായപ്പെടുന്നു. 2006ല്‍ പ്രസിദ്ധീകരിച്ച നാവികന്‍' എന്ന നോവല്‍ അഭയാര്‍ത്ഥികളുടെ കദനമാണ് പറയുന്നത്. ''ഉപദേശീയതയുടെ ജനാധിപത്യവല്‍ക്കരണത്തെപ്പറ്റി ശക്തമായി ആവിഷ്‌കരിക്കപ്പെട്ട കൃതിയാണ് ഇതെന്ന്'' അവതാരികയെഴുതിയ എം.. റഹ്മാന്‍ പറയുന്നു. 2010ല്‍ പ്രസിദ്ധീകരിച്ച 'മൂന്ന് വ്യത്യസ്ത കമ്പാര്‍ട്ടുമെന്റുകള്‍' എന്ന കഥാസമാഹാരം അധിനിവേശത്തിന്റെ കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ ജീവിതങ്ങളെ അനാവരണം ചെയ്യുന്നു. ''മനുഷ്യപ്പറ്റുള്ള കഥകള്‍'' എന്ന് അവതാരികയില്‍ വത്സന്‍ പിലിക്കോട്. എഴുതി പൂര്‍ത്തിയാക്കിയ ഒരു നോവലും ഒട്ടേറെ ചെറുകഥകളും ഇനിയും വെളിച്ചം കണ്ടിട്ടില്ല. കാഞ്ഞങ്ങാടാണ് രാജീവന്‍ എന്ന സാംസ്‌കാരിക പ്രവര്‍ത്തകന്റെ തട്ടകം. മാതൃകാപരമായിരുന്നു രാജീവന്റെ പ്രവര്‍ത്തനങ്ങള്‍. ജനകീയമായി ലളിതഗാനം നിര്‍മ്മിച്ച് വിതരണം ചെയ്ത 'ഗാനമയൂഖം' എന്ന സംരംഭത്തിന്റെ പ്രധാന സംഘാടകനായിരുന്നു രാജീവന്‍. ഇതിലെ മൂന്ന് ഗാനങ്ങള്‍ക്ക് രാജീവന്‍ രചന നിര്‍വഹിച്ചു.

     അനാഥത്വം ചൊരിഞ്ഞ ചോര ഓരോ മണ്‍തരിയിലും മണക്കുന്ന കഥകളാണ് 'അസ്ഥികൂടങ്ങളും പച്ചിലകളും' എന്ന സമാഹാരത്തില്‍. സാമൂഹ്യവ്യവസ്ഥിതി നിഴല്‍പ്പരുവത്തിലാക്കിയ യന്ത്രമനുഷ്യരെ ഈ കഥകളില്‍ അവതരിപ്പിക്കുന്നു. ജീവിതം പച്ചപിടിപ്പിക്കുന്നതിനായി മറുനാട്ടിലെത്തുന്നവരുടെ മനുഷ്യജീവിതം മരുപ്പറമ്പായി മാറുന്ന വൈപരീത്യം 'കസ്തൂരിമാന്‍' എന്ന കഥയില്‍ കണ്ടറിയുന്നു. അവരുടെ ഭൂമിയിലേക്ക് ആകാശത്തു നിന്നും നിലാവിറങ്ങാന്‍ മടിച്ചു നില്‍ക്കുന്നു. ആഴവും പരപ്പുമുള്ള ഇവരുടെ ജീവിതത്തിലെ കടലുകളും മരുഭൂമികളും ചുരുക്കം വാക്കുകള്‍ കൊണ്ട് അനുഭവിപ്പിക്കാനുള്ള കഥാകാരന്റെ മിടുക്ക് വിസ്മയാവഹമാണ്. മകളെ നഷ്ടപ്പെട്ട അച്ഛന്റെ അനേ്വഷണങ്ങളാണ് 'അസ്ഥികൂടങ്ങളും പച്ചിലകളും' എന്ന കഥയില്‍. സത്യത്തിന്റെ കാണാത്ത പുറങ്ങളിലുള്ള മണ്ണിലിറ്റുവീണ രക്തത്തുള്ളികളെ കഥാകൃത്ത് കണ്ടെടുക്കുന്നു. ലാഭനഷ്ടങ്ങളെക്കുറിച്ചുള്ള അറിവുകള്‍ ചെറിയതാണെന്ന് വിശ്വസിക്കുന്നവരുടെ സര്‍ഗ്ഗാത്മകത വിപണി സംസ്‌കാരത്തില്‍പ്പെട്ട് വിലയറിയാതെ പോവുന്ന വേദനയാണ് 'ഒരു പഴയ ചിത്രം എന്ന കഥയില്‍. മനുഷ്യദുരിതങ്ങളെ അകേ്വറിയം നോക്കുന്ന കൗതുകത്തോടെ മാത്രം നോക്കുന്ന സമൂഹത്തിന്റെ കാഴ്ചരോഗം ഈ കഥയില്‍ വിവരിക്കുന്നു. അനാഥ ജീവിതങ്ങളോട് മനുഷ്യത്വമില്ലാത്ത സമൂഹത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന ഒരെഴുത്തുകാരനെ ഇവിടെ കാണാം. 'വഴിമാറുന്ന വാക്കുകള്‍' എന്ന കഥയില്‍ ധാര്‍മ്മികതയുടെ ട്രാക്ക് തെറ്റിച്ച് വിജയപീഠത്തിചെത്തുന്നവര്‍ പെരുകുന്ന മത്സരത്തിന്റെ ലോകം വിപണി സംസ്‌കാരമുണ്ടാക്കിയതാണെന്ന് തിരിച്ചറിയുന്നു. സത്യം വിളിച്ചു പറയുന്ന എഴുത്തുകാരുടെ ജീവിതം ദുഃസ്വപ്നസമാനമായിത്തീരുന്ന വര്‍ത്തമാന ദുരന്തം 'അവസാനലക്കം' എന്ന കഥ മുന്‍കൂട്ടി കാണുന്നു. കഥാകൃത്തിന്റെ ഹൃദയത്തില്‍ നിന്ന് അക്ഷരങ്ങളോടൊപ്പം കണ്ണീര് അടര്‍ന്നുവീണ് പുസ്തകത്താളില്‍ പടരുന്നത് ശ്രദ്ധാപൂര്‍വ്വം ഈ കഥകളെ പിന്തുടര്‍ന്നാല്‍ തിരിച്ചറിയും.
   
വ്യക്തിദുരന്തങ്ങള്‍ക്ക് കാരണമായ സാമൂഹ്യപശ്ചാത്തലം അനേ്വഷിക്കുന്ന എഴുത്തുകാരനെയാണ് 'മൂന്നു വ്യത്യസ്ത കമ്പാര്‍ട്ടുമെന്റുകള്‍' എന്ന സമാഹാരത്തില്‍ കാണുന്നത്. സാമ്പത്തികമായ ഏറ്റക്കുറച്ചിലുകള്‍ ബന്ധങ്ങളിലെ മാനുഷികത ചോര്‍ത്തിയെടുക്കുകയും ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്യുന്ന അധഃസ്ഥികര്‍ക്ക് ജീവിതം അപായകരമായിത്തീരുകയും ചെയ്യുന്നു. 'മൂന്നു വ്യത്യസ്ത കമ്പാര്‍ട്ടുമെന്റുകള്‍' എന്ന കഥ ഈ സ്ഥിതിവിശേഷത്തെ അവതരിപ്പിക്കുന്നു. സമ്പത്ത് ഓരോ മനുഷ്യനെയും ഓരോരോ കമ്പാട്ടുമെന്റുകളില്‍ ഒതുക്കിത്തീര്‍ക്കുന്നു. ശീതികരിച്ച കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്നവര്‍ പാളത്തില്‍ ചിതറിത്തെറിക്കുന്ന സഹോദരങ്ങളുടെ ചോരത്തുള്ളികള്‍ എത്തിനോക്കാന്‍ പോലും മടിക്കുന്നു. 'വിചാരണയ്ക്ക് മുന്‍പെ' എന്ന കഥ പ്രവാസികളുടെ ജീവിതമാണ്. ആകാശത്തിലെ വിമാനം നഴ്‌സറി വിദ്യാര്‍ത്ഥികള്‍ നോക്കി കൗതുകം കൊള്ളുന്നതുപോലെ അകലെ നിന്നു മാത്രം നാം അവരുടെ ജീവിതം നോക്കുന്നു. മധ്യവര്‍ഗ്ഗത്തിന്റെ ആര്‍ത്തിപിടിച്ച ജീവിതം ഇതില്‍ കാണാം. കാത്തിരിപ്പിന് ക്ഷമയില്ലാതെ വലിയ വലിയ വാഹനങ്ങളില്‍ മലയാളി സഞ്ചരിക്കാന്‍ വെമ്പുന്ന കാഴ്ച ഇവിടെ അവതരിപ്പിക്കുന്നു. പാതയുടെ അരികു ചേര്‍ന്ന് നടക്കുന്നവരെ പാതാളങ്ങളിലേക്ക് പറഞ്ഞയക്കുന്നു. ഈ പാതയരികത്ത് സ്ഥാപിച്ച കൂറ്റന്‍ പരസ്യപലകയ്ക്കു മുന്നില്‍ മനുഷ്യന്‍ എത്ര ചെറുതായി പോവുന്നു എന്ന് കഥാകൃത്ത് വിമര്‍ശിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്വാഭാവിക ചേര്‍ച്ച അവസാനിക്കുകയും പുതിയ പുതിയ ജാതിമതങ്ങള്‍ മനുഷ്യര്‍ തമ്മിലുള്ള ചേര്‍ച്ച തീരുമാനിക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥയും ഇവിടെ വിമര്‍ശനവിധേയമാക്കുന്നുണ്ട്.
പ്രകൃതി എല്ലാവര്‍ക്കുമായി കനിഞ്ഞു നല്‍കിയ സൗഭാഗ്യങ്ങള്‍ നിലവിലെ സാമൂഹ്യവ്യവസ്ഥയില്‍ അധീശവര്‍ഗ്ഗം അധഃസ്ഥിതർക്ക നിഷേധിക്കുന്ന ചിത്രം 'ഹദീസുമാല' എന്ന കഥയില്‍ വരച്ചു കാട്ടുന്നു. ജീവിക്കുന്നതിനായി മനഃസ്സാക്ഷിയെ പൂട്ടിയിട്ട മനുഷ്യരുടെ ദുരവസ്ഥ 'കന്യാകുമാരി' എന്ന കഥയില്‍ കാണുന്നു. വിലതകര്‍ന്ന കര്‍ഷകസമൂഹത്തിന്റെ കഥയാണ് 'മലപ്പട്ടത്ത് ഒരു തോമ'. കര്‍ഷകരുടെ ജീവിതം മുളപൊട്ടാതെ പാഴായിപ്പോകുന്ന വിത്തുകള്‍ പോലെയാണ്. നമ്മുടെ  കണക്കെടുപ്പുകളിലൊന്നും അ്വരുടെ ജീവിതം വരുന്നില്ല. ആത്മഹത്യയുടെ മുനമ്പില്‍ നില്‍ക്കുന്ന അവരെ എളുപ്പത്തില്‍ കണക്കെടുക്കുന്നതിന് വേണ്ടിയാവാം മരണത്തിലേക്ക് തള്ളിവീഴ്ത്തുന്നത്.
പുരുഷസമൂഹം തെരുവു പട്ടികളെപ്പോലെ മാംസദാഹികളായി മാറിക്കൊണ്ടിരിക്കുന്ന ഭീതിജനകമായ സമൂഹത്തിലാണ് നമ്മുടെ പെണ്‍കുട്ടികള്‍ വഴി നടക്കുന്നത്. ഈ പെണ്‍കുട്ടികള്‍  നമ്മുടെ കുട്ടികളാണ് എന്ന് ഓര്‍മ്മപ്പെടുത്തലാണ് 'പിന്നിലേക്ക് തിരിയുന്ന പൂവ്' എന്ന കഥ.
     കഷ്ടപ്പെടുന്നവരെ മനസ്സിലാക്കാത്ത പ്രദേശം മനുഷ്യരില്ലാത്ത പ്രദേശമാണ് എന്ന് 'നോ മാന്‍സ് ലാന്റ്' എന്ന കഥയില്‍ വിമര്‍ശിക്കുന്നു. കച്ചവടത്തിന്റെ കത്തി കയ്യിലേന്തിയ ആതുരാലയങ്ങളാണ് 'ഉസിലാംപെട്ടി പെണ്‍കുട്ടി' എന്ന കഥയില്‍.
ആഗോളവല്‍ക്കരണ ഫലമായി ജീവിതം യാതനാപൂര്‍ണ്ണമായത് ഓരോ കഥകളിലും നിറഞ്ഞു നില്‍ക്കുന്നു. വിപണിയുടെ പ്രത്യയശാസ്ത്രം സമൂഹമനസ്സിലെ ആര്‍ദ്രത ഇല്ലാതാക്കുന്നതിലുള്ള ഉത്കണ്ഠയാണ് രാജീവനെക്കൊണ്ട് കഥയെഴുതിച്ചത്.
    
കാസര്‍കോടന്‍ പ്രദേശത്തിന്റെ സാംസ്‌കാരിക വൈവിധ്യം അനേ്വഷിക്കുന്ന ഒരെഴുത്തുകാരനെ 'നാവികന്‍ എന്ന നോവലില്‍ കാണാന്‍ കഴിയും. സപ്തഭാഷാ സംഗമഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ദേശത്തോടുള്ള രാജീവന്റെ അഭിനിവേശം ഈ നോവലില്‍ വായിച്ചെടുക്കാം. യക്ഷഗാനം, ഹരികഥാകാലക്ഷേപം, ഇശല്‍, സബീനാപാട്ട്, ബയലാട്ടം, ദഫ്മുട്ട്, അരവണമുട്ട്, നവരാത്രി വേഷം, അലാമിക്കളി, പുലിവേഷം, തുടങ്ങിയ കാസര്‍ഗോഡിന്റെ സാംസ്‌കാരിക മുദ്രകള്‍ നോവലിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. ഈ നോവലിന്റെ ഭൂമികയായ ഗംഗാവാറിലെ നാട്യകലാസദനം അതിരുകളില്ലാത്ത മനസ്സുമായി മനുഷ്യര്‍ മനുഷ്യരായി ഇടപഴകുന്ന ആദര്‍ശ ദേശമാണ്. അധിനിവേശം അതിലെ അന്തേവാസികളെ അഭയാര്‍ത്ഥികളാക്കി നടുക്കടലിലെത്തിക്കുന്നു. നങ്കൂമിടാനാവാതെ നാവികരോരോന്നും മുങ്ങിത്താഴുന്നു.
     'നാവികന്റെ കഥാശം ഈ വിധമാണ്. ഇന്ത്യാവിഭജന സമയത്ത് പാക്കിസ്ഥാനില്‍ നിന്നും നവ്ഖാലിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിച്ചേരുന്ന ബ്യാരി ഗുല്‍മുഹമ്മദ് എന്ന സൂഫിഗായകന്‍ അവിടെ നിന്നും കാസര്‍കോടന്‍ ഗ്രാമമായ ഗംഗാവാറില്‍ എത്തിച്ചേരുന്നു. ഗംഗാവാറിലെ നാട്യകലാസദനം എന്ന കലാമന്ദിരത്തിലെ അന്തേവാസിയായിത്തീരുന്നു. കാലാന്തരത്തില്‍ ശേഷപ്പ ഭണ്ഡാരി എന്ന ഹിന്ദുവര്‍ഗീയവാദി നാട്യകലാസദനത്തിന്റെ അവകാശത്തിനായി ഗുല്‍മുഹമ്മദുമായി നിയമയുദ്ധം നടത്തുന്നു. ഗുല്‍മുഹമ്മദിനെയും കുടുംബത്തെയും പാക്കിസ്ഥാന്‍ ചാരന്മാരായി മുദ്രകുത്തുന്നു. നിയമയുദ്ധത്തില്‍ ശേഷപ്പ ഭണ്ഡാരി ജയിക്കുകയും ഗുല്‍മുഹമ്മദിനും കുടുംബത്തിനും അഭയസ്ഥാനം നഷ്ടപ്പെടുകയും ചെയ്യുന്നു. കപ്പല്‍ക്കാരനായ ചെറുമകന്‍ വഹാബ് കപ്പല്‍ യാത്രയില്‍ വെച്ചാണ് തന്റെ കുടുംബത്തിന്റെ ദുരന്തം അറിയുന്നത്. വഹാബ് തന്റെ മെക്‌സിക്കോകാരന്‍ സുഹൃത്ത് ഡെല്ലാസിന്റെ കള്ളപാസ്‌പോര്‍ട്ടില്‍ ആള്‍മാറാട്ടം നടത്തി വളരെക്കാലങ്ങള്‍ക്ക് ശേഷം തന്റെ വേരുകള്‍ അനേ്വഷിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നു. ഗംഗാവാറില്‍ സ്വന്തക്കാരാരുമില്ലെന്ന് തിരിച്ചറിഞ്ഞ വഹാബ്തന്റെ ജന്മനാടിനോട് യാത്ര പറയുന്നു. അഭയാര്‍ത്ഥികളെല്ലാം മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപില്‍ ഒരേ ദേശക്കാരാണെന്ന് അയാള്‍ മനസ്സിലാക്കുന്നു. ഗംഗാവാര്‍ എന്ന   ഇരഗ്രാമം എല്ലാ ഇരഗ്രാമങ്ങളുടെയും തുടര്‍ച്ചയായി ചരിത്രത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
    
     ''ഈശ്വരന്‍ അതിരുകള്‍ വരച്ചു തന്നില്ല. ഭൂമിയുടെ വാത്സല്യത്തിനും അതിരുകളുണ്ടായിട്ടില്ല. പക്ഷെ ഭൂമിക്ക് അവകാശികളായി വന്നവര്‍ വിഭജനരേഖകള്‍ ചമച്ചു. അവരുടെ പ്രമാണങ്ങള്‍ക്ക് ചരിത്രത്തിന്റെ സാധുതയും വേദങ്ങളുടെ സാക്ഷ്യപത്രങ്ങളുമുണ്ടായിരുന്നു
     സൂക്ഷ്മമായ വായന ആവശ്യപ്പെടുന്ന രചനകളാണ് രാജീവന്റേത്. ആദ്യവായനയില്‍ ഒരു പക്ഷെ അത് ആകര്‍ഷകമായി തോന്നണമെന്നില്ല. കവിത പോലെ കുറുകി നില്‍ക്കുന്ന സ്വഭാവമാണ് അതിനുള്ളത്. അമ്പരപ്പിക്കുന്ന കാവ്യബിംബങ്ങള്‍ അതില്‍ ധാരാളമായി കാണാന്‍ സാധിക്കുന്നു. വാചാലത ഒട്ടുമില്ലാതെ രാജീവനെഴുതുന്നു. ആര്‍ദ്രവും സാന്ദ്രവുമായ ഭാഷയില്‍. അതിലെ ആറാത്ത കണ്ണീര്‍ വായനക്കാരന്റെ ഹൃദയത്തെ പൊള്ളിക്കുന്നു.
     ഗൗരവപൂര്‍ണമായ പഠനവും ചര്‍ച്ചകളും രാജീവന്റെ രചനകള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. കാലത്തെ അതിജീവിക്കാനുള്ള അങ്കുരശേഷിയുള്ള അക്ഷരങ്ങള്‍ മലയാള സാഹിത്യത്തിന് സമ്മാനിച്ചതിനു ശേഷമാണ് രാജീവന്‍ കാഞ്ഞങ്ങാട് കടന്നുപോയത്.


Thursday, October 12, 2023

ചുണ്ടൊപ്പ്: എം.വി.ഷാജിയുടെ പുസ്തകപരിചയം

വായന

ചുണ്ടൊപ്പ്: തോക്ക് തോക്കുന്ന
വാക്കിന്റെയൂക്ക് !
  - - - - - - - - - - - - - - -

But I don't shut up and 
I don't die.
I live
and fight, maddening
those who rule my country.

For if I live
I fight,
and if I fight
I contribute to the dawn.
                     -Otto Rene Castillo

എഴുത്തുകാർ എന്നും സൗവർണ പ്രതിപക്ഷമാണ്. വരൂ കാണൂ ഈ തെരുവിലെ ചോര എന്ന് നെഞ്ചുകീറി നേരിനെ കാട്ടുന്നവർ, അധികാരത്തിന്റെ സുഖശീതളിമകളോ, അതു വച്ചുനീട്ടുന്ന പദവിമൂല്യങ്ങളുടെ പ്രലോഭനമോ അല്ല, അഭിശപ്തരും തിരസ്കൃതരും പാർശ്വവൽകൃതരുമായ അടിസ്ഥാന മനുഷ്യന്റെ അസുന്ദരമായ ജീവിതമാണ് അവർക്ക് മഷിപ്പാത്രം ലോകത്തെ മാറ്റിത്തീർത്ത മഹത്തായ വിപ്ലവങ്ങൾക്കു പിന്നിലെ മഹാഖ്യാനങ്ങളെ മറക്കാവതല്ല. എഴുത്തിനും ചിന്തയ്ക്കും ലോകത്തെ മാറ്റിമറിക്കാനാവുമെന്ന സാമൂഹിക യാഥാർത്ഥ്യം ഈ സത്യാനന്തര കാലത്തും നില നിൽക്കുന്നു.

സാമൂഹിക- സാംസ്കാരിക വിഷയങ്ങളിൽ സധൈര്യം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന ആക്ടിവിസ്റ്റും  സാംസ്കാരികപ്രവർത്തനങ്ങളുടെ സംഘാടകനും കവിയും
യുവകലാസാഹിതിയുടെ സംസ്ഥാന സെകട്ടറിയുമായ ജയൻ നീലേശ്വരത്തിന്റെ ചുണ്ടൊപ്പ് എന്ന കവിതാസമാഹാരത്തിന്റെ വായന എഴുത്തിന്റെ സാമൂഹ്യ ധർമ്മത്തെക്കുറിച്ചുള്ള ആഴമേറിയ വിചാരങ്ങളോ വിചാരണകളോ ആവുന്നുണ്ട്. യുവകലാസാഹിതിയാണ്
പ്രസാധനം. ആലങ്കോടിന്റെ ആത്മാർഥമായ അവതാരിക. മാധവൻ പുറച്ചേരിയുടെ മൂല്യവത്തായ പഠനം ! ജയന്റെ നിലപാട് നട്ടെല്ലു വളയ്ക്കാത്ത, ആർജ്ജവത്തിന്റെ ആരുറപ്പുള്ള  27 കവിതകൾ

ഒന്ന്

The idea of nature contains, through often unnoticed, an extraordinary amount of human history.   -Raymond Williams

'പ്രകൃതിയെക്കുറിച്ചുള്ള ആശയം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നുണ്ടെങ്കിലും അസാധാരണമായ ഒരു മനുഷ്യചരിത്രം അതിൽ അന്തർഭവിക്കുന്നുണ്ട്' എന്ന് സാംസ്കാരികപഠനങ്ങളിലും സാംസ്കാരിക ഭൗതികവാദത്തിലും മാർക്സിസത്തിലുമൊക്കെ ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയെ ഏറെ സ്വാധീനിച്ച ചിന്തകനായ റെയ്മണ്ട് വില്യംസ് തന്റെ താക്കോൽ പദങ്ങൾ (Keywords) എന്ന സാഹിത്യ-സാംസ്കാരിക പഠനഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നുണ്ട്. 

സംസ്കാരത്തിന്റെ വളർച്ച ആത്യന്തികമായി സർവ്വനാശത്തിലേക്കാണ് എന്ന് ഫ്രോയ്ഡിനെപ്പോലുള്ള മനഃശാസ്ത്രജ്ഞരും, ആധുനിക നാഗരികത ഒരു ചെരിയുന്ന ഗോപുരമാണ് എന്ന് വിർജീനിയവുൾഫിനെപ്പോലുള്ള എഴുത്തുകാരും വൈരുദ്ധ്യാത്മകമായി നാഗരികതയെ നിർണ്ണയിച്ചിട്ടുമുണ്ട്. പലപ്പോഴും മാനുഷികതയുടെ മറുപുറമായി പ്രകൃതിയെ പ്രതിഷ്ഠിക്കാനുള്ള ന്യായങ്ങൾ വസ്തുതാപരമായി തന്നെ വിലയിരുത്തുന്നതാണ് ഉചിതവും.

പരിസ്ഥിതി ഒരു രാഷ്ട്രീയ വിവക്ഷയാണ്. ആധുനിക നാഗരികത, അതിന്റെ വികസന പ്രത്യയശാസ്ത്രം ഒക്കെ മുതലാളിത്ത പരിപ്രേക്ഷ്യമാണ്. ആഗോളവ്യാപകമായി ഗ്രീൻ പൊളിറ്റിക്സ് ഇടതുപക്ഷത്താവുന്നത് വികസനമെന്ന കോർപ്പറേറ്റ് മുതലാളിത്ത സങ്കല്പനത്തിന്റെ പുറത്ത് എപ്പോഴും പരിസ്ഥിതി വരുന്നു എന്നതുകൊണ്ടാണ്. മനുഷ്യനും പരിസ്ഥിതിയും വ്യത്യസ്തങ്ങളായ അസ്തിത്വങ്ങളാണ് എന്നും മനുഷ്യന് പുറത്തു നിലനിൽക്കുന്നതാണ് പരിസ്ഥിതി എന്നതും നമ്മുടെ പ്രബലമായ അന്ധവിശ്വാസവും ചൂഷണം ചെയ്യപ്പെടുന്നത് പരിസ്ഥിതിയാവുമ്പോൾ , 'ചൂഷണ'മെന്ന വാക്കുപോലും പവിത്രമാവുന്നു എന്ന വൈരുധ്യാത്മകവാദവും നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്.

രണ്ട്

'വിശാലകേരളം, വിലോലമോഹനം' - എന്നൊക്കെ പാടാമെങ്കിലു 38863 ച.കി.മീറ്റർ മാത്രം ഭൂവിസ്തൃതിയുള്ള  (ഇന്ത്യൻ ഭൂവിസ്തൃതിയുടെ 1.18%) പാവയ്ക്കാ വലുപ്പമുള്ള ഒരു സംസ്ഥാനമാണ്   കേരളം എന്നത് യാഥാർത്ഥ്യം!  കിഴക്കുനിന്ന് പടിഞ്ഞാറോട്ട് മുറം കമിഴ്ത്തിയതു പോലെ ചരിഞ്ഞു കിടക്കുന്ന ഭൂപ്രകൃതി. സമുദ്രനിരപ്പിൽ നിന്ന്
7.5 മീറ്റർ വരെ ഉയരമുള്ള തീരദേശം,7.5 മുതൽ 75 മീറ്റർ വരെ ഉയരത്തിൽ ഇടനാട്, 75 മീറ്ററിനു മേൽ ഉയരമുള്ള മലനാട് -ഇത്രയും സ്റ്റാറ്റിസ്റ്റിക്സ് പ്രൈമറി കുട്ടിക്കുപോലും ഹൃദിസ്ഥം.
മലയിൽ നിന്ന്   കടലിലേക്ക് ശരാശരി അകലം 60 കിലോമീറ്ററാണ്.
അതായത് കെ. റെയിൽ വേഗത്തിൽ 24 മിനിറ്റ് സഞ്ചാരദൂരം. മലയിൽ പെയ്യുന്ന വെള്ളം 60കിലോമീറ്റർ കുതിച്ചൊഴുകിയാൽ കടലിലെത്തും. ഇടയിലെ ഇടനാടൻ ചെങ്കൽക്കുന്ന്
തട്ടി നിരപ്പാക്കിയാൽ കുതിച്ചൊഴുക്കിന് വേഗം കൂടും. 6 മാസത്തിലേറെ മഴ പെയ്തിട്ടും
കൊടുംവരൾച്ചയ്ക്ക് കേരളം സാക്ഷ്യം വഹിക്കുന് ത്  ഈ ഭൂപ്രകൃതി കൊണ്ട്.
പ്രളയം, ഉരുൾപൊട്ടൽ, കുന്നിടിച്ചിൽ, ഭൂകമ്പം തുടങ്ങി പല തരത്തിലുള്ള
പാരിസ്ഥിതിക ദുരന്തങ്ങൾക്കെല്ലാം ഈ പരിസ്ഥിതി ലോല ഭൂമിശാസ്ത്ര സവിശേഷതകൾ കാരണമാവുന്നു.

സോപ്പ് മുറിയുന്ന ലാഘവത്തോടെ നമ്മുടെ ഉറപ്പുകളുടെ സംസ്ഥാന പാതകൾ ജലത്തിന്റെ ഈർച്ചവാളിനാൽ മുറിക്കപ്പെടുന്നതും അനധികൃതമായി  പ്രകൃതിയെ വെല്ലുവിളിച്ച് കെട്ടിപ്പൊക്കിയ സൗധങ്ങളും റിസോർട്ടുകളുമൊക്കെ തകർന്നടിയുന്നതും
നാമജപഘോഷയാത്രക്കാരും കുരിശിന്റെ വഴിക്കാരും കുമ്പിട്ടു നിസ്കരിക്കുന്നവരും
ജാതി വർണ്ണ വർഗ്ഗ ലിംഗ രാഷ്ട്രീയ ഭേദമന്യേ ദുരിതാശ്വാസ ക്യാമ്പുകളിൽ അടിഞ്ഞതും പ്രളയകാലത്ത് നാം കണ്ടതാണ്.

പക്ഷെ ഒറ്റവേനലിൽ നമ്മളതൊക്കെ മറന്നു… ഗാഡ്ഗിലിനെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന്    മുറവിളി കൂട്ടിയ സൈബർ ബുജികൾ മുതൽ സാധാരണ 'ജി' കൾ വരെ ഗാഡ്ഗിലിനെ മറന്നു … നമ്മളിപ്പോൾ അതിവേഗ ബഹുദൂര പാതയുടെ മോഹാവേശങ്ങളിൽ
വായുവേഗത്തിൽ
സ്വപ്നസഞ്ചാരം നടത്തുകയാണ്. 

പശ്ചിമഘട്ടത്തിന്റെ സംരക്ഷണമായിരുന്നു ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലം, പശ്ചിമഘട്ടത്തിന്റെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും പാരിസ്ഥിതികത്തകർച്ചയുടെ പശ്ചാത്തലത്തിലാണ് ഗാഡ്ഗിൽ റിപ്പോർട്ട് രൂപപ്പെടുന്നത്. തെക്ക് കന്യാകുമാരി മുതൽ വടക്ക് തപതീ തീരംവരെ നീണ്ടുകിടക്കുന്ന പാരിസ്ഥിതിക ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടം. ഇതിൽ തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു, തമിഴ്നാട്, കേരളം, കർണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്. ഏതാണ്ട് 25 കോടി ജനങ്ങളുടെ ആവാസസ്ഥലമാണിത്. ഇതിൽ പ്രധാനപ്പെട്ട സ്ഥാനമാണ് കേരളത്തിനുള്ളത്
ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലിൽനിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്. ലോകത്തിലെ 35 ജൈവവൈവിധ്യസമ്പന്നമായ സ്ഥാനങ്ങളിൽ ഒന്നാണ് പശ്ചിമഘട്ടം. അതിൽത്തന്നെ, അപൂർവമായ എട്ടു സ്ഥാനങ്ങൾ തിരഞ്ഞെടുത്തതിലൊന്ന് പശ്ചിമഘട്ടമാണ്.
തല്കാലം പശ്ചിമഘട്ടമൊക്കെ നമുക്ക് മറക്കാം.ഇനി നമുക്ക് ഗാഡ്ഗിലിനെ പായ തെരയ്ക്കുന്നതു പോലെ തെരച്ചു വെയ്ക്കാം. ഇത്തരം യാഥാർത്ഥ്യങ്ങളുടെ
വരണ്ട നിലത്തു ചവിട്ടി നിന്നാണ്     കോർപറേറ്റ് വികസനമെന്ന വലതുപക്ഷ അജണ്ടയെ അഭിമുഖീകരികേണ്ടത്.

മൂന്ന്

ചുണ്ടൊപ്പിലെ 27 കവിതകളിൽ മിക്കതും ഈയൊരു പാരിസ്ഥിതി ക ബോധ്യത്തിത്തിന്റെ
ഉള്ളുണർവാണ്. എഴുത്ത് പ്രതിരോധമോ പ്രതിഷേധമോ അവനവനിലെ വലതുപക്ഷ ബോധ്യങ്ങളെ ശുദ്ധീകരിക്കുന്ന രാഷ്ട്രീയ പ്രക്രിയയോ ഒഴുക്കിനൊപ്പം നീന്താതെ
അതിനെ മുറിച്ചു കടക്കാനുള്ള പ്രത്യയശാസ്ത്ര ദാർഢ്യമോ ആണെന്ന് തിരിച്ചറിയുന്ന
അപൂർവം പുതുകവികളിൽ ജയൻ നീലേശ്വരമുണ്ടെന്ന ഉറപ്പിന്റെ പിൻബലമിതാണ്.

എഴുത്തുകാരന് പക്ഷമുണ്ട്നിഷ്പക്ഷതയോളം നികൃഷ്ടമായ പക്ഷമേത്? എഴുത്തിന് നിലപാടുണ്ട്. നിലപാടില്ലായ്മയേക്കാൾ ദുഷിച്ച നിലപാടേത്? എഴുത്തിന്റെ പക്ഷം മനുഷ്യ പക്ഷമാണ്.കോർപ്പറേറ്റ് വികസനത്തിൽ പ്രതിസ്ഥാനത്താവുന്ന പരിസ്ഥിതി എന്നും
ഒരിടതു പരിപ്രേക്ഷ്യമാണ്. ഇതാണ് ചുണ്ടൊപ്പ് എന്ന കവിതാ സമാഹാരത്തിന്റെ  പക്ഷവും.


ജീവികൾക്കൊക്കെയും വേണമല്ലോ മറ്റുള്ള ജീവികൾ തൻ സഹായം എന്ന്
ബ്രഹ്തിലേക്ക് നീളുന്ന മനുഷ്യനും മനുഷ്യനും തമ്മിലോ ജീവിവർഗ്ഗങ്ങൾ തമ്മിൽ തമ്മിലോ
നിലനിൽക്കുന്ന, നിലനിൽക്കേണ്ട ഒരു പാരസ്പര്യം കവിതകളുടെ അന്തർധാരയാവുന്നുണ്ട്.

പുതു കവിതകളുടെ സഹജാവബോധമായ സൂക്ഷ്മനിരീക്ഷണങ്ങളും
കവിതയെന്നു തോന്നിക്കുന്ന പതിനായിരം വാക്കുകളുടെ നിരാകരണവും സാധിക്കുന്നതോടൊപ്പം പുതുകവിതയിൽ താരതമ്യേന പ്രകടമല്ലാത്ത പ്രത്യക്ഷ രാഷ്ട്രീയ വിചാരണകളാണ് ജയന്റെ കവിതകളിലെ ഈടുവയ്പ്പ്. സോമൻ കടലൂരിനെയോ പി.എൻ. ഗോപീകൃഷ്ണനെയോ പോലുള്ള ചുരുക്കം ചിലർ പുതുകവിതയിൽ
ചെയ്തതിന്റെ തുടർച്ച. ശവപാത, പരബ്രഹ്മപുരം, പോരാട്ടം, ആകാശവും തൂവലും, തീവേനൽ,
പച്ചക്കവിത, തുടങ്ങിയ കവിതകളുടെ ശീർഷങ്ങളിൽ പോലും ഈ രാഷ്ട്രീയമുണ്ട്.

ശാർദ്ദൂലവിക്രീഡിതമെന്ന കവിതയിലെ ക്വാറിയുടമകളുടെ സംസ്ഥാന സമ്മേളത്തിനും ആഗോള കേരള പരിസ്ഥിതി സമ്മേളനത്തിനും അവതരിപ്പിക്കാനുള്ള
രണ്ട് പ്രസംഗങ്ങൾ കീശയിലിട്ട് നടക്കുന്ന വൈരുധ്യാത്മക സാംസ്കാരിക ബുദ്ധിജീവി നായകൻ ഈ സത്യാനന്തര കാലത്ത് ഒട്ടും അതിശയോക്തിയല്ല.. തോക്ക്, തോക്ക് എന്നായുധങ്ങൾ മനഷ്യന് നേർക്ക് വെടിയുതിർക്കുമ്പോഴും നെഞ്ചു വിരിച്ചു നിന്ന്
തോക്കില്ല, തോക്കല്ല എന്ന് വാക്ക് എന്ന കവിത, അടയാളത്തിൽ അതിവേഗ പാത
മുറിച്ച് അക്കരെയെത്താൻ അനങ്ങിത്തുടങ്ങുന്ന ഒച്ച് ഏത് ഭരണത്തിലും പ്രതിപക്ഷമാവുന്ന അടിസ്ഥാനജനതയുടെ പ്രതിരൂപമാണ്. ശവപാതയിൽ കണ്ണ് ചിമ്മിത്തുറക്കെ നാടിന്റെ കണ്ണ് കുത്തിക്കെടുത്ത് അധികാര ചക്രം കുതിച്ചു പായുന്നുണ്ട് !  പരബ്രഹ്മപുരത്തിൽ
വിഷവാതകം ചുറ്റും പരക്കുമ്പോഴും ശ്വാസം വിടാതെ വാ തുറക്കാതെ,
ജനലും വാതിലുമടച്ച് പുരയ്ക്കകത്ത് പ്രതികരണത്തിന് ചിതയൊരുക്കുന്ന നിസ്സഹായതയെ
വരച്ചു വയ്ക്കുന്നുണ്ട്.

മഹാബലിയിൽ തുടങ്ങി കവിതയിൽ നിന്ന് നീക്കം ചെയ്ത ചില വാക്കുകളിൽ
അവസാനിക്കുന്നു. ഏല്ലാ കവിതകളും ഏറിയും
കുറഞ്ഞും 'വരൂ ഈ തെരുവുകളിലെ രക്തം കാണൂ' എന്ന് വായനക്കാരനെ
അസ്വസ്ഥപ്പെടുത്തുന്നു. സമകാലത്തെ നഗ്നമായി കൊത്തിവെയ്ക്കുന്നു.

പച്ചോലയിൽ കെട്ടിപ്പൊതിഞ്ഞ  നിലവിളികളെ കൊണ്ടുപോവുന്ന ശവവണ്ടി, ഒച്ചവെക്കാതെ അതിവേഗപാത മുറിച്ചു കടക്കാൻ അനങ്ങിത്തുടങ്ങുന്ന ഒച്ച്,
ഇസ്തിരിയും അത്തറും മൂക്കും പൊത്തി നാറ്റം അവഗണിക്കുന്ന ജാഥ,
ജീവിതത്തോട് മല്ലിട്ട് തോറ്റ് പുതച്ചു കിടക്കുന്ന മരണം,
പരലോക സോഷ്യലിസത്തിലേക്കുളള അതിവേഗ വണ്ടി,
ഓർമ്മകളുടെ ഓടു മേഞ്ഞ അങ്ങാടികൾ അടിച്ചു പൊളിച്ചു  നിരപ്പാക്കുന്ന ബുൾഡോസർ
സൂക്ഷ്മവും സമൃദ്ധവുമായ രൂപകങ്ങളിൽ പുതിയ ഭാവുകത്വത്തെ അടയാളപ്പെടുത്തുന്നുണ്ട്
കവിതയുടെ ഗണിതശാസ്ത്രം !

ആധുനിക നാഗരികതയുടെ യന്ത്രവേഗങ്ങൾക്കൊപ്പം കുതിക്കാനാവാതെ ഒച്ചുകളെപ്പോലെ പതുക്കെ അനങ്ങുന്ന പാർശ്വവൽകൃത നൊപ്പം ഈ കവിതകൾ ഇഴഞ്ഞിഴഞ്ഞ് ഒരു നാൾ നിങ്ങളിലുമെത്തും. സമകാല അരാഷ്ടീയതകളുടെ അന്തരീക്ഷത്തിൽ പൊങ്ങിപ്പറക്കുന്ന ഉൾക്കനമില്ലാത്ത കവിതാ പരീക്ഷണങ്ങളെ അപ്രസക്തമാക്കുന്ന മനുഷ്യനും മനുഷ്യനും
തമ്മിലും മനുഷ്യനും ബാഹ്യ പ്രകൃതിയും തമ്മിലുമുള്ള  പാരസ്പര്യത്തെ ആഴത്തിൽ
ഉറപ്പിക്കുന്ന മണ്ണിൽ കാലുറപ്പിച്ച ഈ കവിതകളിലൂടെ ജയൻ നീലേശ്വരം പുതുകവിതയിൽ
അവഗണിക്കപ്പെടാനാവാത്ത സാന്നിധ്യമാവുന്നുണ്ട്
ഉമ്മ വെച്ചാണ് ഇനിയൊരിക്കലും

കാണാനാവാത്തവർ പ്രിയപ്പെട്ടവർക്കായി കാലത്തിന്റെ അങ്ങേക്കരയിലേക്കുള്ള വണ്ടിച്ചീട്ടിൽ മുദ്ര വെക്കുന്നത് എന്ന വരികൾ ഈ ബോധ്യത്തിന്റെ നിശിത സാക്ഷ്യമാണ്.

വില: ₹ 110
പ്രസാധനം: യുവകലാസാഹിതി
വിതരണം : പുസ്തകഭവൻ, പയ്യന്നൂർ , Ph: 9447314705



എം.വി. ഷാജി
തുരീയം
ചുഴലി - തപാൽ
കണ്ണൂർ - 670 142
ph: 9495310244
chuzhalishaji@gmail.com

Wednesday, March 29, 2023

ഓർമ്മകൾ കവിത മൂളുന്ന കാസർകോടൻ ദിനങ്ങൾ

 (ജി.വിശാഖ് വര്‍മ്മയെഴുതിയ കാസര്‍കോടന്‍ ദിനങ്ങള്‍ എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു)




 കേരളത്തിലെ തെക്കൻ അധികാരികൾ ഇന്നേവരെ കാസർകോടിനെ അഴിമതിക്കാരും ദുർനടപ്പുകാരുമായ ഉദ്യോഗസ്ഥരെ നാടുകടത്താനുള്ള ഇടമായാണ് നോക്കിക്കണ്ടിരുന്നത്.  സവിശേഷമായ സാംസ്കാരികത്തനിമയും ഭൂമിശാസ്ത്രവുമുള്ള ഈ നാടിനെ അതിന്റെ ആത്മാവറിഞ്ഞ്  ഇഷ്ടപ്പെടാനും സ്നേഹിക്കാനും കേരളത്തിന്റെ പൊതു മനസിന് കഴിഞ്ഞിട്ടില്ല. ഭാഷാവൈവിധ്യവും സാംസ്കാരികവൈവിധ്യവും ഭൂവൈവിധ്യവും കാരണം കാസർഗോഡ് ഇന്ത്യയുടെ രൂപകം തന്നെയാണ്.  ഉള്ളറിഞ്ഞ് കാസർഗോഡ് ജീവിച്ച കോളേജ് അധ്യാപകൻ ജി വിശാഖ് വർമ്മയുടെ ആഖ്യാനചാരുത നിറഞ്ഞ ഓർമ്മപ്പുസ്തകമാണ് കാസർകോടൻ ദിനങ്ങൾ.  കന്നട ഭാഷയുടെയും കർണാടക സംസ്ഥാനത്തിന്റെയും സാമീപ്യം  കാരണം കാസർകോടിന്റെ സംസ്കാരം  കേരളത്തിലെ മറ്റു പ്രദേശങ്ങളിലെ സംസ്കാരത്തിൽ നിന്നും ഏത് രീതിയിൽ വേറിട്ടു നിൽക്കുന്നു എന്ന് ഈ പുസ്തകം അടയാളപ്പെടുത്തുന്നു.


  ഗ്രന്ഥകർത്താവ് പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ഓരോ വ്യക്തികളെയും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുമ്പോൾ അവർ ഓരോരുത്തരും വായനക്കാരിലും അനുരണനങ്ങള്‍ ഉണ്ടാക്കുന്നു.  ഓരോരുത്തരും വായനക്കാരുടെ ഹൃദയത്തിലും ഇടം തേടുന്നു.  നിഷ്കളങ്കനായ ഒരു കുട്ടിയായും  ഹൃദയ വിശുദ്ധിയുള്ള ഒരു കാമുകനായും സത്യസന്ധനും കർമ്മ കുശലനുമായ ഒരു അധ്യാപകനായും  ഭ്രാന്തനായ ഒരു യാത്രികനായും  ഗ്രന്ഥകർത്താവ് വായനക്കാരെ ആകർഷിക്കുന്നു.


  സൂക്ഷ്മവും ആഴവും മിഴിവുമുള്ള ഓർമ്മകളുള്ള ഒരു കഥാകൃത്തിന്റെയും കവിയുടെയും കൃതഹസ്തത  ഈ കൃതിയെ സവിശേഷമാക്കുന്നു.  കേരളത്തിലെ സർക്കാർ കലാലയങ്ങളിൽ കാസർകോട് ഗവൺമെൻറ് കോളേജിനുള്ള പെരുമ വേറെ ആരും ഇന്നേവരെ ഇതുപോലെ എഴുതിയതായി അറിയില്ല.  കാസർകോട് ഗവൺമെൻറ് കോളേജിന്റെ ചരിത്രവും സംസ്കാരം ഈ കൃതി രേഖപ്പെടുത്തുന്നു.  കാസർകോട് കോളേജ് രൂപപ്പെടുത്തിയ ഈ പ്രദേശത്തിന്റെ പെരുമ മലയാള സാഹിത്യത്തിൽ ഈ കൃതി അടയാളപ്പെടുത്തുകയും ചെയ്യുന്നു.


 പുറം നാടുകളിൽ നിന്ന് ഈ കലാലയത്തിലേക്ക് എത്തിച്ചേർന്ന് ഈ നാടിന്റെ സവിശേഷതകൾ ഇഷ്ടപ്പെട്ട് ദീർഘകാലം ഇവിടെ ജോലി ചെയ്ത ഒട്ടേറെ പ്രഗൽഭരായ അധ്യാപകരെ ഈ കോളേജ് സംഭാവന ചെയ്തിട്ടുണ്ട്.  കാസർകോടൻ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന അവരില്‍  ഒരാളാണ് പ്രൊഫസർ ശേഷാദ്രി. ശേഷാദ്രി മാഷെക്കുറിച്ച് വാചാലമാവാത്ത ഒരു പുൽക്കൊടിത്തുമ്പ് പോലും കാസർകോട് പരിസരത്ത് ഉണ്ടാവില്ല.  മഹാഗുരുക്കന്മാര്‍ക്ക് വാക്കുകൾ കൊണ്ട് സ്മാരകം നിർമ്മിക്കുന്നു ഈ കൃതി.


 കുഞ്ഞുമാവ് കട്ട  എന്നും കുഞ്ഞിമാവിന്റടി എന്നും അറിയപ്പെട്ടിരുന്ന ഈ പ്രദേശം ഗവൺമെൻറ് കോളേജ് സ്ഥാപിതമായതിനുശേഷം പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി ആണ് വിദ്യാനഗർ എന്ന് നാമകരണം ചെയ്യുന്നത്.  മാവുകളും പ്ലാവുകളും തേക്ക് മരങ്ങളും തുടങ്ങിയ മഹാമരങ്ങൾ കോളേജിന്റെ മുറ്റത്തെയും ക്യാമ്പസിനെയും സമ്പന്നമാക്കുന്നുണ്ട്.  കോളേജ് കാമ്പസിലെ ഓരോ ഇടവും ഒരു മഹാമരത്തിന്റെ ചില്ലകൾ ആയി ഈ പുസ്തകത്തിലൂടെ തണൽ വിരിക്കുന്നു.


ഈ പുസ്തകം കാസർകോടിനെ കുറച്ചു മാത്രമുള്ള പുസ്തകമല്ല.  കാസർകോടിനോട് ചേർന്നു നിൽക്കുന്ന കർണാടകത്തെയും കന്നടഭാഷയെയും പ്രണയിച്ച ഒരു കാമുകന്റെ ഡയറിക്കുറിപ്പുകൾ കൂടിയാണ്.  ഒഴിവു കിട്ടുന്ന നേരത്തെല്ലാം ഭ്രാന്തമായ ആവേശത്തോടെ മാംഗ്ലൂരേക്കും കർണാടകഗ്രാമങ്ങളിലേക്കും എഴുത്തുകാരൻ സഞ്ചരിക്കുന്നു.  മംഗലാപുരത്തേക്കുള്ള പാസഞ്ചർ തീവണ്ടികളോടുള്ള  ഗ്രന്ഥകാരന്റെ ഹൃദയബന്ധം കവിതയായി ഇതിൽ വായിക്കാവുന്നു. കാസര്‍കോട്ടേക്കുള്ള ഏകതീവണ്ടിയായിരുന്ന മലബാര്‍ എക്സ്പ്രസിനെക്കുറിച്ചും കാവ്യാത്മകമായ വിവരണങ്ങള്‍ ഇതിലുണ്ട്.


  വിദ്യാർത്ഥിയായും അധ്യാപകനായും  കലാലയ അനുഭവങ്ങളിലൂടെ കടന്നുപോയവർക്കും ആ അനുഭവത്തിന് ഭാഗ്യം ലഭിക്കാത്തവർക്കും ഗൃഹാതുരതയുണ്ടാക്കുന്ന( കാസർകോടൻ ഭാഷയിൽ പൊഞ്ഞേറ്) സവിശേഷകൃതിയാണ് കാസർകോടൻ ദിനങ്ങൾ.


 പ്രസാധകർ: ചെമ്പരത്തി പ്രസാധനം,  കാഞ്ഞങ്ങാട്.

Sunday, July 1, 2018

ആഗോള വിദ്യാഭ്യാസകച്ചവട സംരക്ഷണയജ്ഞം

പൊതു വിദ്യാഭ്യാസ സംരക്ഷണമെന്ന പേരിൽ കെട്ടിട നിർമ്മാണവ്യവസായമാണ് കേരളത്തിൽ വികസിച്ചു വരുന്നത്. ഉപയോഗ്യ യോഗ്യമായ കെട്ടിടങ്ങൾ പൊളിച്ച്‌ ബഹുനില കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നു. അതിനായി വിദ്യാലയങ്ങളിൽ പന്തലിച്ചു നിൽക്കുന്ന പച്ചപ്പുകളെ തുടച്ചു നീക്കുന്നു.

കച്ചവട വിദ്യാലയങ്ങളുടെ ബഹുനില കെട്ടിടങ്ങൾ മോഹിച്ച മധ്യവർഗ രാഷ്ട്രീയക്കാരുടെ ആശയമാണ് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയങ്ങൾ  എന്നത്. കമ്യൂണിസ്റ്റ്കാരുടെ വിദ്യാഭ്യാസ സങ്കല്പത്തിൽ മാനവികതയും സാമൂഹ്യനീതിയുമാണ് ഇന്നേവരെയുണ്ടായിരുന്നത്.അന്താരാഷ്ട്ര കമ്പോളത്തിനനുസരിച്ച് കുട്ടികളെ പണമുണ്ടാക്കുന്ന യന്ത്രങ്ങളാക്കുക എന്നത് മുതലാളിത്ത യുക്തിയാണ്. ഇംഗ്ലീഷ് മീഡിയം കച്ചവട വിദ്യാലയങ്ങളുടെ  ചുവടുപിടിച്ച് പൊതുവിദ്യാലയങ്ങളിൽ  ധാരാളമായി ഇംഗ്ലീഷ്  മീഡിയം ഡിവിഷനുകൾ അനുവദിക്കുന്നത് കേരളത്തിലെ പൊതു വിദ്യാലയത്തിന്റെ ചരിത്രവും ലക്ഷ്യവും അറിയാത്തവരാണ്.വരേണ്യവർഗ്ഗത്തിന്റെ താൽപര്യങ്ങളാണ് ഇവർ സംരക്ഷിക്കുന്നത്.

Sunday, June 24, 2018

കണ്ണീര്‍പ്പാടം

വിത്ത്
കഷ്ടപ്പെടുന്നവരുടെ കണ്ണ് നിങ്ങളുടെയും ലോകത്തിന്റെയും കണ്ണാടിയാണ്.
 ഈ പാഠം തന്നെയാണ് ജീവിതപാടം.

പതിനഞ്ചു വർഷങ്ങൾക്കു ശേഷമാണ് കോടോത്ത് സ്കൂളിൽ ഹയർ സെക്കന്ററിയിലെ
 2001-03 സയൻസ്‌ ബാച്ചിലെ വിദ്യാർഥികളെ കാണുന്നത്. ഭർത്താവിന്റെ മരണത്തിലൂടെ
 രണ്ട് കുട്ടികളുടെ സംരക്ഷണച്ചുമതല തനിച്ച് ഏറ്റെടുക്കേണ്ടി വന്ന സഹപാഠി  ദീപയ്ക്ക്
 ഒരു ചെറിയ കൈത്താങ്ങ് നൽകാൻ അവർ തീരുമാനിച്ചിട്ടുണ്ട്. വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഇക്കാര്യം 
എല്ലാ സഹപാഠികളെയും അറിയിച്ചു. പണം ഏല്പിക്കുമ്പോൾ എന്റെ സാന്നിധ്യം അവർ നിർബന്ധിച്ചു.
കാഞ്ഞങ്ങാട് നിന്നും ഒടയഞ്ചാലിൽ ത്താൻ ബസ്സിറങ്ങി. ഒടയഞ്ചാലിൽ അവർ വാഹനങ്ങളിൽ എന്നെ കാത്തു നിന്നു.
ജിതേഷ്, ഗിരീഷ്, ഉദയൻ ,ഭാഗ്യ, സോണിയ സണ്ണി, സോണിയ ജിമ്മി.സഹപാഠികളുമായി
 വളരെ അടുത്ത സൗഹൃദ ബന്ധം അവർ പുലർത്തുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.
 എന്റെ മനസ്സ് കൂടുതൽ തെളിഞ്ഞു. എല്ലാ  അധ്യാപകരുടെയും വിശേഷങ്ങൾ അവർ പറഞ്ഞ് ഞാനറിഞ്ഞു. 
ഗീത, സുശീല, ഷീന, സുമേഷ്, ഗോപിനാഥൻ, ബാബു, അരവിന്ദൻ ,സുപ്രീത, ബാലകൃഷ്ണൻ എന്നീ 
സഹപ്രവർത്തകരുടെ വിശേഷങ്ങൾ എന്റെ മുന്നിൽ നിരന്നു.

ഒടയഞ്ചാലിൽ നിന്നും ഒരു മണിക്കൂറോളം നേരം യാത്ര ചെയ്ത് ഞങ്ങൾ പാണത്തൂരിനടുത്തുള്ള 
ദീപയുടെ  വീട്ടിലെത്തി. അടിസ്ഥാന സൗകര്യങ്ങൾ വേണ്ടുംവിധമില്ലാത്ത ആസ്ബറ്റോസ് മേഞ്ഞ വീട് .
 കാര്യങ്ങൾ സംസാരിക്കാൻ ഗിരീഷ് എന്നെ വിളിച്ചു.

പതിനഞ്ചു വർഷം മുൻപുള്ള മറ്റൊരാൾ സംസാരം  തുടങ്ങി. 
ചെറിയ ചെറിയ വെളിച്ചങ്ങൾ ജീവിതത്തെ എത്രമാത്രം പ്രകാശമാനമാക്കുന്നു. 
അഭിമാനത്തിലും സന്തോഷത്തിലും കരച്ചിൽ വന്ന് എനിക്ക് സംസാരിക്കാനാവാതായി.
നല്ല വാക്കുകൾ വിത്തായി മുളച്ച് വലിയ തണൽമരമായി മാറിയിരിക്കുന്നു. വലിയ പുരസ്കാരം തന്നെ.
പ്രത്യാശ നിറച്ച് ഞങ്ങൾ മടങ്ങി.

Monday, September 11, 2017

 നാവികൻ
കാസർഗോഡ് ജില്ലയുടെ സാംസ്കാരിക സ്വത്വം അന്വേഷിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണ്  രാജീവൻ കാഞ്ഞങ്ങാടിന്റെ നാവികൻ എന്ന നോവൽ .ചാരനായി മുദ്ര കുത്തപ്പെട്ട് പ്രവാസത്തിന്റെ  നടുക്കടലിൽ മുങ്ങിത്താഴുന്ന നാവികന്റെ നോവും നോവലും ആണ് ഈ പുസ്തകം. ജനിച്ചു വളർന്ന സ്വന്തം മണ്ണിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഒരു പ്രവാസിയുടെ യാതന കേട്ടറിഞ്ഞതിന്നു ശേഷം രണ്ടുവർഷത്തെ  കഠിനപ്രയത്നം കൊണ്ടാണ് ഈ നോവൽ രാജീവൻ എഴുതിയത്.കണ്ണീരിൽ  കുതിർന്ന വാക്കുകൾ ഹൃദയം കൊണ്ട് വായിക്കുന്ന ഏതൊരാൾക്കും അനുഭവിച്ചറിയാൻ സാധിക്കും വിധമാണ് രാജീവന്റെ എഴുത്ത്.  വഹാബ് എന്ന കഥാനായകൻ  നോവലിൽ പറയുന്നു ," ദഫ് മുട്ട്, അർവണ മുട്ട്, ബയലാട്ടം, സബീനാ പാട്ട്, യക്ഷഗാനം, ഇശലുകൾ, ഹരികഥാ കാലക്ഷേപം, ഗസലുകൾ, നവരാത്രി വേഷങ്ങൾ, പുലിക്കളി, അലാമിക്കളി തുടങ്ങിയവയെക്കുറിച്ചെല്ലാം നോവലിലുടനീളം പരാമർശമുണ്ട്.

പരിസ്ഥിതിയുടെ  നാശമാണ് അഭയാർത്ഥികളെ സൃഷ്ടിക്കുന്നത് എന്ന പരിസ്ഥിതി രാഷ്ട്രീയമാണ് നോവലിന്റെ മുഖ്യ പ്രമേയം .ജനിച്ചു വളർന്ന പരിസരത്ത് നിന്നും അറിയപ്പെടുന്ന വഹാബ് എന്ന  നാവികൻ ഉൾപ്പെടെ നിരവധി  കഥാപാത്രങ്ങൾ നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട് .അനുവാചകരെ  അനുയാത്രികർ ആക്കുംവിധം ശക്തമായി  രാജീവൻ എഴുതുന്നു. വഹാബിന്റെ ആത്മമിത്രം ഡല്ലാസിന്റെ  ഡയറിയിൽ ഇങ്ങനെ വായിക്കാം .”ഈശ്വരൻ അതിരുകൾ വരച്ചു തന്നില്ല .ഭൂമിയുടെ  വാൽസല്യത്തിനും അതിരുകൾ ഉണ്ടായിട്ടില്ല .പക്ഷേ ഭൂമിയുടെ അവകാശികളായി  വന്നവർ വിഭജന രേഖകൾ ചമച്ചു. അവരുടെ വിശ്വാസപ്രമാണങ്ങൾക്ക് ചരിത്രത്തിന്റെ സാധുതയും വേദങ്ങളുടെ സാക്ഷ്യപത്രങ്ങളും ഉണ്ടായിരുന്നു .ഇരയാക്കപ്പെടുന്ന കീഴാള വർഗ്ഗത്തോടുള്ള എഴുത്തുകാരന്റെ ആത്മൈക്യം ആണ് വഹാബും  ബൊളീവിയ ക്കാരൻ ആയ ഡല്ലാസ് തമ്മിലുള്ള ബന്ധത്തിലൂടെ വെളിവാക്കപ്പെടുന്നത്.പാലായനം ചെയ്യപ്പെട്ടതിന് ശേഷം വഹാബിന്റെ മുത്തച്ഛൻ ഗുൽമുഹമ്മദ് എഴുതിയ ഹൃദയസ്പർശിയായ ഒരു കത്ത് ഉണ്ട് .കാരുണ്യം വറ്റിയിട്ടില്ലാത്ത ഏതൊരാളെയും പിടിച്ചുലയ്ക്കും വിധമാണ് അതിന്റെ ഭാഷ. രാജീവൻ കാഞ്ഞങ്ങാട് എന്ന എഴുത്തുകാരന്  മരണത്തെ വെല്ലുവിളിക്കാൻ ഈയൊരു നോവൽ മതിയാകും .ആ വിധം സാന്ദ്രമായ ഭാഷയിലാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്.ഗുൽ മുഹമ്മദിന്റെ കത്തിനെക്കുറിച്ച്  നോവലിൽ ഇങ്ങനെ പറയുന്നു.”ഇത് എത്ര എളുപ്പം വഴങ്ങുന്ന ഭാഷയല്ല മനസ്സിലിട്ട്   നൂറാവർത്തി വായിക്കണം” .നോവലിന് അത് ചേരും.പരിമിതമായ സ്ഥലവും സമയവും മാത്രമേ എഴുത്തുകാരന് അനുവദിച്ചു കിട്ടിയിട്ടുള്ളൂ. അതിനകത്ത് നിന്ന് എഴുത്തിന്റെ  മാന്ത്രികതയിൽ അയാൾ എല്ലാ ചങ്ങല ബന്ധനങ്ങളും അഴിച്ചു അജയ്യനായി  പുറത്തുവരുന്നു. നാവികൻ എന്ന നോവൽ അതിന്റെ സാക്ഷ്യപത്രമാണ്‌.

Saturday, July 22, 2017

കാസർഗോഡിന്റെ ഭാഷാ വൈവിധ്യം

കാസർഗോഡിന്റെ ഭാഷാ വൈവിധ്യവും സാംസ്കാരിക പ്രതിരോധവും

ഒരു സമൂഹത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ രഥമായി പ്രവർത്തിക്കുന്നതാണ് ഭാഷ.ഒരു വ്യക്തിക്ക് സമൂഹത്തിൽ വേരാഴ്ത്തുന്നതിന് സ്വന്തം ഭാഷ മാധ്യമമായി നിൽക്കുന്നു. ഒരു പ്രദേശത്തിന്റെ ആശയലോകത്ത് ഭാഷയാണ് അദൃശ്യ പ്രകൃതിയായി സ്വാധീനം ചെലുത്തുന്നത്. ഭാഷയിലാണ് ഒരു ജനതയുടെ സംസ്കാരം സ്പന്ദിക്കുന്നത്. പാരസ്പര്യത്തിലാണ് പ്രകൃതിയിലോരോന്നും നിലനിൽക്കുന്നത്. ജൈവ വൈവിധ്യം ജീവന്റെ അടിസ്ഥാനമാണ്.സാംസ്കാരിക വൈവിധ്യത്തേയും പാരസ്പര്യത്തെയും ഈ അർത്ഥത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.ഒരു ജനതയുടെ സംസ്കാരത്തിന്റെ പച്ചപ്പ് ആ മണ്ണിൽ ഭാഷയുടെ പേര് എത്ര ആഴത്തിൽ ഊന്നി നിൽക്കുന്നു എന്നതിനെയാണ് ആശ്രയിച്ചു നിൽക്കുന്നത്. അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ ഏറ്റവുമധികം ഭാഷകളൊഴുകുന്ന മണ്ണാണ് കാസർഗോഡിന്റേത്. ഭാഷകൾക്ക് സമാന്തരമായാണ് ഓരോ പുഴയും ഒഴുകുന്നത്. ഭാഷ പുഴയിലേക്കും പുഴ ഭാഷയിലേക്കും ഒഴുകുന്നു. അതിനാൽ ഏതൊരു പ്രദേശത്തിന്റെയും എന്നതുപോലെ കാസർഗോഡിന്റെ നിലനിൽപ്പും ഇവിടത്തെ ഓരോ ഭാഷയുടെയും പുഴയൊഴുക്കമായി ബന്ധപ്പെട്ട് നിൽക്കുന്നു.

വിദ്യാഭ്യാസത്തിന്റെ അന്തർദേശീയ നിലവാരത്തെക്കുറിച്ച് അന്വേഷണങ്ങളും ചർച്ചകളും ധാരാളമായി നടക്കുമ്പോൾ പ്രാദേശിക ഭാഷകളുടെയും അറിവുകളുടെയും  അറിവിടങ്ങളുടെയും പ്രസക്തിയിൽ സന്ദേഹം വളരുന്ന കാലഘട്ടമാണിത്. അധിനിവേശത്തിന്റെ  ചരിത്രമറിയുന്നവർക്ക്  ഈ സന്ദേഹമുണ്ടാവില്ല. രാഷ്ട്രീയ അധിനിവേശത്തിനും മുൻപ് സാംസ്കാരിക അധിനിവേശമാണ് കടന്നു വരുന്നത് എന്നും സാംസ്കാരിക അധിനിവേശം ഭാഷാധിനിവേശത്തിലൂടെയായിരുന്നു എന്നും അവർ തിരിച്ചറിഞ്ഞിട്ടുണ്ട്.അതുകൊണ്ടാണ് ഗാന്ധിജി മാതൃഭാഷയിൽ ഊന്നി നിന്നുള്ള വിദ്യാഭ്യാസത്തിന്റെ ആചാര്യനായത്.
മോചനത്തിനുള്ള വഴിയാണ് മാതൃഭാഷ നഷ്ടപ്പെടുമ്പോൾ ഒരു ജനതയ്ക്ക് നഷ്ടപ്പെടുന്നത്. ഗ്രാമ ഭാഷകളും പ്രാദേശിക തകളും ഏതൊരു ജനതയ്ക്കും അവരുടെ സ്വത്വം അന്വേഷിക്കുന്നതിനും ആവിഷ്കരിക്കുന്നതിന്നും അനിവാര്യമാകുന്നു. കാസർഗോഡിന്റെ ഭാഷാ വൈവിധ്യവും ആ പുഴയുടെ നീരൊഴുക്കിന്റെ വർത്തമാനവും ആരായുന്നത് ഈ പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്.

കാസർഗോഡ് ജില്ലയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇവിടത്തെ ഭാഷാവൈവിധ്യമാണ്. തുളു, കന്നഡ, മലയാളം, കൊങ്കണി, മറാട്ടി, ബ്യാരി, കൊറഗ എന്നീ സപ്തഭാഷകളുടെ സംഗമഭൂമിയെന്നാണ് കാസർഗോഡ് അറിയപ്പെടുന്നത്. ഹിന്ദുസ്ഥാനി ,തമിഴ്, ഹിന്ദി എന്നീ ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ട്.

'കാഞ്ഞിരക്കൂട്ടം' എന്നർത്ഥം വരുന്ന 'ക സി ര ക്കൂട്' എന്ന കന്നഡ വാക്കിൽ നിന്നാണ് കാസർഗോഡ് എന്ന പേര് വന്നതെന്ന് കരുതപ്പെടുന്നു. 1984 മെയ് 24 നാണ് ഈ ജില്ല രൂപീകൃതമായത്. അതിന് മുമ്പ് ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. മലയാളത്തിന് പുറമേ കന്നഡ സംസാരിക്കുന്നവരുടെ സാന്നിധ്യമാണ് ജില്ലയുടെ പ്രധാന സവിശേഷത. തുളു ഭാഷയുടെ പേരിൽ തുളുനാട് എന്നും ഈ നാട് അറിയപ്പെടുന്നു. തുളു ന്തന്ന ഭാഷയുടെ പ്രാധാന്യവും സ്വാധീനവും ഇതിലൂടെ വെളിവാകുന്നു.

തുളു
20 ലക്ഷത്തിൽ  കുറവ് ജനങ്ങൾ മാത്രം സംസാരിക്കുന്ന ദ്രാവിഡ ഭാഷാകുടുംബത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തുളു .തുളു സംസാരിക്കുന്നവരെ ' തുളുവ' എന്ന് വിളിക്കുന്നു. മൂല ദ്രാവിഡത്തിൽ നിന്നും ബി.സി. പത്താം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിൽ വേർപിരിഞ്ഞാണ് സ്വതന്ത്ര ഭാഷയായി വളർന്ന് തുടങ്ങിയതെന്ന് ഭാഷാശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ലിപിയും സാഹിത്യവും ഉണ്ടായിരുന്ന ഭാഷയാണ് തുളു .പി ൽക്കാലത്ത് ഇവ നശിച്ചു പോവുകയായിരുന്നു. അധിനിവേശം ഒരു ജനതയെ അരികുകളിലേക്ക് മാറ്റി നിർത്തിയതിന്റെ ദൃഷ്ടാന്തമാണ് ഈ ഭാഷയുടെ അപചയം. മനുഷ്യനെയും പ്രകൃതിയെയും കേന്ദ്രസ്ഥാനത്ത് നിർത്താത്ത നാഗരികത ഏതു വിധത്തിലാണോ ഒരു പുഴയുടെ നൈർമല്യവും ഒഴുകാനുള്ള ഗതിയും ശക്തിയും ഇല്ലാതാക്കുന്നത് അതേ വിധത്തിൽ ഭാഷയെയും ഇല്ലാതാക്കുന്നു. ഭാഷ നഷ്ടപ്പെടുന്ന ജനതയ്ക്ക് സ്വത്വം നഷ്ടപ്പെടുകയും ജീവിതാവിഷ്കാരത്തിനുള്ള ആകാശം നഷ്ടപ്പെടുകയും ചെയ്യുന്നു.

ജില്ലയിലെ കാസർഗോഡ് താലൂക്കിലും തെക്കൻ കർണ്ണാടകത്തിലെ ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ ജില്ലകളിലുമാണ് പ്രധാനമായും തുളുവരുള്ളത്. അനന്തപുരത്ത്  കാണുന്ന  തുളു ലിപിയിലുള്ള ശിലാശാസനം ഈ ഭാഷയുടെ പാരമ്പര്യം വെളിവാക്കുന്നു.

കൊങ്കണി
ഇന്തോ യൂറോപ്യൻ കുടുംബത്തിൽപ്പെട്ട ഒരു ഇന്തോ ആര്യൻ ഭാഷയാണ് കൊങ്കണി.ദേവനാഗരി ലിപിയുപയോഗിച്ചാണ് ഈ ഭാഷ ഇപ്പോൾ എഴുതപ്പെടുന്നത്.ഗൗഡസാരസ്വത ബ്രാഹ്മണരും കുഡുംബി സമുദായക്കാരുമാണ് കേരളത്തിൽ കൊങ്കണി സംസാരിക്കുന്നത്.ഗോവയുടെ ഔദ്യോഗിക ഭാഷയാണ് കൊങ്കണി.ഇന്ത്യയുടെ കൊങ്കൺ പ്രദേശങ്ങളിൽ ഈ ഭാഷ സംസാരിച്ചു വരുന്നു.മഹാരാഷ്ട്ര, കർണ്ണാടക, കേരളത്തിൽ കൊച്ചി, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിലും കൊങ്കണി മാതൃഭാഷയുള്ളവർ ഉണ്ട്.

ബ്യാരി
കേരള-കർണ്ണാടക അതിർത്തിയിലെ ലിപിയില്ലാത്ത ഒരു ഭാഷയാണ് ബ്യാരി . കർണ്ണാടകത്തിലെ ഉള്ളാൾ പ്രദേശത്തെ പ്രത്യേകമായ മുസ്ലീം വിഭാഗമാണ്  ഈ ഭാഷ സംസാരിക്കുന്നത്.ഈ ഒരു വിഭാഗവും ബ്യാരി എന്നാണറിയപ്പെടുന്നത്.15 ലക്ഷത്തോളം ആളുകൾ ഈ ഭാഷ സംസാരിക്കുന്നു. ബ്യാരിക്ക് തുളു ഭാഷയോളം പഴക്കമുണ്ട്. കന്നഡ ലിപി ഉപയോഗിച്ച് ബ്യാരി എഴുതാറുണ്ട്.

അറബി ഭാഷയുടെ സ്വാധീനമാണ് ബ്യാരിയുടെ സവിശേഷത. ഇതിലെ വാക്കുകൾക്ക് തമിഴുമായും മലയാളവുമായും ബന്ധമുണ്ട്.
നൂറിലധികം പുസ്തകങ്ങൾ ബ്യാരി ഭാഷയിലുണ്ട്. മാപ്പിളപ്പാട്ടുമായി സാമ്യമുള്ള പാട്ടുകൾ ബ്യാരിയിലുണ്ട്. ഊഞ്ഞാൽപ്പാട്ട്, മൈലാഞ്ചിപ്പാട്ട്, കല്യാണപ്പാട്ട് എന്നിവയും പ്രചാരത്തിലുണ്ട്.

കൊറഗ
കൊറഗ എന്ന ആദിവാസി ജനത സംസാരിക്കുന്ന ദ്രാവിഡ ഭാഷയാണ് കൊറഗ ഭാഷ. കൊറഗർ കാസർഗോഡ്‌ ജില്ലയിലും ദക്ഷിണ കന്നഡയിലും കാണപ്പെടുന്നു.ഇത് ഒരു വായ് മൊഴി ഭാഷയാണ്. ലിപിയില്ല. എഴുതേണ്ട ആവശ്യത്തിന് കന്നഡ ലിപി ഉപയോഗിക്കുന്നു. സാഹിത്യ അവശ്യത്തിന് കൊറഗർ അവരുടെ ഭാഷയല്ല ഉപയോഗിക്കുന്നത്. പകരം തുളുവും കന്നഡയും ഉപയോഗിക്കുന്നു.

മറാത്തി
ഇന്തോ - ആര്യൻ ഭാഷാ കുടുംബത്തിൽപ്പെടുന്ന ഒരു ഭാഷയാണ് മറാത്തി .ശിവജിയുടെ സാമ്രാജ്യ വിപുലീകരണത്തിന്റെ ഭാഗമായാണ് മറാത്തികൾ കാസർഗോഡ് ജില്ലയിലെത്തിച്ചേർന്നതെന്ന് വിശ്വസിക്കപ്പെടുന്നു.ഇവരിൽ ബ്രാഹ്മണർ, പിന്നോക്കവർഗ്ഗം, ആദിവാസികൾ എന്നീ മൂന്നു വിഭാഗങ്ങളുണ്ട്. എങ്കിലും ഇവരുടെ ആചാരാനുഷ്ഠാനങ്ങൾ ഒന്നു തന്നെയാണ്. സാമൂഹ്യ മായി മുൻപന്തിയിലാണ് മറാത്തികളുടെ നില.ഇവർക്ക് തുളു, കന്നഡ എന്നീ ഭാഷകളും നല്ല വശമുണ്ട്‌.

സപ്ത ഭാഷകളുടെ സാംസ്കാരിക സമന്വയത്തെക്കുറിച്ചും പാരസ്പര്യത്തെക്കുറിച്ചും വേണ്ടത്ര പഠനങ്ങൾ ഇനിയും ഉണ്ടായിട്ടില്ല. ഭാഷയുടെ രാഷ്ട്രീയം വേണ്ടത്ര ഗൗരവത്തിൽ ഇനിയും ആലോചനാ വിഷയമായിട്ടില്ല എന്നതാവാം ഇതിന് കാരണം. അധിനിവേശ ശക്തികൾ ഭാഷയുടെ ആയോധന സാധ്യതകൾ തിരിച്ചറിഞ്ഞതു പോലെ അധിനിവേശത്തെ പ്രതിരോധിക്കുന്നവർ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ല ഇതുവരെയും എന്ന് ഇക്കാര്യം തെളിയിക്കുന്നു.പരിസ്ഥിതിയുടെ രാഷ്ട്രീയം പോലെ ഭാഷയുടെ രാഷ്ട്രീയവും മാനവികതയുടെ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കന്നവർ വൈകാതെ തിരിച്ചറിയാതിരിക്കില്ല. ഉച്ചരിക്കപ്പെടുന്ന ഓരോ വാക്കിലും സംഗീതമുണ്ടാവുന്ന കാലമായിരിക്കും തീർച്ചയായും അത്.

Saturday, July 1, 2017

നാവികൻ: രാജീവൻ കാഞ്ഞങ്ങാടിന് നിത്യസ്മാരകം


ജനയുഗം വാരാന്തത്തിന് വേണ്ടി കാസർഗോഡ് ജില്ലയുടെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു കവർ ഫീച്ചർ തയ്യാറാക്കുന്നതിനുള്ള യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് രാജീവൻ കാഞ്ഞങ്ങാട് അകാലത്തിൽ വഴി പിരിഞ്ഞു പോയത്. തെയ്യം പശ്ചാത്തലമാക്കിക്കൊണ്ട് കാസർഗോഡ് ജില്ലയിലെ ദളിത് ജീവിതത്തെക്കുറിച്ചുള്ള സിനിമയുടെ തിരക്കഥയെഴുതാനുള്ള ഡൽഹി യാത്ര നടത്താനും മരണം സമ്മതിച്ചില്ല. യുവകലാസാഹിതി പണിതൊരുക്കിയ ഗാനമയൂഖം എന്ന ഗാനശേഖരം പ്രകാശിതമാവുന്ന തിനുള്ള പ്രതിസന്ധികൾ മറികടക്കാനുള്ള അക്ഷീണയത്നത്തിൽ ആദ്യാവസാനം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച യുവകലാസാഹിതിയുടെ സഹയാത്രികനായ രാജീവൻ കാഞ്ഞങ്ങാട്. ഒരു വാക്കു പോലും പറയാനാവാതെ യാത്ര പോയ ആത്മസുഹൃത്തിന്റെ ഉജ്വലമായ എഴുത്തു ജീവിതം ' നാവികൻ ' എന്ന നോവലിനെ മുൻനിർത്തി അവതരിപ്പിക്കുകയാണ്.

രാജീവന്‍ കാഞ്ഞങ്ങാട്
കാസർഗോഡ് ജില്ലയുടെ സാംസ്കാരിക സ്വത്വം അന്വേഷിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണ് നാവികൻ. സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന കേരളത്തിലെ മറ്റേതൊരു പ്രദേശത്തെക്കാളും സാംസ്കാരിക വൈവിധ്യമുള്ള ഒരു പ്രദേശമാണിത്. വിഭജനത്തിന്റെ ഫലമായി ഒരു കലാപഭൂമിയായി അതെങ്ങനെയാണ് മാറിക്കൊണ്ടിരിക്കുന്നതെന്നും ഈ നോവലിലൂടെ വായിച്ചെടുക്കാം. ചാരനായി മുദ്രകുത്തപ്പെട്ട് പ്രവാസത്തിന്റെ നടുക്കടലിൽ നങ്കൂരമിടാനാവാതെ മുങ്ങിത്താഴുന്ന നാവികന്റെ നോവാണ് ഈ പുസ്തകം.
ജനിച്ചു വളർന്ന ഭൂമിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഒരു പ്രവാസിയുടെ യാതന കേട്ടറിഞ്ഞ നോവലിസ്റ്റ് രണ്ടു വർഷത്തെ കഠിന പ്രയത്നം കൊണ്ട് നൊന്തു നൊന്തെഴുതിയതാണ് ഈ നോവൽ. കണ്ണീര് വീണ് കുതിർന്ന വാക്കുകൾ ഹൃദയം കൊണ്ട് വായിക്കുന്ന ഏതൊരാൾക്കും അനുഭവിച്ചറിയാൻ സാധിക്കും വിധമാണ് രാജീവൻ കാഞ്ഞങ്ങാടിന്റെ എഴുത്ത്.
ചരിത്രം, രാഷ്ട്രീയം, പരിസ്ഥിതി, സാഹിത്യം, സംഗീതം, ചിത്രകല, സംസ്കാരം, ഭാഷ തുടങ്ങിയ മേഖലകളിൽ ആഴമേറിയ വായനാനുഭവവും ജീവിതാനുഭവവും ആർജ്ജിച്ച സമ്പന്നമായ വ്യക്തിത്വമായിരുന്നു രാജീവൻ. ഈ നോവൽ ആ വ്യക്തിത്വത്തിന്റെ ആഴം വെളിവാക്കും.ഹൃദയത്തെ നുറുക്കിക്കളയുന്നത് മരണം വരെ അതിനുള്ള അംഗീകാരം ഈ എഴുത്തുകാരന് ലഭിച്ചില്ലല്ലോ എന്ന് തിരിച്ചറിയുമ്പോഴാണ്.
വഹാബ് എന്ന കഥാനായകൻ നോവലിൽ പറയുന്നു: ഒരു പാട് കടങ്ങള് ണ്ട് ഈ ദുനിയാവില് ബാക്കി.പക്ഷെ ആര്ക്ക് കടം മടക്കിക്കൊടുക്കും.
വീട്ടാനാവാത്ത കടം എല്ലാവരെയും സങ്കടത്തിന്റെ നടുക്കടലിലാക്കുന്നു.
നോക്കൂ, കാസർഗോഡിന്റെ സാംസ്കാരിക വൈവിധ്യം അനാവരണം ചെയ്യപ്പെടുന്നത്. ദഫ് മുട്ട്, അർവണമുട്ട്, ബയലാട്ടം, സബീനാ പാട്ട്, യക്ഷഗാനം, ഇശലുകൾ, ഹരി കഥാകാലക്ഷേപം, ഗസലുകൾ, നവരാത്രികാഴ്ചകൾ, പുലിവേഷം, അലാമിക്കളി തുടങ്ങിയവയെക്കുറിച്ചെല്ലാം നോവലിലുടനീളം പരാമർശങ്ങളുണ്ട്.
പരിസ്ഥിതിയുടെ നാശമാണ് അഭയാർഥികളെ സൃഷ്ടിക്കുന്നതെന്ന പരിസ്ഥിതി രാഷ്ട്രീയമാണ് ഈ നോവലിന്റെ പ്രമേയം. ജനിച്ചു വളർന്ന പരിസരത്തിൽ നിന്നും ആട്ടിയകറ്റപ്പെടുന്ന വഹാബ് എന്ന നാവികൻ ഉൾപ്പെടെ നിരവധി കഥാപാത്രങ്ങൾ നോവലിലുണ്ട്. അനുവാചകരെ അനുയാത്രികരാക്കും വിധം ശക്തമാണ് രാജീവന്റെ എഴുത്ത്.
ഭൂമിയുടെ അവകാശത്തിനും അധികാരത്തിനും വേണ്ടി മനുഷ്യഹൃദയങ്ങളെ വിഭജിച്ച് പുതിയ പ്രമാണങ്ങളിലൂടെ രാഷ്ട്രങ്ങളുടെ മുകളിൽ വാണു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ മാനവിക മൂല്യങ്ങളെ ചവിട്ടിമെതിച്ചു കൊണ്ടുള്ള പടയോട്ടം ഈ നോവലിൽ ആദ്യാവസാനം പ്രതിപാദിക്കുന്നു.
ഡെല്ലാ സിന്റ ഡയറിയിൽ ഇങ്ങനെ വായിക്കാം.
"ഈശ്വരൻ അതിരുകൾ വരച്ചു തന്നില്ല. ഭൂമിയുടെ വാത്സല്യത്തിനും അതിരുകൾ ഉണ്ടായിട്ടില്ല.പക്ഷെ ഭൂമിക്ക് അവകാശികളായി വന്നവർ വിഭജന രേഖകൾ ചമച്ചു. അവരുടെ പ്രമാണങ്ങൾക്ക് ചരിത്രത്തിന്റെ സാധുതയും വേദങ്ങളുടെ സാക്ഷ്യപത്രങ്ങളുമുണ്ടായിരുന്നു. ഇരയാക്കപ്പെടുന്ന കീഴാള വർഗത്തോട് എഴുത്തുകാരനുള്ള ആത്മൈക്യമാണ് വഹാബും ബൊളീവിയക്കാരനായ ഡെല്ലാസും തമ്മിലുള്ള ബന്ധത്തിലൂടെ വെളിവാക്കപ്പെടുന്നത്.
വഹാബിന്റെ മുത്തച്ഛനായ ബ്യാരി ഗുൽ മുഹമ്മദും ശേഷപ്പ ഭണ്ഡാരിയും തമ്മിലുള്ള കോടതി വ്യവഹാരവുമാണ് ഈ നോവലിന്റെ ഇതിവൃത്തം. വിഭജനകാലത്ത് പാക്കിസ്ഥാനിൽ നിന്ന് നവ് ഖാലി വഴി മധുമതിയുടെ തീരത്തുള്ള ഗംഗാ വാർ എന്ന കാസർകോടൻ പ്രദേശത്ത് എത്തിപ്പെട്ട ഗസൽ ഗായകൻ ഗുൽ മുഹമ്മദിനെ പാക്കിസ്ഥാൻ ചാരനായി ഭരണകൂടം മുദ്രകുത്തുന്നു.തന്റെ സ്നേഹം വീണ് ചുവന്ന മണ്ണിൽ നിന്നും അയാൾക്ക് വേദനയോടെ പലായനം ചെയ്യേണ്ടി വരുന്നു. വേട്ടക്കാരനനുകൂലമായി വിധിയെഴുതുന്ന കോടതി വിമർശനം കൂടിയാണ് ഈ പുസ്തകം.
പലായനം ചെയ്യപ്പെട്ടതിനു ശേഷം ഗുൽ മുഹമ്മദ് ചെറുമകനെഴുതിയ ഹൃദയസ്പർശിയായ ഒരു കത്തുണ്ട്. കാരുണ്യം വറ്റിയിട്ടില്ലാത്ത ഏതൊരാളെയും പിടിച്ചുലയ്ക്കും വിധത്തിലാണ് അതിന്റെ ഭാഷ.രാജീവൻ കാഞ്ഞങ്ങാട് എന്ന എഴുത്തുകാരന് മരണത്തെ വെല്ലുവിളിക്കാൻ ഈ ഒരു നോവൽ മാത്രം മതിയാകും.
ഗുൽ മുഹമ്മദിന്റെ കത്തിനെക്കുറിച്ച് നോവലിൽ ഇങ്ങനെ പറയുന്നു.
" ഇത് അത്രയെളുപ്പം വഴങ്ങുന്ന ഭാഷയല്ല. മനസ്സിലിട്ട് നൂറാവർത്തി വായിക്കണം." ഈ നോവലിനും അത് ചേരും.
പരിമിതമായ സ്ഥലവും സമയവും മാത്രമേ എഴുത്തുകാരന് അനുവദിച്ചു കിട്ടിയിട്ടുള്ളൂ. അതിനകത്തു നിന്ന് എഴുത്തിന്റെ മാന്ത്രികതയിൽ അയാൾ ചങ്ങലാ ബന്ധനം അഴിച്ച് അജയ്യനായി പുറത്തു വരുന്നു. നാവികൻ എന്ന നോവൽ അതിന്റെ സാക്ഷ്യപ്പെടുന്നു.


Saturday, March 11, 2017

ഇംഗ്ലീഷ് മീഡിയം പൊതുവിദ്യാഭ്യാസത്തിന്റെ ശവക്കല്ലറ


      അധിനിവേശത്തിനെതിരെയുള്ള സമരം പ്രകടനങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോവുന്ന ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുകയാണ്. വാക്കുകളെ അതിന്റെ ജീവിത പരിസരത്ത് ജീവിക്കാൻ അനുവദിക്കാതിരിക്കുകയും ജീവനോടെ അതിനെ പിടികൂടി സ്റ്റഫ് ചെയ്ത് ചില്ലരമാരയിൽ സൂക്ഷിക്കുകയും ചെയ്യുന്ന കപട സമൂഹത്തിന് ഏറെക്കാലത്തേക്ക് നിലനിന്ന് മുന്നേറാൻ സാധിക്കില്ല. വാക്കുകൾ പോരാട്ടത്തിന്റെ ആയുധവും അടയാളവുമായി ഹൃദയത്തിൽ നിന്ന് വെളിച്ചം സ്വീകരിച്ച് ജീവിതത്തോടൊപ്പം സമർപ്പിക്കേണ്ടുന്നവയാണ്. വാക്കിന്റെ അർഥം തിരയുന്നത് സമരത്തിന് ആയുധം തിരയുന്നതിന് തുല്യം തന്നെയാണ്.ജീവിതായോധനത്തിന് ഭാഷ മാത്രമാണ് ആയുധം. അധിനിവേശത്തിനെതിരെയുള്ള സമരത്തിലും ഏറ്റവും കരുത്തറ്റ ആയുധം ഭാഷ തന്നെ .
      പൊതു വിദ്യാലയങ്ങൾ അവിടെ ജോലി ചെയ്യുന്ന അധ്യാപകരെ സംരക്ഷിക്കുന്നതിന് മാത്രമാണെന്ന് തെറ്റിദ്ധരിച്ച അധ്യാപകരും പൊതു സമൂഹവുമാണ് കേരളത്തിലുള്ളത്.പൊതു വിദ്യാഭ്യാസത്തിന്റെ തനിമയും ധർമ്മവും കരിയറിസത്തിന്റെ പ്രചരണ കോലാഹലങ്ങൾക്കിടയിൽ സൗകര്യപൂർവ്വം മാറ്റിവെക്കാൻ നാം വ്യഗ്രതപ്പെടുന്നു. ഭാഷയും സംസ്കാരവും ആർക്കും ആവശ്യമില്ലാത്ത ചരക്കാവുന്നു പണം കേന്ദ്രസ്ഥാനത്ത് നിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ.
     നമ്മുടെ ജീവിത പരിസരത്തു നിന്ന് ജീവിതായോധനത്തിനുള്ള ആയുധങ്ങൾ കണ്ടെത്തുന്നതിന് വ്യക്തികൾക്ക് നൽകുന്ന പരിശീലനമാണ് വിദ്യാഭ്യാസം. മാതൃഭാഷയില്ലാതെ ഒരു വ്യക്തിക്ക് എന്ത് വികാസം .എന്ത് ജീവിതം. അമ്മഭാഷയെ സംരക്ഷിക്കാത്തവരെ വൃദ്ധസദനങ്ങളാണ് കാത്തിരിക്കുന്നത്.
      പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതു തന്നെയാണ്. എന്നാൽ ഇംഗ്ലീഷ് മീഡിയമാണ് എന്ന പൊങ്ങച്ചം പറഞ്ഞ് കുട്ടികളെ ആകർഷിക്കാൻ നോക്കുന്നത് മുതലാളിത്തത്തിനുള്ള കൂട്ടിക്കൊടുക്കൽ മാത്രമാണ്.
" പൊൻപണത്തിന് മാനത്തെ വിറ്റ്
നിൻ വയർ നീ നിറയ്ക്കലോ ബാലേ "
എന്ന വൈലോപ്പിള്ളിയുടെ ചോദ്യം ഇവരോടു തന്നെയാണ്. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ആര് നടത്തിയാലും അതിന്റെ ലാഭം ആഗോള മുതലാളിത്തത്തിനാണ്. കച്ചവട വിദ്യാഭ്യാസം കുട്ടികളുടെ ക്രിയാത്മകതയെ വന്ധീകരിച്ച് അവരെ അടിമയന്ത്രങ്ങളാക്കി പരുവപ്പെടുത്തുകയും ചെയ്യുന്നു.
     പൊതുവിദ്യാഭ്യാസം മാനവ മോചനത്തിന്റെ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമാണ്. സ്വാതന്ത്ര്യ സമരത്തിന് ആയുധം തിരഞ്ഞ ഗാന്ധിജി മനുഷ്യന്റെ മോചനം ലക്ഷ്യം വെക്കുന്ന വിദ്യാഭ്യാസത്തിൽ പഠന മാധ്യമം നിർബന്ധമായും മാതൃഭാഷയായിരിക്കണം എന്ന് നിഷ്കർഷിച്ചത് അതു കൊണ്ട് കൂടിയാണ്.
     മുദ്രാവാക്യങ്ങൾ സൂത്രവാക്യങ്ങളാക്കി ജീവിത കരകൗശലത്തിന് ഉപയോഗപ്പെടുത്തുന്ന സമൂഹമാണ് മലയാളിയുടേത്.പൊതു വിദ്യാഭ്യാസ സംരക്ഷണം അവനവന് വേണ്ടുന്ന തടി മാത്രം സംരക്ഷിക്കുന്ന സൂത്രപ്പണിയായി മാറുന്നുണ്ട്. മാതൃഭാഷയെന്ന പച്ചപ്പിന്റെ വിത്ത് സൂക്ഷിപ്പോടെ വിതയ്ക്കുന്ന പരിസ്ഥിതി പ്രവർത്തനം കൂടിയാണ് പൊതുവിദ്യാഭ്യാസസംരക്ഷണം. സാംസ്കാരികപരിസരത്തിന്റെ ജൈവസത്ത സൂക്ഷിക്കുന്ന ഭാഷയില്ലാത്ത പൊതു വിദ്യാഭ്യാസം ശവക്കല്ലറയ്ക്ക് പുറത്ത് കലാപരമായി കൊത്തിവെച്ച വെറും എഴുത്താണ്.